പേ-ടി.എം ഫാസ്ടാഗ് ഉള്ളവര്‍ക്ക് മുന്നറിയിപ്പ്; മാര്‍ച്ച് 15-ന് മുന്‍പ് ബാങ്ക് മാറണമെന്ന് കേന്ദ്രം

Share our post

ഫാസ്ട‌ാഗുകൾക്കായുള്ള അംഗീകൃത ബാങ്കുകളുടെ പട്ടികയിൽ നിന്ന് പേ-ടി.എം പേമെന്റ് ഗേറ്റ്വേയെ വിലക്കിയ പശ്ചാത്തലത്തിൽ പേ-ടിഎമ്മിന്റെ ഫാസ്ടാഗ് ഉപയോഗിക്കുന്ന വാഹന ഉടമകളോട് മറ്റ് ബാങ്കുകളുടെ സേവനത്തിലേക്ക് മാറാൻ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം നിർദേശിച്ചു. ഇരട്ടി പിഴയും സേവന തടസങ്ങളും ഒഴിവാക്കുന്നതിനായി മാർച്ച് 15-ന് മുമ്പ് മറ്റ് ബാങ്കുകളിലേക്ക് മാറിയെന്ന് ഉറപ്പുവരുത്താനാണ് നിർദേശിച്ചിരിക്കുന്നത്.

റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ചട്ടങ്ങളിൽ പേ-ടിഎം പേമെൻ്റ്സ് തുടർച്ചയായി വീഴ്ചകൾ വരുത്തിയതിൻ്റെ പശ്ചാലത്തിൽ ഇവരുടെ സേവനങ്ങൾക്ക് ആർ.ബി.ഐ. വിലക്ക് ഏർപ്പെടുത്തിയിരുന്നു. നിലവിലുള്ള ബാലൻസ് ഉപയോഗിച്ച് വാലറ്റ്, ഫാസ്‌ടാഗ്, എൻസിഎംസി സേവനങ്ങൾ മാർച്ച് 15 വരെ ഉപയോഗിക്കാൻ സാധിക്കുമെന്ന് മുമ്പ് ആർ.ബി.ഐ. അറിയിച്ചിരുന്നു. ഇതിനുപിന്നാലെയാണ് മാർച്ച് 15-ന് മുമ്പായി മറ്റ് ബാങ്കുകളിലേക്ക് മാറാൻ നാഷണൽ ഹൈവേ അതോറിറ്റി അറിയിച്ചിരിക്കുന്നത്.

റിസർവ് ബാങ്ക് ചുമത്തിയിട്ടുള്ള നിയന്ത്രണങ്ങളുടെ ഭാഗമായി പേ-ടി.എം ഫാസ്ട‌ാഗുകൾ മാർച്ച് 15-ന് ശേഷം റീചാർജ് ചെയ്യാൻ സാധിക്കില്ല. എന്നാൽ, ഇതിൽ അവശേഷിക്കുന്ന പണം തീരുന്നതുവരെ ഉപയോഗിക്കാൻ സാധിക്കുമെന്നായിരുന്നു ആദ്യ നിർദേശം. പേ-ടി.എം ഫാസ്‌ടാഗ് സേവനങ്ങൾ സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ ഇന്ത്യൻ ഹൈവേസ് മാനേജ്മെന്റ് കമ്പനി ലിമിറ്റഡിന്റെ വെബ്സൈറ്റിൽ നൽകിയിട്ടുണ്ടെന്നും കേന്ദ്രസർക്കാർ അറിയിച്ചു.

ദേശീയപാതാ അതോറിറ്റിയുടെ ടോൾ പിരിവ് വിഭാഗമായ ഇന്ത്യൻ ഹൈവേസ് മാനേജ്മെന്റ് കമ്പനി (ഐ.എച്ച്.എം.സി.എൽ.) ഫാസ്‌ടാഗ് നൽകാനുള്ള അംഗീകൃത ബാങ്കുകളുടെ പട്ടികയിൽനിന്ന് പേടിഎം പേമെൻ്റ് ബാങ്കിനെ നീക്കിയിരുന്നു. ഫെബ്രുവരി മാസത്തിലായിരുന്നു ഇത് സംബന്ധിച്ച നിർദേശംവന്നത്. തടസ്സങ്ങൾക്കൂടാതെയുള്ള യാത്രയ്ക്കായി അംഗീകാരമുള്ള ബാങ്കുകളിൽനിന്ന് ഫാസ്‌ടാഗ് എടുക്കണമെന്ന് ദേശീയപാതാ അതോറിറ്റി അറിയിച്ചിരുന്നു.

അംഗീകാരമുള്ള 32 ബാങ്കുകളുടെ പട്ടികയും ദേശീയപാത അതോറിറ്റി നൽകിയിരുന്നു. കെ.വൈ.സി.യിലെ പോരായ്‌മകളടക്കം മുൻനിർത്തി പേ-ടി.എം പേമെന്റ് ബാങ്കിനെതിരേ ആർ.ബി.ഐ. നിയന്ത്രണങ്ങൾ കൊണ്ടുവന്ന സാഹചര്യത്തിലാണ് നടപടി. ഫാസ്ട‌ാഗ് ഉപഭോക്താക്കൾ കെ.വൈ.സി. മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കണമെന്നും ഇതിൽ നിർദേശിക്കുന്നു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!