മട്ടന്നൂർ : ഉരുവച്ചാൽ കേന്ദ്രീകരിച്ച് ഭിന്നശേഷി വിദ്യാർഥികൾക്കുള്ള ഡിഫറന്റ് ആർട്‌സ് സെന്റർ ആൻഡ് കൾച്ചറൽ കോംപ്ലക്സ് നിർമിക്കാൻ നടപടികൾ പുരോഗമിക്കുന്നു. ഭിന്നശേഷിയുള്ള കുട്ടികളുടെ കഴിവുകൾ വികസിപ്പിക്കുന്നതിനും അവരെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനുമായാണ് കൾച്ചറൽ ആൻഡ് ഡിഫറൻസ് ആർട്‌സ് സെന്റർ നിർമിക്കുന്നത്. കലാകാരൻമാർക്ക് കല അഭ്യസിക്കാനുള്ള കലാകേന്ദ്രം, സർക്കസ് പെർഫോമൻസ് തിയേറ്റർ എന്നിവയും പദ്ധതിയുടെ ഭാഗമായി വരും.
കഴിഞ്ഞ സംസ്ഥാന ബജറ്റിൽ അഞ്ചുകോടി രൂപയാണ് സാംസ്കാരിക കേന്ദ്രത്തിനായി വകയിരുത്തിയത്. കൾച്ചറൽ സെന്റർ നിർമാണം വേഗത്തിലാക്കാൻ നടപടി സ്വീകരിക്കുമെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ നിയമസഭയിൽ പറഞ്ഞിരുന്നു. കെ.കെ. ശൈലജ ഉന്നയിച്ച ചോദ്യത്തിന് മറുപടിയായാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.
ആറ് കോടിയോളം രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ആദ്യഘട്ടത്തിൽ 300 പേർക്ക് ഇരിക്കാൻ കഴിയുന്ന ഓഡിറ്റോറിയം ഓപ്പൺ സ്റ്റേജ്, ഗ്രൗണ്ട്, ടോയ്‌ലറ്റ് ബ്ലോക്ക്, ചുറ്റുമതിൽ, ഗേറ്റ് തുടങ്ങിയവയാണ് നിർമിക്കുക. പദ്ധതിരേഖ തയ്യാറാക്കി നൽകിക്കഴിഞ്ഞു. ധനവകുപ്പിന്റെ അംഗീകാരം ലഭിച്ചാൽ എത്രയുംവേഗം നിർമാണം തുടങ്ങുമെന്നുമാണ് മന്ത്രി അറിയിച്ചത്.
ഉരുവച്ചാൽ കോട്ടാനിക്കുന്നിൽ രണ്ടേക്കറോളം സ്ഥലത്താണ് കോംപ്ലക്സ് നിർമിക്കുന്നത്. മന്ത്രി സജി ചെറിയാന്റെ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞ മാർച്ചിൽ സ്ഥലം സന്ദർശിച്ചിരുന്നു. പദ്ധതിക്കായി കുറച്ചുകൂടി സ്ഥലം ആവശ്യമായിവരും. ഇത് വാങ്ങുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നുണ്ട്.
പഴശ്ശിയിൽ ഭിന്നശേഷി വിദ്യാർഥികൾക്കുള്ള മാതൃകാ ശിശു പുനരധിവാസ കേന്ദ്രത്തിന്റെ നിർമാണം പൂർത്തിയാക്കി ഉദ്ഘാടനംചെയ്തുകഴിഞ്ഞു. ഇതോടൊപ്പമാണ് ഭിന്നശേഷിക്കാർക്കായി അന്താരാഷ്ട്ര നിലവാരമുള്ള മറ്റൊരു കേന്ദ്രം കൂടി സ്ഥാപിക്കുന്നത്.
പട്ടികജാതിക്കാർക്ക് ഓഡിറ്റോറിയം പണിയുന്നതിന് നഗരസഭ വാങ്ങിയ സ്ഥലം കൾച്ചറൽ സെന്ററിന് വിട്ടുനൽകാൻ തീരുമാനിച്ചിട്ടുണ്ട്. ഇവിടെ ഓഡിറ്റോറിയം നിർമിക്കാൻ കഴിയില്ലെന്ന് പട്ടികജാതി വകുപ്പ് അറിയിച്ച സാഹചര്യത്തിലാണിത്. സ്ഥലം സാംസ്കാരിക വകുപ്പിന് വിട്ടുനൽകാൻ സർക്കാരിന്റെ അനുമതി തേടുന്നതിന് കഴിഞ്ഞദിവസം നഗരസഭാ കൗൺസിൽ യോഗം തീരുമാനമെടുത്തിരുന്നു. ഇക്കാര്യം ആവശ്യപ്പെട്ട് കെ.കെ. ശൈലജ എം.എൽ.എ. നഗരസഭയ്ക്ക് കത്ത് നൽകിയിരുന്നു.
സ്ഥലം വകമാറ്റുന്നതിൽ എതിർപ്പുയർത്തി പ്രതിപക്ഷം
പട്ടികജാതി വികസനത്തിനുള്ള പ്രത്യേക ഘടക പദ്ധതി പ്രകാരമുള്ള ഫണ്ട് ഉപയോഗിച്ച് വാങ്ങിയ സ്ഥലം വകമാറ്റുന്നതിൽ എതിർപ്പുമായി പ്രതിപക്ഷം രംഗത്തുണ്ട്. കൗൺസിൽ യോഗത്തിൽ പ്രതിപക്ഷ കൗൺസിലർമാർ വിയോജനക്കുറിപ്പ് നൽകിയിരുന്നു.
2016-ൽ സി.പി.എം. ഏരിയാ കമ്മിറ്റിയുടെ ഉടമസ്ഥതയിലുള്ള 36 സെന്റ് സ്ഥലം നഗരസഭ വാങ്ങിയതിൽ ക്രമക്കേടുണ്ടെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു.
കളക്ടർ നിശ്ചയിച്ച തുകയിൽ കൂടുതൽ നൽകി സ്ഥലം വാങ്ങിയതിൽ നഗരസഭയ്ക്ക് ആറ് ലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്നും ഇത് ഓഡിറ്റ് വിഭാഗം ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്നുമാണ് യു.ഡി.എഫ്. കൗൺസിലർമാർ പറയുന്നത്.
ഇക്കാര്യങ്ങൾ നിലനിൽക്കെ പട്ടികജാതി ഫണ്ട് ഉപയോഗിച്ച് വാങ്ങിയ സ്ഥലം വകമാറ്റുന്നതിനെയാണ് എതിർക്കുന്നത്.