കേരളത്തിലെ എല്ലാ കോളേജുകൾക്കുമായി പൂര്‍വ വിദ്യാര്‍ത്ഥി സംഘടന ഒരുങ്ങുന്നു

തിരുവനന്തപുരം: കേരളത്തിലെ എല്ലാ കോളേജുകൾക്കുമായി പൂര്‍വ വിദ്യാര്‍ത്ഥി സംഘടന, കോളേജ് അലംനൈ അസോസിയേഷന്‍ ഓഫ് കേരള (കാക്ക് ) രൂപീകരിച്ചു. പ്രീഡിഗ്രി മുതല്‍ ഗവേഷണ കോഴ്‌സുകള്‍ക്കു വരെ കേരളത്തിലെ സ്വകാര്യ, പ്രൊഫഷണല്‍, കോളേജുകള്‍ ഉള്‍പ്പെടെ കേരളത്തിലെ കോളേജുകളിൽ പഠിച്ച എല്ലാവര്‍ക്കും അംഗങ്ങളാകാന്‍ കഴിയുന്ന സംഘടനയാണ് കാക്.
കോളേജ് പൂർവ്വ വിദ്യാർഥി അസോസിയേഷനുകളുടെ പ്രതിനിധികളായിരിക്കും അംഗങ്ങള്‍. കേരളത്തിലെ ഉന്നത വിദ്യാഭ്യാസരംഗത്തിന്റെ പുരോഗതിക്കും അഭിവൃദ്ധിക്കും ആവശ്യമായ പിന്തുണ നല്‍കുന്നതിനും പൂര്‍വ വിദ്യാര്‍ത്ഥികള്‍ക്കു പുതിയ ക്യാമ്പസുകളുമായി സംവദിക്കാനും അവസരമൊരുക്കുന്നതിനും കോളേജ് അലംനൈ അസോസിയേഷന്‍ ഓഫ് കേരള തുടക്കം കുറിക്കും.
കേരളത്തിലെ എല്ലാ കോളേജുകളിലെയും പൂര്‍വ വിദ്യാര്‍ത്ഥികളെ ഒന്നിപ്പിക്കുന്ന പൂര്‍വ വിദ്യാര്‍ത്ഥി സംഘടന ആദ്യമായാണ് രൂപീകരിക്കപ്പെടുന്നത്. 2024 മെയ് രണ്ടാം വാരം എറണാകുളത്ത് വച്ച് ഉദ്ഘാടനം നടക്കും.
മുന്‍ എം.എൽ.എ. കെ.സുരേഷ് കുറുപ്പ് ആണ് പ്രസിഡന്റ്. ലാലു ജോസഫ് മാനേജിങ് ട്രസ്റ്റി ആയിരിക്കും. എ.ബി ജോര്‍ജാണ് ജനറല്‍ സെക്രട്ടറി. ഉപദേശക സമിതിയില്‍ മന്ത്രിമാരായ വി. ശിവന്‍കുട്ടി, ജി.ആര്‍. അനില്‍, റോഷി അഗസ്റ്റിന്‍, എന്നിവരും പന്തളം സുധാകരന്‍, ഷിബു ബേബി ജോണ്‍, സി.പി. ജോണ്‍, എം.എസ്. കുമാര്‍, മോഹന്‍ കുന്നുമ്മേല്‍, വൈസ് ചാന്‍സിലര്‍ (ആരോഗ്യ-കേരള സര്‍വകലാശാലകള്‍), സുരേഷ് കുമാര്‍ ജി. (സിനിമ), മുന്‍ ഡി.ജി.പി. അനന്തകൃഷ്ണന്‍, മുന്‍ ഐ.ജി. എസ്. ഗോപിനാഥ് എന്നിവരും വര്‍ക്കിംഗ് പ്രസിഡന്റായി ആനീ ജേക്കബും വൈസ് പ്രസിഡന്റുമാരായി പ്രിയദാസ് ജി. മംഗലത്ത്, സാബു ചെറിയാന്‍, അനില്‍ ശങ്കര്‍ എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു.
സെക്രട്ടറിമാരായി പോള്‍ മണലില്‍, ഇ.എം. രാധ, ബൈജു ചന്ദ്രന്‍, സിറാജ് ഷാ എന്നിവരും എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി പ്രഭാവര്‍മ്മ, ഡോ. എസ്.എസ്. ലാല്‍, അഡ്വ. സുനില്‍ ജേക്കബ് ജോസ്, അലക്‌സ് വള്ളക്കാലില്‍, ശിവജി ജഗന്നാഥ്, കെ.എം. ഫ്രാന്‍സിസ്, മാര്‍ക്കോസ് എബ്രഹാം, വി.വി. വിനോദ് കുമാര്‍ എന്നിവരും ട്രഷററായി ഷിബു അപ്പുക്കുട്ടനും തെരഞ്ഞെടുക്കപ്പെട്ടു.