ഹോട്ടലിലെ മോഷണം: വയനാട് സ്വദേശി ഉൾപ്പെടെ രണ്ടുപേർ പിടിയിൽ

കണ്ണൂർ: ബല്ലാർഡ് റോഡിലെ ഹോട്ടലിൽ മോഷണം നടത്തിയ രണ്ടുപേരെ കണ്ണൂർ ടൗൺ പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തു. ജനുവരി 23ന് കട അടച്ചതിന് ശേഷം ഷട്ടറിന്റെ പൂട്ട് മുറിച്ച് അകത്തുകയറി കൗണ്ടറിലെ മേശ വലിപ്പിൽ സൂക്ഷിച്ച പണവും കൗണ്ടർ മേശക്ക് മുകളിലെ പണമടങ്ങിയ നാല് ഭണ്ഡാരപ്പെട്ടികളും ഹോട്ടലിനുള്ളിൽ പാർക്ക് ചെയ്തിരുന്ന സ്കൂട്ടറും മോഷ്ടിച്ച കേസിലാണ് അറസ്റ്റ്. വയനാട് തരിയോട് സ്വദേശി പി.എം. മുഹമ്മദ് ഫബിൻഷാദ് (21), കണ്ണൂർ അഴീക്കൽ ചാൽ സ്വദേശി പി.പി. അനസ് (24) എന്നിവരാണ് പിടിയിലായത്.
കണ്ണൂർ ടൗൺ പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ സുഭാഷ് ബാബു, സബ് ഇൻസ്പെക്ടർമാരായ സവ്യസാചി, ഷമീൽ, അജയൻ, സി.പി.ഒമാരായ ധനേഷ്, നാസർ, റമീസ്, സനൂപ്, ഷിനോജ്, രാജേഷ്, ഉണ്ണികൃഷ്ണൻ, ജിജേഷ് തമ്പാൻ എന്നിവരാണ് പ്രതികളെ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നത്.