സെമസ്റ്റർ പരീക്ഷ തോറ്റാൽ ക്ലാസിലിരിക്കാനാകില്ല; ബി.ഫാം. വിദ്യാർഥികളുടെ പഠനം ആശങ്കയിൽ

തൃശ്ശൂർ: കേരള ആരോഗ്യ സർവകലാശാലയുടെ കർശന നിയമം ബി.ഫാം വിദ്യാർഥികളുടെ പഠനത്തിന് തടയിടുന്നു. ഒന്നും രണ്ടും സെമസ്റ്റർ പരീക്ഷകൾ ജയിക്കാതെ അഞ്ചാം സെമസ്റ്ററിൽ ക്ലാസിലിരിക്കാൻ അനുവദിക്കില്ലെന്നതാണ് നിയമം. അതേപോലെ മൂന്നും നാലും സെമസ്റ്റർ ജയിക്കാതെ ഏഴാം സെമസ്റ്ററിലും ഇരിക്കാനാകില്ല.
നിയമപ്രകാരം അഞ്ചും ഏഴും സെമസ്റ്ററുകളിൽ പഠനം സാധ്യമാകാത്ത വിദ്യാർഥികൾ എല്ലാ സെമസ്റ്റർ പരീക്ഷകളും ജയിച്ചുകഴിഞ്ഞ് ജൂനിയർ വിദ്യാർഥികൾക്കൊപ്പമിരുന്നുവേണം പഠനം പൂർത്തിയാക്കാൻ. ഇതോടെ നാലുവർഷത്തെ പ്രൊഫഷണൽ കോഴ്സ് പൂർത്തിയാക്കാൻ അഞ്ചും ആറും വർഷം വേണ്ടിവരും. നിലവിലുള്ള മറ്റെല്ലാ പ്രൊഫഷണൽ കോഴ്സുകൾക്കും ഇയർബാക്ക് നടപ്പാക്കുന്നത് അവസാന വർഷത്തിൽ മാത്രമാണ്. ബി.ഫാം. കോഴ്സിനുമാത്രം ഇത് മൂന്നാം വർഷത്തിലും നാലാം വർഷത്തിലും നടപ്പാക്കുന്നു. ബി.ഫാം. ഒഴികെ എല്ലാ കോഴ്സുകൾക്കും ക്ലാസ് പ്രമോഷൻ ലഭിക്കുന്നുണ്ട്.
കേരളത്തിലെ മിക്ക കോളേജുകളിൽ നിന്നും വിദ്യാർഥികൾ നേരിട്ട് സർവകലാശാലയിൽ എത്തി പ്രശ്നങ്ങൾ അവതരിപ്പിച്ചെങ്കിലും നടപടി ഒന്നുമുണ്ടായില്ല.
സെമസ്റ്റർ പരീക്ഷയിൽ തോറ്റ വിഷയങ്ങൾക്കുള്ള പരീക്ഷ ഉടൻ നടത്തി പെട്ടെന്ന് ഫലം പ്രസിദ്ധപ്പെടുത്തിയാൽ ഹാജർ നഷ്ടമാകാതെ അതേ സെമസ്റ്ററിൽ പഠനം തുടരാനാകും. ഇക്കാര്യം പരിഗണിക്കണമെന്നാണ് വിദ്യാർഥികളുടെ ആവശ്യം. മിക്ക വിദ്യാർഥികളും ബുദ്ധിമുട്ട് അനുഭവിക്കുന്ന കുടുംബങ്ങളിൽ നിന്നുള്ളവരും വായ്പയെടുത്തു പഠിക്കുന്നവരുമാണ്.