സമയക്രമമായി; മംഗളൂരു-രാമേശ്വരം പ്രതിവാര വണ്ടി വരുന്നു

കണ്ണൂർ: മംഗളൂരു-രാമേശ്വരം-മംഗളൂരു (16622/16621) പ്രതിവാര എക്സ്പ്രസ് റെയിൽവേ പ്രഖ്യാപിച്ചു. സർവീസ് തുടങ്ങുന്ന തീയതി പ്രഖ്യാപിച്ചിട്ടില്ല. ശനിയാഴ്ചകളിൽ മംഗളൂരുവിൽനിന്ന് രാത്രി 7.30-ന് പുറപ്പെടും. ഞായറാഴ്ച രാവിലെ 11.45-ന് രാമേശ്വരത്ത് എത്തും. ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടിന് രാമേശ്വരത്തുനിന്ന് പുറപ്പെടും. തിങ്കളാഴ്ച രാവിലെ 5.50-ന് മംഗളൂരുവിൽ എത്തും.
കാസർകോട്, കണ്ണൂർ, കോഴിക്കോട്, ഷൊർണൂർ, പാലക്കാട്, പൊള്ളാച്ചി, പഴനി, ദിണ്ടിഗൽ, മധുര, രാമനാഥപുരം ഉൾപ്പെടെ 12 സ്റ്റേഷനുകളിൽ നിർത്തും. മലപ്പുറം ജില്ലയിൽ എവിടെയും സ്റ്റോപ്പില്ല. ഏഴ് സ്ലീപ്പർ, നാല് ജനറൽ കോച്ച് ഉൾപ്പെടെ 22 കോച്ചുകളുണ്ട്.
പഴനി, മധുര, ഏർവാഡി തുടങ്ങിയ തീർഥാടന കേന്ദ്രങ്ങളിലേക്കുള്ളവർക്കും പ്രയോജനപ്പെടുന്നതാണ് തീവണ്ടി.