നഴ്‌സിങ് പ്രവേശനപരീക്ഷ വേണ്ടെന്നുെവച്ച് സർക്കാർ

Share our post

തിരുവനന്തപുരം: ഇക്കുറി ബി.എസ്‌സി. നഴ്‌സിങ് പ്രവേശനപരീക്ഷ വേണ്ടെന്നുെവച്ച് സംസ്ഥാനസർക്കാർ. ഇക്കാര്യത്തിൽ കൂടുതൽ ആലോചനകൾ വേണമെന്നാണ് ആരോഗ്യവകുപ്പ് അധികൃതർ പറയുന്നത്. ദേശീയ നഴ്‌സിങ് കൗൺസിൽ കഴിഞ്ഞവർഷംതന്നെ നിർദേശിച്ചിരുന്നെങ്കിലും ഇനിയും പല സംസ്ഥാനവും എൻട്രൻസ് പരീക്ഷ ഏർപ്പെടുത്തിയിട്ടില്ല.

നഴ്‌സിങ് കൗൺസിൽ നിർദേശത്തെത്തുടർന്ന് പ്രവേശനപരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും ഇത്തവണ നഴ്‌സിങ് പ്രവേശനമെന്ന് നേരത്തേ ആരോഗ്യമന്ത്രി അറിയിച്ചിരുന്നതാണ്. ഇതുസംബന്ധിച്ച ഫയൽ ആരോഗ്യമന്ത്രിയുടെ ഓഫീസിൽ എത്തിയിരുന്നെങ്കിലും പരീക്ഷനടത്തിപ്പ് ഏത് ഏജൻസിയെ ഏൽപ്പിക്കണം എന്നതടക്കമുള്ള കാര്യങ്ങളിൽ തീരുമാനമെടുത്തിരുന്നില്ല.

പ്രവേശനപരീക്ഷയുടെ അടിസ്ഥാനത്തിലല്ലാതെ നടത്തുന്ന കോഴ്‌സുകൾക്ക് അംഗീകാരം നൽകില്ലെന്നും കുട്ടികൾക്ക് രജിസ്‌ട്രേഷൻ അനുവദിക്കില്ലെന്നുമായിരുന്നു ദേശീയ നഴ്‌സിങ് കൗൺസിൽ അറിയിച്ചിരുന്നത്. കഴിഞ്ഞവർഷം പ്രവേശനനടപടികൾ തുടങ്ങിയതിനാൽ ഇളവ് തേടുകയായിരുന്നു.

പ്ലസ്ടു മാർക്കിന്റെ അടിസ്ഥാനത്തിൽ തയ്യാറാക്കുന്ന റാങ്ക് ലിസ്റ്റിൽനിന്ന് എൽ.ബി.എസ്. സെന്ററാണ് നിലവിൽ പ്രവേശനനടപടികൾ പൂർത്തിയാക്കുന്നത്. സർക്കാർ കോളേജുകളിലെ മുഴുവൻ സീറ്റിലും സ്വാശ്രയ കോളേജുകളിലെ പകുതി സർക്കാർ സീറ്റുകളിലേക്കുമാണ് ഈ റാങ്ക് ലിസ്റ്റിൽനിന്ന് കുട്ടികളെ അലോട്ട്ചെയ്യുന്നത്.

അസോസിയേഷനുകൾ പിന്മാറി

മാനേജ്‌മെന്റ് സീറ്റുകളിലേക്ക് സ്വകാര്യ നഴ്‌സിങ് കോളേജ് മാനേജ്‌മെന്റ് അസോസിയേഷനുകൾ പ്രത്യേകം റാങ്ക് ലിസ്റ്റ് തയ്യാറാക്കിയാണ് പ്രവേശനം നടത്തിയിരുന്നത്. ഇക്കുറി അസോസിയേഷന്റെ നേതൃത്വത്തിൽ റാങ്ക് ലിസ്റ്റ് തയ്യാറാക്കി കേന്ദ്രീകൃത പ്രവേശനം നടത്തേണ്ടതില്ലെന്ന് അസോസിയേഷനുകൾ തീരുമാനിച്ചിട്ടുണ്ട്.

അപേക്ഷാഫീസിന് ജി.എസ്.ടി. നൽകണമെന്ന് സർക്കാർ നിലപാടെടുത്തതോടെയാണിത്. മാനേജ്‌മെന്റ് സീറ്റുകളിൽ പ്രവേശനം ലഭിക്കണമെങ്കിൽ ഇക്കുറി വിദ്യാർഥികൾ അതത് കോളേജുകളിൽ അപേക്ഷ നൽകേണ്ടിവരും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!