സംശയത്തെത്തുടര്‍ന്ന് ഭാര്യയുടെ സുഹൃത്തിനെ തലയ്ക്കടിച്ച് കൊന്നു; പ്രതിക്ക് ജീവപര്യന്തം തടവ്

ആലപ്പുഴ: സംശയത്തെത്തുടര്‍ന്ന് ഭാര്യയുടെ സുഹൃത്തിനെ കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവിന് ജീവപര്യന്തം തടവും മൂന്നുലക്ഷം രൂപ പിഴയും ശിക്ഷ. ചേര്‍ത്തല വയലാര്‍ മുക്കിടിക്കില്‍ വീട്ടില്‍ ജയനെ (43) കൊലപ്പെടുത്തിയ കേസില്‍ ചേര്‍ത്തല മായിത്തറ ഒളിവക്കാത്തുവെളി സുമേഷി (48)നെയാണ് ആലപ്പുഴ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി ജോബിന്‍ സെബാസ്റ്റ്യന്‍ ശിക്ഷിച്ചത്.
2019 ജനുവരി മൂന്നിന് പുലര്‍ച്ചെ ഒന്നരയ്ക്ക് പുതിയകാവ് ക്ഷേത്രത്തിനു കിഴക്കുവശത്താണ് സംഭവം. സുമേഷ് വീട്ടില്‍വെച്ച് ആക്രമിക്കാന്‍ തുനിഞ്ഞപ്പോള്‍ ഇയാളുടെ ഭാര്യ രക്ഷയ്ക്കായി സുഹൃത്തായ ജയനെ ഫോണില്‍ വിളിച്ചുവരുത്തുകയായിരുന്നു.
ജയന്‍ സ്‌കൂട്ടറില്‍ വീടിനുമുന്നിലെത്തിയപ്പോള്‍ പ്രതി കമ്പിവടി കൊണ്ടടിച്ചു. തലയ്ക്കു ഗുരുതരമായി പരിക്കേറ്റ ജയനെ ചേര്‍ത്തല പോലീസെത്തിയാണ് ചേര്‍ത്തല താലൂക്ക് ആസ്പത്രിയില്‍ എത്തിച്ചത്. ആസ്പത്രിയിലെത്തുംമുന്‍പ് ജയന്‍ മരിച്ചു. സംശയത്തെത്തുടര്‍ന്നാണ് കൊലപാതകം. സംഭവത്തിനുമുന്‍പ് ഭാര്യയെ മര്‍ദിച്ചതിനു സുമേഷിനെ ജയന്‍ മര്‍ദിച്ചിരുന്നു.
കേസില്‍ സുമേഷിന്റെ ഭാര്യ ഉള്‍പ്പെടെ 25 സാക്ഷികളുടെ മൊഴി രേഖപ്പെടുത്തി. കൊലപാതകക്കുറ്റത്തിന് ജീവപര്യന്ത്യം തടവും മൂന്നുലക്ഷം രൂപ പിഴയും ആക്രമിച്ചതിന് ഒരുവര്‍ഷം തടവുമാണ് ശിക്ഷ. പിഴ അടച്ചില്ലെങ്കില്‍ ഒരുവര്‍ഷംകൂടി തടവ് അനുഭവിക്കണം. പിഴത്തുകയടച്ചാല്‍ മരിച്ച ജയന്റെ ആശ്രിതര്‍ക്കു നല്‍കണം.
പ്രോസിക്യൂഷനുവേണ്ടി ജില്ലാ പബ്ലിക് പ്രോസിക്യൂട്ടര്‍ വി. വേണു, അഡ്വ. ഹരികൃഷ്ണന്‍ ടി. പ്രസാദ് എന്നിവര്‍ ഹാജരായി. ചേര്‍ത്തല ഇന്‍സ്‌പെക്ടര്‍ എച്ച്. ശ്രീകുമാര്‍ അന്വേഷിച്ച കേസില്‍ എ.ഐ.ജി. ആര്‍. വിശ്വനാഥാണ് കുറ്റപത്രം സമര്‍പ്പിച്ചത്.