കളിക്കുന്നതിനിടെ മതിലിടിഞ്ഞു വീണ് അഞ്ച് വയസ്സുകാരൻ മരിച്ചു

മുറ്റത്ത് കളിക്കുന്നതിനിടെ മതിൽ ഇടിഞ്ഞ് റോഡിലേക്ക് തലയടിച്ച് വീണ് അഞ്ചു വയസ്സുകാരൻ മരിച്ചു. വല്ലച്ചിറ കൂടലിവളപ്പിൽ അനിൽ കുമാറിന്റെയും ലിന്റയുടെയും മകൻ അനശ്വർ ആണ് മരിച്ചത്. വല്ലച്ചിറ യു,പി സ്കൂളിലെ യു,കെ,ജി വിദ്യാർഥിയാണ്.
വെള്ളി വൈകിട്ടാണ് സംഭവം. വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരുന്ന അനശ്വർ അപ്പുറത്ത് കളിച്ചു കൊണ്ടിരുന്ന കുട്ടികളെ കാണുന്നതിന് മതിലിൽ പിടിച്ച് എത്തിനോക്കുന്നതിനിടെ ജീർണാവസ്ഥയിലായിരുന്ന മതിലിന്റെ ഒരു ഭാഗം ഇടിഞ്ഞു വീണു. ഒപ്പം അനശ്വറും റോഡിലേക്ക് പതിച്ചു. തലക്ക് പരിക്കേറ്റ കുട്ടിയെ ചേർപ്പിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ശനിയാഴ്ച വീട്ടുവളപ്പിൽ സംസ്കരിക്കും. സഹോദരി: ആരാധ്യ.