മുൻഗണനാ കാർഡുകളുടെ മസ്റ്ററിങ്‌ വെള്ളിയാഴ്ച തുടങ്ങും

Share our post

തിരുവനന്തപുരം: കേന്ദ്ര സർക്കാർ നിർദ്ദേശപ്രകാരം എ.എ.വൈ (മഞ്ഞ), പി.എച്ച്.എച്ച് (പിങ്ക്) റേഷൻ കാർഡംഗങ്ങളുടെ ഇ-കെ.വൈ.സി മസ്റ്ററിങ്‌ വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ നടത്തും. റേഷൻ കടകളിലെ ഇ-പോസ് മെഷീനുകളിലൂടെ മാത്രമെ മസ്റ്ററിങ്‌ നടത്താനാകൂ എന്നതിനാൽ ഈ ദിവസങ്ങളിൽ റേഷൻ വിതരണം ഉണ്ടാകില്ലെന്ന്‌ ഭക്ഷ്യമന്ത്രി ജി.ആർ. അനിൽ അറിയിച്ചു.

കാർഡുടമകൾക്ക് സൗകര്യപ്രദമായ രീതിയിൽ ക്യാമ്പുകൾ സംഘടിപ്പിച്ചാണ് മസ്റ്ററിങ്‌ നടപടികൾ. രാവിലെ എട്ടു മുതൽ വൈകിട്ട്‌ ഏഴു വരെ ഇടവേളയില്ലാതെ റേഷൻകടകൾക്ക് സമീപമുള്ള അംഗൻവാടികൾ, ഗ്രന്ഥശാലകൾ, സാംസ്‌കാരിക കേന്ദ്രങ്ങൾ തുടങ്ങിയ പൊതുഇടങ്ങളിലാണ് ക്യാമ്പുകൾ. സ്ഥലസൗകര്യമുള്ള റേഷൻകടകളിൽ അവിടെതന്നെ മസ്റ്ററിങ്‌ നടത്തും. മുൻഗണനാ കാർഡംഗങ്ങൾ റേഷൻകാർഡും ആധാർ കാർഡുമായാണ് മസ്റ്ററിങ്ങിന് എത്തേണ്ടത്.

ക്യാമ്പ് സംഘടിപ്പിക്കുന്ന സ്ഥലങ്ങളിൽ കുടിവെള്ള സൗകര്യം ഏർപ്പെടുത്താനും മുതിർന്ന വ്യക്തികൾക്ക് പ്രത്യേക ക്രമീകരണം ഏർപ്പെടുത്താനും നിർദ്ദേശം നൽകി. ഈ ദിവസങ്ങളിൽ താലൂക്ക് സപ്ലൈ ഓഫീസർമാരും റേഷനിങ്‌ ഇൻസ്പെക്ടർമാരും ക്യാമ്പുകൾ സന്ദർശിച്ച് അപ്ഡേഷൻ സുഗമമാക്കാൻ നടപടി സ്വീകരിക്കും.

മസ്‌റ്ററിങ്‌ സമയബന്ധിതമായി പൂർത്തിയാക്കാത്ത സാഹചര്യത്തിൽ ഭക്ഷ്യധാന്യങ്ങളുടെ വിതണം, സബ്സിഡി ക്ലയിം എന്നിവയെ ദോഷകരമായി ബാധിക്കുമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചിട്ടുണ്ട്. ഈ ദിവസങ്ങളിൽ മസ്റ്ററിങ്‌ പൂർത്തിയാക്കാൻ കഴിയാത്തവർക്ക് മറ്റൊരു ദിവസം സൗകര്യം ഒരുക്കും. സംസ്ഥാനത്തെ ഏതു റേഷൻ കടകളിലും മസ്റ്ററിങ്‌ നടത്താനാകും. കിടപ്പുരോഗിക‍ൾക്കും സ്ഥലത്തില്ലാത്തവർക്കും ആധാർ അപ്ഡേറ്റ് ചെയ്യാത്ത കുട്ടികൾക്കും വിരളടയാളം പതിയാത്തവർക്കും പിന്നീട് അവസരമുണ്ടാകുമെന്നും മന്ത്രി അറിയിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!