ഗാനമേളകളുടെ അമരക്കാരൻ ആറ്റ്ലി ഡിക്കൂഞ്ഞ അന്തരിച്ചു

തൃശ്ശൂർ: അര നൂറ്റാണ്ടിലേറെ ഗാനമേളരംഗത്തെ നയിച്ച ഗിറ്റാറിസ്റ്റ് ആറ്റ്ലി ഡിക്കൂഞ്ഞ(74) അന്തരിച്ചു. തൃശ്ശൂരിൽനിന്നാരംഭിച്ച നാലു പ്രധാന ഗാനമേള ട്രൂപ്പുകളുടെ സ്ഥാപകനാണ്. സംഗീതസംവിധായകരായ ജോൺസൺ, ഔസേപ്പച്ചൻ തുടങ്ങിയവരെ സംഗീതവഴിയിലേക്കു തിരിച്ചുവിട്ടതിൽ പ്രധാനിയാണ് ഇദ്ദേഹം. ഹൃദയസംബന്ധമായ അസുഖംമൂലം ചികിത്സയിലായിരുന്നു. ചൊവ്വാഴ്ച വൈകീട്ട് അമല ആസ്പത്രിയിലായിരുന്നു അന്ത്യം. നാലു വർഷമായി അഞ്ചേരി എലിക്സർ ഫ്ളാറ്റിലാണ് താമസം
എറണാകുളം വൈപ്പിൻകരയിലെ മുനമ്പത്ത് ആംഗ്ലോ ഇന്ത്യൻ കുടുംബത്തിലാണ് ജനനം. മുളംചേരിപ്പറമ്പിൽ ഫ്രാൻസിസ് ഡിക്കൂഞ്ഞ, എമിലി റോച്ച ദമ്പതിമാരുടെ അഞ്ചുമക്കളിൽ മൂത്തയാളായിരുന്നു ആറ്റ്ലി.
അമ്മാവൻ നാടോടികളുടെ കൈയിൽനിന്ന് വാങ്ങിനൽകിയ കളിവീണയിൽ പാട്ടുകൾ വായിച്ചുകൊണ്ടായിരുന്നു തുടക്കം. പിന്നീട് പിതാവ് വയലിൻ വാങ്ങിനൽകി. ഫോറസ്റ്റ് ഓഫീസറായ പിതാവിന് വടക്കാഞ്ചേരിയിലേക്ക് സ്ഥലംമാറ്റം കിട്ടിയതോടെയാണ് ഏഴാംക്ലാസിൽ പഠിക്കുമ്പോൾ ആറ്റ്ലി തൃശ്ശൂരിലെത്തുന്നത്.
തുടർന്ന് സ്വയംപഠനത്തിലൂടെയാണ് ഇദ്ദേഹം വളർന്നത്. മാൻഡലിൻ, ഗിത്താർ എന്നിവയിൽ പ്രാവീണ്യം നേടി. ‘അമ്മാവനു പറ്റിയ അമളി’ എന്ന സിനിമയ്ക്കുവേണ്ടിയും സീരിയലുകൾക്കുവേണ്ടിയും സംഗീതസംവിധാനം നിർവഹിച്ചു. ആകാശവാണി, ദൂരദർശൻ ആർട്ടിസ്റ്റായിരുന്നു. നിരവധി പുരസ്കാരങ്ങളും നേടിയിട്ടുണ്ട്.
സംസ്കാരം ബുധനാഴ്ച നാലിന് തൃശ്ശൂർ മിഷൻ ക്വാർട്ടേഴ്സ് സേക്രഡ്ഹാർട്ട് ലത്തീൻ പള്ളി സെമിത്തേരിയിൽ.