Connect with us

Kerala

കെ-റൈസ്;ഒറ്റ ദിവസം, വിതരണം ചെയ്തത് 195 ടൺ, ആദ്യഘട്ടത്തിൽ പർച്ചയ്സ് ചെയ്തത് 2000 മെട്രിക് ടൺ അരി

Published

on

Share our post

സംസ്ഥാന സര്‍ക്കാര്‍ സപ്ലൈകോ വഴി ശബരി കെ-റൈസ് ബ്രാന്‍ഡില്‍ വിപണിയില്‍ എത്തിക്കുന്ന അരിയുടെ വിതരണം പുരോഗമിച്ച് വരുന്നതായി മന്ത്രി ജി.ആര്‍. അനില്‍. ഇതുവരെ 39,053 റേഷന്‍ കാര്‍ഡ് ഉടമകള്‍ ശബരി കെ-റൈസ് സപ്ലൈകോ ഔട്ട് ലെറ്റുകളില്‍ നിന്നും കൈപ്പറ്റി. 195 ടണ്‍ അരിയാണ് ഇതുവരെ ഉപഭോക്താക്കള്‍ക്ക് വിതരണം ചെയ്തത്. ആദ്യഘട്ടമായി രണ്ടായിരം മെട്രിക് ടണ്‍ അരിയാണ് ശബരി കെ-റൈസിനായി പര്‍ച്ചയ്സ് ചെയ്തത്. ഇതില്‍ 1100 മെട്രിക് ടണ്‍ അരി സപ്ലൈകോയുടെ 56 ഡിപ്പോകളിലുമായി എത്തിക്കഴിഞ്ഞു. ശനിയാഴ്ചയ്ക്കുള്ളില്‍ മുഴുവന്‍ അരിയും വിതരണത്തിനായി ലഭ്യമാകുന്നതാണെന്ന് മന്ത്രി അറിയിച്ചു.

സപ്ലൈകോയുടെ 1600 ലധികം വില്‍പനശാലകളിലൂടെയാണ് ശബരി കെ- റൈസ് വിതരണം ചെയ്യുന്നത്. 1150 ലധികം വില്‍പനശാലകളിലും ശബരി കെ റൈസ് എത്തിക്കഴിഞ്ഞു. അതായത് സപ്ലൈകോയുടെ 70% ഔട്ട് ലെറ്റുകളിലൂടെയും ശബരി കെ-റൈസ് വിതരണം തുടങ്ങിക്കഴിഞ്ഞു. എല്ലാ ഔട്ട് ലെറ്റുകളിലും നാളെ ഉച്ചയോടെ ശബരി കെ-റൈസ് ലഭ്യമാകും. മറ്റു സബ്‌സിഡി സാധനങ്ങളും സപ്ലൈകോ വില്‍പനശാലകളിലെത്തിക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ട്.

ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നതിനായി സബ്‌സിഡി ഇതര ഇനങ്ങള്‍ക്കും ഓഫറുകള്‍ നല്‍കിക്കൊണ്ട് ‘സപ്ലൈകോ ഗോള്‍ഡന്‍ ഓഫര്‍’ എന്ന പേരില്‍ ഒരു പുതിയ സ്‌കീം ആവിഷ്‌കരിച്ചിട്ടുണ്ട്. വെള്ളക്കടല, ഉലുവ, ഗ്രീന്‍പീസ്, കടുക്, പിരിയന്‍ മുളക് തുടങ്ങിയ 15 ഇനം സബ്‌സിഡിയിതര ഉല്‍പ്പന്നങ്ങള്‍ക്ക് ഈ സ്‌കീം പ്രകാരം പൊതു വിപണിയില്‍ നിന്നും 15 മുതല്‍ 30% വരെ വിലക്കുറവാണ് നല്‍കുന്നതെന്നും മന്ത്രി അറിയിച്ചു.

സപ്ലൈകോയുടെ സ്വന്തം ബ്രാന്‍ഡ് ശബരിയുടെ ആയ 10 ജനപ്രിയ ഉല്‍പ്പന്നങ്ങള്‍ക്കും, പൊതുജനങ്ങള്‍ കൂടുതലായി ഉപയോഗിക്കുന്ന ബ്രാന്‍ഡുകളുടെ ഇരുപതില്‍പരം ഉല്‍പ്പന്നങ്ങള്‍ക്കും ഗോള്‍ഡന്‍ ഓഫറിലൂടെ വന്‍ വിലക്കുറവ് നല്‍കുന്നുണ്ട്. ഇത്തരം എഫ്.എം.സി.ജി ഉല്‍പ്പന്നങ്ങള്‍ക്ക് എം.ആര്‍.പിയെക്കാള്‍ 10 മുതല്‍ 50 ശതമാനം വരെ വിലക്കുറവ് നല്‍കുന്നുണ്ട്. റേഷന്‍ വ്യാപാരികളുടെ ജനുവരി മാസത്തെ കമ്മീഷന്‍ വിതരണം ചെയ്യുന്നതിന് തുക അനുവദിച്ചിട്ടുണ്ട്. ട്രാന്‍സ്പോര്‍ട്ടേഷന്‍ കരാറുകാര്‍ക്ക് 2023 ഡിസംബര്‍, 2024 ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ നല്‍കാനുള്ള തുക സപ്ലൈകോയ്ക്ക് സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.


Share our post

Kerala

യുവതലമുറയുടെ സദാചാര ചിന്ത വ്യത്യസ്തം; വിവാഹവാഗ്ദാനംനല്‍കി പീഡിപ്പിച്ചെന്ന കേസില്‍ സുപ്രീംകോടതി

Published

on

Share our post

ഒരു പുരുഷന്‍ വിവാഹം കഴിക്കാം എന്ന് വാഗ്ദാനം നല്‍കുമ്പോള്‍ത്തന്നെ അയാള്‍ എന്തെങ്കിലും കാരണത്താല്‍ ആ തീരുമാനം മാറ്റാനുള്ള സാഹചര്യം കൂടി സ്ത്രീകള്‍ മുന്നില്‍ക്കാണേണ്ടത് അനിവാര്യമെന്ന് സുപ്രീംകോടതി. വിവാഹവാഗ്ദാനം നല്‍കി പീഡനം നടത്തി എന്ന ആരോപണം ഉണ്ടായ ഒരു കേസില്‍ വാദം കേള്‍ക്കവെയാണ് ബുധനാഴ്ച കോടതി ഈ അഭിപ്രായപ്രകടനം നടത്തിയത്. വിവാഹം കഴിക്കാം എന്ന് വാഗ്ദാനം നല്‍കിയാലുടന്‍ പുരുഷന് തന്റെമേല്‍ എല്ലാവിധ സ്വാതന്ത്ര്യവും അനുവദിച്ചുനല്‍കുന്നത് എന്ത് ചിന്തയുടെ അടിസ്ഥാനത്തിലാണെന്നും കോടതി ചോദിച്ചു.നേരത്തെ വിവാഹം ഉറപ്പിച്ചിരുന്ന പെണ്‍കുട്ടി, വിവാഹത്തില്‍ നിന്നും പിന്മാറിയ പുരുഷനെതിരെ നല്‍കിയ ലൈംഗിക പീഡന പരാതിയില്‍ വാദം കേള്‍ക്കുകയായിരുന്നു കോടതി. രണ്ട് വ്യക്തികള്‍ തമ്മിലുള്ള പ്രണയബന്ധം തകരുന്ന സംഭവങ്ങളിലെല്ലാം, അവര്‍ തമ്മിലുണ്ടായിരുന്ന ലൈംഗികബന്ധം പങ്കാളിയുടെ നിര്‍ബന്ധം മൂലമുണ്ടായതായിരിക്കും എന്ന് തീര്‍ച്ചപ്പെടുത്താനാവില്ല. പരസ്പരസമ്മതത്തോടെയാണ് ഇത്തരം കാര്യങ്ങള്‍ നടക്കുന്നതെങ്കിലും സമൂഹത്തിന്റെ മുന്‍വിധിമൂലം മിക്കപ്പോഴും പുരുഷന്മാരാണ് പ്രതിസ്ഥാനത്ത് എത്തുന്നത്. എന്നാലിത് എല്ലായിപ്പോഴും അംഗീകരിക്കാനാവില്ലെന്നു സുപ്രീംകോടതി വ്യക്തമാക്കി.ജസ്റ്റിസ് എംഎം സുന്ദരേഷ്, ജസ്റ്റിസ് രാജേഷ് ബിന്ദല്‍ എന്നിവരടങ്ങിയ ബെഞ്ചാണ് കേസില്‍ വാദം കേട്ടത്. സദാചാരം അടക്കമുള്ള കാര്യങ്ങളിലുള്ള ഇന്നത്തെ ലോകത്തിന്റെ കാഴ്ചപ്പാട് പരിശോധിക്കുമ്പോള്‍, പെണ്‍കുട്ടികള്‍ കുറച്ചുകൂടി ചിന്താശേഷി ഉള്ളവരായിരിക്കണം എന്ന് ബെഞ്ച് അഭിപ്രായപ്പെട്ടു. വിവാഹം തീരുമാനിക്കുന്നത് സ്വന്തം ഇഷ്ടപ്രകാരം ആണെങ്കിലും വീട്ടുകാര്‍ ഇടപെട്ടാണെങ്കിലും അത് ഏതെങ്കിലും ഒരു ഘട്ടത്തില്‍ തകരാനുള്ള സാഹചര്യവുമുണ്ട് എന്ന സത്യം പെണ്‍കുട്ടികള്‍ മറക്കരുത്. അല്ലെങ്കില്‍ പിന്നീട് അത് ആ സ്ത്രീക്കും പുരുഷനും ഒരുപോലെ ശിക്ഷയായിത്തീരും, കോടതി പറഞ്ഞതായി എന്‍ഡിടിവി റിപ്പോര്‍ട്ടുചെയ്തു.

നിങ്ങള്‍ പ്രായപൂര്‍ത്തിയായവരല്ലെ.. കാര്യങ്ങള്‍ മനസിലാക്കാന്‍ പ്രാപ്തരായവരല്ലേ. പിന്നെയും എങ്ങിനെയാണ് വിവാഹവാഗ്ദാനത്തില്‍പെട്ട് വഞ്ചിതരാകുന്നത്. എങ്ങനെയാണ് അത്തരം ഒരു ബന്ധം ശാരീരികമാകുന്നതുവരെ എത്തുന്നത്. എല്ലാ ബഹുമാനത്തോടെയും പറയുകയാണ്.. ഇന്നത്തെ സമൂഹത്തിന്റെ, പ്രത്യേകിച്ച് യുവതലമുറയുടെ സദാചാരപരവും ധാര്‍മികവുമായ ചിന്തകള്‍ നമ്മള്‍ കണ്ടുവന്നതില്‍ നിന്ന് വളരെ വ്യത്യസ്തമാണ്. ഈ കേസിലെ പെണ്‍കുട്ടിയുടെ വാദത്തെ കോടതി പിന്താങ്ങുകയാണെങ്കില്‍, ഈ രാജ്യത്തെ കോളേജുകളിലും മറ്റിടങ്ങളിലുമുള്ള പെണ്‍കുട്ടികള്‍ക്കും ആണ്‍കുട്ടികള്‍ക്കും ഇടയിലുള്ള പ്രണയബന്ധങ്ങളെല്ലാം ശിക്ഷിക്കപ്പെടേണ്ടതായി മാറും, കോടതി വ്യക്തമാക്കി.

ഇത്തരം സാഹചര്യങ്ങളിലെല്ലാം സമൂഹത്തിന്റെ യാഥാസ്ഥിതികമായ ചിന്താഗതികളും വ്യവസ്ഥിതികളിലെ പഴുതുകളും പുരുഷനെ ഏകപക്ഷീയമായി എല്ലായ്‌പ്പോഴും കുറ്റവാളിയാക്കി മുദ്രകുത്താനുള്ള പ്രവണത കാണിക്കാറുണ്ടെന്നും കോടതി കുറ്റപ്പെടുത്തി. അതേസമയം, തന്റെ കക്ഷിയും പ്രതിസ്ഥാനത്തുള്ള പുരുഷനും തമ്മിലുണ്ടായിരുന്നത് പ്രണയബന്ധമായിരുന്നില്ലെന്നും മറിച്ച് വീട്ടുകാര്‍ തമ്മിലുറപ്പിച്ച വിവാഹവാഗ്ദാനമായിരുന്നുവെന്നും പെണ്‍കുട്ടിയുടെ അഭിഭാഷക പറഞ്ഞു.പുരുഷന്‍ ആവശ്യപ്പെട്ടതിന് വഴങ്ങിയില്ലെങ്കില്‍ അയാള്‍ വിവാഹത്തില്‍നിന്നും പിന്മാറുമോ എന്നും, അത് തനിക്കും കുടുംബത്തിനും സമൂഹത്തിലുണ്ടാക്കാവുന്ന അപമാനം ഭയന്നുമാണ് സ്ത്രീ ലൈംഗികബന്ധത്തിന് സമ്മതിച്ചതെന്നും സ്ത്രീയുടെ വക്കീല്‍ വാദിച്ചു. സമൂഹത്തെക്കുറിച്ചുള്ള ഭയമാണ് പെണ്‍കുട്ടിയെ ഇത്തരം ഒരു സാഹചര്യത്തില്‍ എത്തിച്ചത്. അവര്‍ തമ്മിലുണ്ടായ ലൈംഗികബന്ധം പുരുഷന് വലിയ സംഭവമായിരുന്നിരിക്കില്ല, എന്നാല്‍ അതില്‍ ഉള്‍പ്പെട്ട സ്ത്രീക്ക് അത് അങ്ങനെ ആയിരുന്നില്ല. അവള്‍ അയാളെ ഭര്‍ത്താവായാണ് കണ്ടത്. അതുകൊണ്ടാണ് അയാളുടെ ഇംഗിതത്തിന് വഴങ്ങിയത്, പെണ്‍കുട്ടിയുടെ അഭിഭാഷകയായ മാധവി ദിവാന്‍ കോടതിയെ അറിയിച്ചു.

എന്നാല്‍, കേസില്‍ ഉള്‍പ്പെട്ട രണ്ടുകൂട്ടര്‍ക്കും പറയാനുള്ളത് കേട്ട ശേഷമേ കേസില്‍ വിധി പറയൂ എന്ന് ബെഞ്ച് വ്യക്തമാക്കി. കോടതി ഇക്കാര്യത്തില്‍ ലിംഗവിവേചനം കാണിക്കില്ല. പെണ്‍കുട്ടിക്കോ ആണ്‍കുട്ടിക്കോ പ്രത്യേക പരിഗണന ലഭിക്കില്ല. രണ്ടുപേരുടെയും വാദം ഒരുപോലെ കേള്‍ക്കും. എനിക്കും ഒരു മകളുണ്ട്. എന്റെ മകളാണ് ഇത്തരം ഒരു സാഹചര്യത്തില്‍ ഉള്‍പെട്ടിട്ടുള്ളതെങ്കില്‍ പോലും ഇതുപോലെയുള്ള ഒരു കേസിനെ ഞാന്‍ വളരെ വിശാലമായ കാഴ്ചപ്പാടിലൂടെയേ നോക്കിക്കാണാവൂ, അതാണ് ശരി – ജസ്റ്റിസ് സുന്ദരേഷ് പറഞ്ഞു. ഇങ്ങനെയൊക്കെയാണെങ്കിലും അന്തിമമായി ഇത്തരം കേസുകളില്‍ സ്ത്രീകളെ തന്നെയേ നിയമം ഇരയായി പരിഗണിക്കുകയുള്ളൂ എന്നും കോടതി വ്യക്തമാക്കി.


Share our post
Continue Reading

Breaking News

ഊട്ടിയിലേക്ക് യാത്രപോയ മലയാളി യുവാവ് കടന്നൽ കുത്തേറ്റ് മരിച്ചു

Published

on

Share our post

ഗൂഡല്ലൂർ: ഊട്ടിയിലേക്ക് വിനോദയാത്രപോയ മലയാളി യുവാവ് കടന്നൽ കുത്തേറ്റ് മരിച്ചു. സുഹൃത്തുക്കളിൽ ഒരാളെ ഗുരുതര പരിക്കോടെ സുൽത്താൻ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോഴിക്കോട് വടകര സ്വദേശി പി. സാബിർ (26) ആണ് മരിച്ചത്. സുഹൃത്ത് ആസിഫിനെ (26) പരിക്കുകളോടെ ആദ്യം ഗൂഡല്ലൂർ ജില്ല ആശുപത്രിയിലും പിന്നീട് സുൽത്താൻ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. മറ്റൊരു സുഹൃത്ത് രക്ഷപ്പെട്ടു. ബുധനാഴ്ച വൈകീട്ട് മൂന്നു മണിയോടെയാണ് ദാരുണ സംഭവം. ഗൂഡല്ലൂർ ഊട്ടി ദേശീയപാതയിലെ നടുവട്ടത്തിന് സമീപമുള്ള നീഡിൽ റോക്ക് ഭാഗത്തെ വനംവകുപ്പ് വിനോദസഞ്ചാര കേന്ദ്രത്തിൽ വെച്ചാണ് കടന്നൽ കുത്തേറ്റത്. കടന്നൽ കൂടിന് കല്ലെറിഞ്ഞപ്പോൾ തേനീച്ചകൾ ഇളകിയെന്നാണ് പറയപ്പെടുന്നത്. കടന്നൽ കുത്തേറ്റ സാബിർ ഓടി രക്ഷപ്പെടുന്നതിനിടെ വീണും പരിക്കേറ്റു. ഗൂഡല്ലൂർ ഫയർഫോഴ്സും വനപാലകരും പൊലീസും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.


Share our post
Continue Reading

Kerala

നന്നായി പഠിച്ചാലേ ക്ലാസ്‌കയറ്റം കിട്ടൂ… പദ്ധതി ഈ വേനലവധിക്കാലത്ത് തുടങ്ങും

Published

on

Share our post

കോഴിക്കോട്: ഓരോ കുട്ടിയും നന്നായി പഠിച്ചാലേ അടുത്തക്ലാസിലെത്തൂ എന്നുറപ്പാക്കാനുള്ള പദ്ധതിക്ക് ഈ വേനലവധിക്കാലത്ത് തുടക്കമാവും. ഇക്കൊല്ലം എട്ടാംക്ലാസ് പരീക്ഷയെഴുതിയ കുട്ടികളുടെ ഉത്തരക്കടലാസ് മൂല്യനിര്‍ണയത്തോടെയാണ് ഇതിനു തുടക്കമാവുക. ഏപ്രില്‍ നാലിന് മൂല്യനിര്‍ണയം പൂര്‍ത്തിയാക്കണമെന്നാണ് നിര്‍ദേശം. എഴുത്തുപരീക്ഷയില്‍ 30 ശതമാനം മാര്‍ക്കുനേടാത്ത കുട്ടികളുടെ പട്ടിക തയ്യാറാക്കല്‍ തൊട്ടടുത്തദിവസംതന്നെ നടത്തും. പ്രധാനാധ്യാപകരും അധ്യാപകരും ചേര്‍ന്നാണ് ഇതു തയ്യാറാക്കുന്നത്. പഠനപിന്തുണവേണ്ട വിദ്യാര്‍ഥികളെയാണ് ഇപ്രകാരം കണ്ടെത്തുക. പഠനപിന്തുണയ്ക്കാവശ്യമായ കാര്യങ്ങള്‍ വിദ്യാലയതലത്തില്‍ ആസൂത്രണംചെയ്യലാണ് അടുത്തഘട്ടം. അത്തരം കുട്ടികളുടെ രക്ഷിതാക്കളെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തിയശേഷമാണ് പഠനപിന്തുണയ്ക്കുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങുക. ഏപ്രില്‍ എട്ടുമുതല്‍ 24 വരെയാണ് മാര്‍ക്കുകുറഞ്ഞ കുട്ടികള്‍ക്ക് വീണ്ടും ക്ലാസുകള്‍ നല്‍കുക. 25 മുതല്‍ 28 വരെ വിലയിരുത്തല്‍ വീണ്ടും നടത്തി, 30-ന് ഫലപ്രഖ്യാപനം നടത്തുന്നവിധത്തിലാണ് പരിപാടികള്‍ ആസൂത്രണം ചെയ്തിരിക്കുന്നത്.

കരിക്കുലം നിശ്ചയിച്ച ശേഷികള്‍ ഓരോ ക്ലാസിലും കുട്ടികള്‍ നേടുന്നുണ്ടെന്ന് ഉറപ്പുവരുത്താനുള്ള പദ്ധതിയുടെ ഭാഗമായാണ് പ്രത്യേകശ്രദ്ധ നല്‍കിക്കൊണ്ടുള്ള ഈ ക്ലാസുകള്‍. ഇതുകൊണ്ടും ഉദ്ദേശിച്ച ഫലംനേടാനാവാത്ത കുട്ടികളുടെ കാര്യത്തില്‍ പ്രത്യേകശ്രദ്ധയും പരിശീലനവും തുടര്‍ന്നുനല്‍കണമെന്നാണ് നിര്‍ദേശം. സ്‌കൂള്‍തലത്തില്‍ പ്രത്യേകപദ്ധതി തയ്യാറാക്കിയാണ് ഇത്തരം കുട്ടികള്‍ക്ക് സഹായം നല്‍കേണ്ടത്. ഏപ്രിലിലെ ക്ലാസുകള്‍കൊണ്ടും ലക്ഷ്യംനേടാനാവാത്ത, കൂടുതല്‍ ശ്രദ്ധയാവശ്യമായ കുട്ടികള്‍ക്ക് പിന്തുണയ്ക്കുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ മേയിലാണ് നടപ്പാക്കുക. പഠനപിന്തുണ നല്‍കിയിട്ടും അക്കാദമികസഹായം ആവശ്യമുള്ള കുട്ടികള്‍ക്കായി പ്രത്യേകപരിപാടികള്‍ ജൂണിലും നടപ്പാക്കും.എസ്എസ്എല്‍സി വിജയിക്കുന്ന കുട്ടികള്‍ക്കുപോലും ഭാഷയിലും ഗണിതത്തിലും മറ്റും അടിസ്ഥാനശേഷികള്‍പോലുമില്ലെന്ന വിമര്‍ശനമുയര്‍ന്നിരുന്നു. പൊതുവിദ്യാഭ്യാസമേധാവികള്‍തന്നെ സിബിഎസ്ഇയുമായി താരതമ്യംചെയ്ത് എസ്എസ്എല്‍സിയെക്കുറിച്ച് വിമര്‍ശനം ഉന്നയിച്ചതിനെത്തുടര്‍ന്നാണ് എഴുത്തുപരീക്ഷയ്ക്ക് 30 ശതമാനം മാര്‍ക്ക് നിര്‍ബന്ധമാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

ഈ അധ്യയനവര്‍ഷം എട്ടാംക്ലാസിലും തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ ഒന്‍പത്, പത്ത് ക്ലാസുകളിലുമാണ് എഴുത്തുപരീക്ഷയില്‍ മിനിമം മാര്‍ക്ക് നടപ്പാക്കുന്നത്. 40 മാര്‍ക്കുള്ള എഴുത്തുപരീക്ഷയില്‍ 12, 20 മാര്‍ക്കുള്ള എഴുത്തുപരീക്ഷയില്‍ ആറ് എന്നിങ്ങനെയാണ് കുട്ടികള്‍ നേടേണ്ട മാര്‍ക്ക്. ഇതുകിട്ടാത്ത കുട്ടികള്‍ക്കാണ് പ്രത്യേകപഠനപിന്തുണയ്ക്കുള്ള പരിപാടികള്‍ സംഘടിപ്പിക്കുന്നത്. മൂല്യനിര്‍ണയത്തില്‍ കൃത്രിമംനടത്തി കുട്ടികളെ വിജയിപ്പിക്കുന്നത് തടയാനും നടപടികളുണ്ട്. ഉത്തരക്കടലാസുകള്‍ സ്‌കൂളുകളില്‍ത്തന്നെ സൂക്ഷിക്കണമെന്നും വിദ്യാഭ്യാസ ഓഫീസര്‍മാരുടെ പരിശോധനയില്‍ ഹാജരാക്കണമെന്നുമാണ് നിര്‍ദേശം. ഗുണമേന്മയുള്ള വിദ്യാഭ്യാസം കുട്ടികളുടെ അവകാശമാണെന്ന പ്രഖ്യാപനത്തിന്റെ അടിസ്ഥാനത്തില്‍ സമഗ്രവിദ്യാഭ്യാസം എന്ന ലക്ഷ്യത്തിലെത്താനാണിതെന്ന് സര്‍ക്കാര്‍ പുറത്തിറക്കിയ മാര്‍ഗരേഖയില്‍ പറയുന്നു.


Share our post
Continue Reading

Trending

error: Content is protected !!