ഡി.സി.സി മുൻ ജനറൽ സെക്രട്ടറി തമ്പാനൂർ സതീഷടക്കം 18 പേർ കോൺഗ്രസ് വിട്ട് ബി.ജെ.പിയിൽ

Share our post

തിരുവനന്തപുരം മുന്‍ ഡി.സി.സി. ജനറല്‍ സെക്രട്ടറി തമ്പാനൂര്‍ സതീഷും സ്പോർട് കൗൺസിൽ മുൻ പ്രസിഡന്റ് പത്മിനി തോമസും കോൺ​ഗ്രസ് വിട്ട് ബി.ജെ.പിയിൽ ചേർന്നു. ഇവർക്ക് പുറമെ 18 കോൺ​ഗ്രസ് പ്രവർത്തകരും പാർട്ടി വിട്ടു. തിരുവനന്തപുരത്തെ ബി.ജെ.പി തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിലെത്തിയ ഇവർ ബി.ജെ.പി അം​ഗത്വം സ്വീകരിക്കും.

ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ, തിരുവനന്തപുരത്തെ ബി.ജെ.പി സ്ഥാനാർഥി രാജീവ് ചന്ദ്രശേഖർ എന്നിവർക്കൊപ്പമാണ് ഇവർ ഓഫീസിലെത്തിയത്.

കെ.പി.സി.സി. പുനഃസംഘടനയില്‍ പരിഗണിക്കപ്പെടാതെ പോയതില്‍ അതൃപ്തി വ്യക്തമാക്കി തമ്പാനൂർ സതീഷ് നേരത്തെ കോൺ​ഗ്രസ് വിട്ടിരുന്നു. കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരനെതിരെ അദ്ദേഹം രൂക്ഷവിമർശനം ഉന്നയിച്ചിരുന്നു. കാസര്‍കോട്ടുനിന്ന് തുടങ്ങിയ സമരാഗ്നി തിരുവനന്തപുരത്ത് എത്തിയപ്പോള്‍ ചാമ്പലായതിന്റെ ഉത്തരവാദി കെ. സുധാകരനാണ്. ലക്ഷക്കണക്കിന് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കണ്ണീരാണ് ചാമ്പലായി മാറിയതെന്ന് അദ്ദേഹം ഓര്‍മിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.

മുന്‍ കായിക താരവും, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സംസ്ഥാന പ്രസിഡന്റുമായിരുന്നു പത്മിനി. പദ്മജ കോണ്‍ഗ്രസ് വിട്ടതിനു പിന്നാലെ കരുണാകാരനുമായി അടുപ്പമുണ്ടായിരുന്നവരെയും നേതൃത്വവുമായി ഇടഞ്ഞു നില്‍ക്കുന്നവരെയും ബി.ജെ.പി ലക്ഷ്യമിട്ടിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് ഇപ്പോഴത്തെ കൂടുമാറ്റമെന്നാണ് സൂചന.

കൂടുതല്‍ കോണ്‍ഗ്രസ് നേതാക്കള്‍ പാര്‍ട്ടിയിലേക്ക് വരുമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍ ബുധനാഴ്ച പറഞ്ഞിരുന്നു. കോൺ​ഗ്രസിന് പുറമെ, എൽ.ഡി.എഫ് നേതാക്കൾ ബി.ജെ.പിയിലെത്തുമെന്നും അദ്ദേഹം അവകാശപ്പെട്ടിരുന്നു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!