സംസ്ഥാനത്ത്‌ റബറിന്റെ താങ്ങുവില 180 രൂപയാക്കി 

Share our post

സംസ്ഥാനത്ത്‌ റബറിന്റെ താങ്ങുവില 170ൽ നിന്ന്‌ 180 രൂപയാക്കി വർധിപ്പിക്കുമെന്ന ബജറ്റ്‌ പ്രഖ്യാപനം നടപ്പാക്കി എൽ.ഡി.എഫ്‌ സർക്കാർ. റബർ ഇൻസെന്റീവ്‌ പദ്ധതിയിൽ ലക്ഷക്കണക്കിന്‌ കർഷകർക്ക്‌ ഗുണകരമാകുന്നതാണ്‌ നടപടി. ഇതിനായി 24.48 കോടി രൂപകൂടി അനുവദിച്ചിട്ടുണ്ട്‌.

റബറിന്റെ വിലയിടിവ്‌ പ്രതിസന്ധിയായപ്പോഴാണ്‌ 2021ൽ അന്നത്തെ ധനമന്ത്രി ടി.എം. തോമസ്‌ ഐസക്‌ ബജറ്റിൽ 170 രൂപ താങ്ങുവില പ്രഖ്യാപിച്ചത്‌. വിപണിവില ഇതിൽ കുറവായാൽ, ബാക്കി തുക സർക്കാർ സബ്‌സിഡിയായി നൽകുന്നതാണ്‌ പദ്ധതി. ഈവർഷം ധനമന്ത്രി കെ.എൻ. ബാലഗോപാൽ പത്ത് രൂപകൂടി വർധിപ്പിച്ചു. കേന്ദ്രം സഹായിച്ചാൽ 250 രൂപയാക്കാമെന്ന്‌ സംസ്ഥാനം അറിയിച്ചിരുന്നു. എന്നാൽ, റബർ എന്ന വാക്കുപോലുമില്ലാത്ത കേന്ദ്ര ബജറ്റ്‌ തിരിച്ചടിയായി.

സംസ്ഥാന മാതൃകയിൽ കേന്ദ്രം താങ്ങുവില പ്രഖ്യാപിക്കണമെന്ന ആവശ്യം കേന്ദ്രം പരിഗണിക്കുന്നില്ല. വ്യാവസായിക വിളയാണെന്നാണ്‌ കാരണമായി പറയുന്നത്‌. അനിയന്ത്രിത ഇറക്കുമതി തടയാൻ ചുങ്കം വർധിപ്പിക്കുക, റബറിനെ കാർഷികവിളയായി പ്രഖ്യാപിക്കുക എന്നീ ആവശ്യങ്ങളിലും നടപടിയില്ല. വളം സബ്‌സിഡിയും കേന്ദ്രം നിർത്തിവെച്ചു. അന്താരാഷ്‌ട്ര വിപണിയിൽ വില വർധിച്ചിട്ടുണ്ടെങ്കിലും ഇന്ത്യയിലെ കർഷകന്‌ ഗുണം ലഭിക്കുന്നില്ല.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!