നിങ്ങളുടെ സ്ഥാനാര്‍ഥിക്ക് ക്രിമിനല്‍ പശ്ചാത്തലമുണ്ടോ? അറിയാം ആപ്പ് വഴി

Share our post

ന്യൂഡല്‍ഹി: രാജ്യം തിരഞ്ഞെടുപ്പ് ചൂടിലേക്ക് കടക്കുമ്പോള്‍ സ്ഥാനാര്‍ഥികളുടെ ക്രിമിനല്‍ പശ്ചാത്തലമടക്കം വോട്ടര്‍മാര്‍ക്ക് പരിശോധിക്കാന്‍ അവസരമൊരുങ്ങുന്നു. ഇതിനായി ‘Know Your Candidate’ (KYC) എന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കിയിരിക്കുകയാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍. തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനത്തിനിടെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാര്‍ കഴിഞ്ഞദിവസമാണ് ആപ്പ് സംബന്ധിച്ച വിവരം പുറത്തുവിട്ടത്.

ഓരോ മണ്ഡലങ്ങളിലും മത്സരിക്കുന്ന സ്ഥാനാര്‍ഥികളുടെ ക്രിമിനല്‍ പശ്ചാത്തലം, സ്വത്ത്, ബാധ്യതകള്‍ എന്നിവ വോട്ടര്‍മാര്‍ക്ക് ആപ്പിലൂടെ അറിയാനാകും. സ്ഥാനാര്‍ഥികളുടെ ക്രിമിനല്‍ റെക്കോര്‍ഡുകളും സാമ്പത്തിക സ്ഥിതിയും വോട്ടര്‍മാര്‍ക്ക് സ്വതന്ത്രമായി പരിശോധിക്കാനാകുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷണര്‍ അറിയിച്ചു. ഗൂഗില്‍ പ്ലേ സ്റ്റോറിലും ആപ്പിള്‍ ആപ്പ് സ്റ്റോറിലും ആപ്ലിക്കേഷന്‍ ലഭ്യമാണ്.

ആപ്പിന്റെ സവിശേഷതകള്‍

വോട്ടര്‍മാര്‍ക്ക് സ്ഥാനാര്‍ഥികളുടെ പേര് ടൈപ്പ് ചെയ്ത് വിവരങ്ങള്‍ നേരിട്ട് മനസ്സിലാക്കാം
സ്ഥാനാര്‍ഥിക്ക് എതിരെയുള്ള ക്രിമിനല്‍ കേസുകളുടെ സ്ഥിതി എന്തെന്ന് അറിയാം
സ്ഥാനാര്‍ഥിക്കുമേല്‍ ചുമത്തപ്പെട്ട കുറ്റത്തിന്റെ സ്വഭാവം എന്താണെന്ന് മനസ്സിലാക്കാം
സ്ഥാനാര്‍ഥികളുടെ മുന്‍കാല ക്രിമിനല്‍ പശ്ചാത്തലം അറിയാം ഏപ്രില്‍ 19-ന് ആരംഭിച്ച് ജൂണ്‍ ഒന്നു വരെ ഏഴ് ഘട്ടങ്ങളിലായിട്ടായിട്ടാണ് 543 മണ്ഡലങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ്. ജൂണ്‍ നാലിന് ആണ് വോട്ടെണ്ണല്‍. ഏപ്രില്‍ 19-ന് ആണ് ഒന്നാം ഘട്ടം.

രണ്ടാം ഘട്ടം ഏപ്രില്‍ 26-ന് നടക്കും. മേയ് ഏഴിനാണ് മൂന്നാംഘട്ടം. മേയ് 13-ന് നാലാം ഘട്ടവും മേയ് 20-ന് അഞ്ചാം ഘട്ടവും നടക്കും. മേയ് 25-ന് ആണ് ആറാം ഘട്ടം. ജൂണ്‍ ഒന്നിന് ഏഴാം ഘട്ടത്തോടെ തിരഞ്ഞെടുപ്പ് പൂര്‍ത്തിയാകും. ആന്ധ്രാപ്രദേശ്, അരുണാചല്‍ പ്രദേശ്, ഒഡിഷ, സിക്കിം എന്നീ നാല് സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാ തിരഞ്ഞെടുപ്പും ഇതോടൊപ്പം നടക്കും. കഴിഞ്ഞ തവണയും ഏഴ് ഘട്ടങ്ങളിലായിട്ടായിരുന്നു വോട്ടെടുപ്പ്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!