സംസ്ഥാനത്ത് 406 കിലോമീറ്റര്‍ നീർച്ചാൽ വീണ്ടെടുത്തു

തിരുവനന്തപുരം: ഉരുള്‍പൊട്ടല്‍പോലുള്ള പ്രകൃതിദുരന്തങ്ങളെ നേരിടാനും ജലം സംരക്ഷിക്കാനുമുള്ള പ്രവര്‍ത്തനത്തിന്റെ ഭാഗമായി പശ്ചിമഘട്ട മേഖലയില്‍ കണ്ടെത്തിയ 10,133 നീര്‍ച്ചാലുകളില്‍ 406.14 കിലോമീറ്റര്‍ വീണ്ടെടുത്തു. നവകേരളം മിഷന്‍ വിവിധമേഖലയിലുള്ളവരെ പങ്കാളികളാക്കി ഒരുവര്‍ഷമെടുത്താണ് മാപ്പത്തണിലൂടെ നീര്‍ച്ചാലുകള്‍ വീണ്ടെടുത്തത്. സംരക്ഷണം ഉള്‍പ്പെടെയുള്ള തുടര്‍പ്രവര്‍ത്തനങ്ങള്‍ക്ക് തദ്ദേശസ്ഥാപനങ്ങള്‍ കര്‍മപദ്ധതി നടപ്പാക്കും.
തുടക്കത്തില്‍ പശ്ചിമഘട്ടത്തോടുചേര്‍ന്ന 230 ഗ്രാമപ്പഞ്ചായത്തുകളിലായിരുന്നു മാപ്പത്തണ്‍. തിരുവനന്തപുരം, മലപ്പുറം ജില്ലകളില്‍ നടക്കാനുണ്ട്. ഉരുള്‍പൊട്ടലും മറ്റു പ്രകൃതിദുരന്തങ്ങളും നേരിട്ട പ്രദേശങ്ങളിലായിരുന്നു ആദ്യസര്‍വേ. നീര്‍ച്ചാല്‍ വൃത്തിയാക്കി വെള്ളമൊഴുക്ക് സുഗമമാക്കുകയാണ് ലക്ഷ്യം. ഇതിലൂടെ ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും തടയാനാകും.
മാപ്പത്തണ്‍ വിവരം തദ്ദേശസ്ഥാപനങ്ങള്‍ക്ക്
ഹരിതകേരളം മിഷനിലെ റിസോഴ്സ് പേഴ്സണ്‍, ഇന്റേണുകള്‍, യുവ പ്രൊഫഷണലുകള്‍, തൊഴിലുറപ്പ് തൊഴിലാളികള്‍ എന്നിവര്‍ മുഖേന കണ്ടെത്തിയതും വീണ്ടെടുത്തതുമായ നീര്‍ച്ചാലുകളുടെ വിവരം തദ്ദേശസ്ഥാപനങ്ങള്‍ക്ക് കൈമാറി. സംരക്ഷണത്തിനു മുന്‍ഗണന തദ്ദേശസ്ഥാപനങ്ങളാണ് നിശ്ചയിക്കുക. കൊല്ലം ജില്ലയിലെ അലയമണ്‍ പഞ്ചായത്ത് നീര്‍ച്ചാല്‍ വീണ്ടെടുക്കലില്‍ ഏറ്റവും മുന്നിലെത്തി. സുരക്ഷിതമാക്കാം പശ്ചിമഘട്ടം കാമ്പയിന്റെ ഭാഗമായി സാറ്റലൈറ്റ് ചിത്രങ്ങള്‍ പരിശോധിച്ചാണ് മലകളും കുന്നുകളും ഉള്‍പ്പെടെയുള്ള ദുര്‍ഘടപ്രദേശങ്ങളില്‍ നേരിട്ടെത്തി വിവരം ശേഖരിച്ചത്. റീബില്‍ഡ് കേരള ഇനിഷ്യേറ്റീവ്, ഐ.ടി. മിഷനുകീഴിലുള്ള ഐസിഫോസ് തുടങ്ങിയവയുടെ സഹായമുണ്ടായി.
തുടര്‍പ്രവര്‍ത്തനം വിപുലമാക്കും
-ഡോ. ടി.എന്‍. സീമ, സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍, നവകേരളം കര്‍മപദ്ധതി.