റബ്ബറില്‍ തുറുപ്പുചീട്ടിറക്കി മുന്നണികള്‍; കേരളം പിടിക്കാന്‍ പ്രധാന ചേരുവ

തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിനു തൊട്ടുമുമ്പ് വലിഞ്ഞുമുറുകി റബ്ബര്‍രാഷ്ട്രീയം. കര്‍ഷകന്റെ കണ്ണീരുകണ്ടിട്ടും ഇതേവരെ പ്രതികരിക്കാതിരുന്ന രാഷ്ട്രീയ, ഭരണ നേതൃത്വങ്ങള്‍ മാര്‍ച്ച് 16-ന് തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമെന്ന് അറിഞ്ഞതോടെ റബ്ബര്‍മരങ്ങളിലേക്ക് കണ്ണുവെച്ചു. ഇക്കാര്യത്തില്‍ കേന്ദ്രവും കേരളവും മോശമായില്ല.
തിരഞ്ഞെടുപ്പ് കമ്മിഷന്റെ പ്രഖ്യാപനം വരുന്നതിന് മണിക്കൂറുകള്‍ മുമ്പാണ് താങ്ങുവിലയിലെ സംസ്ഥാനത്തിന്റെ ഇടപെടല്‍. ബജറ്റില്‍ പറഞ്ഞ 180 രൂപയെന്ന താങ്ങുവില ഏപ്രില്‍ ഒന്നിന് നിലവില്‍വരുത്താനുള്ള ഉത്തരവിറക്കി. സാധാരണ വിലസ്ഥിരതാ ഫണ്ടിന്റെ ഒരു സീസണ്‍ തുടങ്ങുന്നത് ജൂലായ് ഒന്നുമുതലാണ്. ശനിയാഴ്ചത്തെ ഉത്തരവോടെ ഇത് ഏപ്രില്‍ ഒന്നുമുതലായി.
വിലസ്ഥിരതാ ഫണ്ടില്‍ കുടിശ്ശികയുള്ള 24.48 കോടിയും അനുവദിച്ചു. റബ്ബര്‍ബോര്‍ഡ് അംഗീകരിച്ച 1.50 ലക്ഷം ബില്ലുകളുടെ തുകയാണിതെന്നാണ് ധനവകുപ്പ് പറയുന്നത്. നവംബര്‍വരെയുള്ള ബില്ലുകളാണ് സര്‍ക്കാരിലേക്ക് പോയത്. മാര്‍ച്ചുവരെയുള്ള കുടിശ്ശികയായ 30 കോടി നവംബറില്‍ അനുവദിച്ചിരുന്നു. ശേഷമുള്ള ബില്ലിന്റെ പണം കാത്തിരിക്കേയാണ് തിരഞ്ഞെടുപ്പുകാലം വന്നതും പണം അനുവദിച്ചതും. ഡിസംബര്‍മുതലുള്ള പണം ഇനിയും ബാക്കിയുണ്ട്. ബില്ലുകള്‍ ബോര്‍ഡിന്റെ ഫീല്‍ഡ് ഓഫീസിന്റെ അംഗീകാരം കാത്തിരിക്കുന്നു.
സംസ്ഥാന സര്‍ക്കാരിനു മുന്നേ ഓടിയ കേന്ദ്രസര്‍ക്കാര്‍ വെള്ളിയാഴ്ച കയറ്റുമതിക്കാരുടെ യോഗം വിളിച്ചുചേര്‍ത്ത് സഹായം പ്രഖ്യാപിച്ചു. ഒരു കിലോഗ്രാം കയറ്റുമതിക്ക് അഞ്ചുരൂപയാണ് കിട്ടുക. ജൂണ്‍ 30 വരെയാണ് ഈ ആനുകൂല്യം. ആഭ്യന്തരവില അന്താരാഷ്ട്ര വിലനിലവാരത്തിലേക്ക് എത്തിക്കാനാണ് ഈ സഹായം. റബ്ബറില്‍ മറ്റു ചില ആനുകൂല്യങ്ങള്‍ കേന്ദ്രം നേരത്തേ പ്രഖ്യാപിച്ചിരുന്നു.
കേരളം പിടിക്കാന്‍ റബ്ബറും ചേരുവയാണെന്ന് ബി.ജെ.പി.ക്ക് ബോധ്യപ്പെട്ടതോടെയാണ് റബ്ബറിലെ ബജറ്റുവിഹിതം പൊടുന്നനെ കൂട്ടിയത്.
കേന്ദ്രത്തിന്റെ നിസ്സഹകരണമാണ് താങ്ങുവില കൂട്ടാന്‍ തടസ്സമെന്നാണ് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടത്. വിലസ്ഥിരതയിലേക്ക് അനുവദിച്ച കോടികളുടെ കണക്കും മുന്നോട്ടുവെച്ചു. വില 250 രൂപയാക്കാന്‍ ഉറപ്പുകിട്ടിയാലേ താന്‍ മത്സരിക്കൂ എന്നാണ് ബി.ഡി.ജെ.എസ്. പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി കഴിഞ്ഞദിവസം പറഞ്ഞത്. ഉറപ്പ് കിട്ടിയെന്ന് അദ്ദേഹം ശനിയാഴ്ച അവകാശപ്പെട്ടു.
250 രൂപ താങ്ങുവില എത്തിക്കുമെന്ന കഴിഞ്ഞതിരഞ്ഞെടുപ്പിലെ വാഗ്ദാനം ആവര്‍ത്തിച്ച് കോണ്‍ഗ്രസും റബ്ബറിലെ മത്സരത്തില്‍ സാന്നിധ്യമുറപ്പിച്ചു.