മോഷണക്കേസ് പ്രതി റെയിൽവേ സ്റ്റേഷനിൽ നിന്ന് പോലീസിനെ വെട്ടിച്ച് മുങ്ങി

കോഴിക്കോട്: കണ്ണൂര്‍ ജയിലില്‍ നിന്ന് കോടതിയില്‍ ഹാജരാക്കാനായി കൊണ്ടുവന്ന മോഷണക്കേസ് പ്രതി കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ നിന്നും രക്ഷപ്പെട്ടു. കൊണ്ടോട്ടി സ്വദേശി ഷിജില്‍ ആണ് ഒരു കൈയില്‍ വിലങ്ങുമായി പോലീസിനെ വെട്ടിച്ച് മുങ്ങിയത്. വ്യാഴാഴ്ച രാവിലെ 10.25-ഓടെയായിരുന്നു സംഭവം. പ്രതിക്കായി പോലീസ് അന്വേഷണം തുടങ്ങി.
ഇതരസംസ്ഥാന തൊഴിലാളിയെ തടഞ്ഞുനിര്‍ത്തി മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച കേസിലാണ് ഇയാളെ വാഴക്കാട് പോലീസ് അറസ്റ്റ് ചെയ്തത്. മലപ്പുറം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്ത് കോഴിക്കോട് ജില്ലാ ജയിലിലാണ് ആദ്യം പാര്‍പ്പിച്ചിരുന്നത്.
ഇയാള്‍ക്കെതിരെ ഫറോക്ക് സ്റ്റേഷനിലും കേസുണ്ടായിരുന്നു. തുടര്‍ന്ന് ഈ കേസില്‍ അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ കോഴിക്കോട് ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്ത് കണ്ണൂര്‍ ജയിലിലേക്ക് അയക്കുകയായിരുന്നു. വ്യാഴാഴ്ച കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവന്നപ്പോളാണ് പ്രതി രക്ഷപ്പെട്ടത്.