പേരാവൂർ താലൂക്കാസ്പത്രി ബഹുനില കെട്ടിട നിർമ്മാണ പ്രവൃത്തികൾക്ക് തുടക്കം

പേരാവൂർ: ഏറെ നാളത്തെ സാങ്കേതിക പ്രശ്നങ്ങൾക്കും പ്രതിസന്ധികൾക്കും വിരാമമിട്ട് പേരാവൂർ താലൂക്കാസ്പത്രി ബഹുനില കെട്ടിട നിർമ്മാണ പ്രവൃത്തികൾക്ക് തുടക്കമായി. ഫെബ്രുവരിയിൽ താലൂക്കാസ്പത്രിയുടെ ബഹുനില കെട്ടിട നിർമാണ ടെൻഡറിന് ആരോഗ്യ വകുപ്പിൻ്റെ അന്തിമാനുമതി ലഭിച്ചിരുന്നു. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സഹകരണ സൊസൈറ്റിക്കാണ് ടെൻഡർ നൽകിയത്.
കിഫ്ബി ഫണ്ടിൽ അനുവദിച്ച ഒന്നാംഘട്ട കെട്ടിട നിർമാണത്തിൻ്റെ ഭാഗമായുള്ള പ്രവൃത്തികളാണ് ബുധനാഴ്ച തുടങ്ങിയത്. ആസ്പത്രിയുടെ ഭരണ ചുമതലയുള്ള പേരാവൂർ ബ്ലോക്ക് പഞ്ചായത്തും സി.പി.എം പേരാവൂർ ഏരിയാ കമ്മറ്റിയുടെയും അടിയന്തര ഇടപെടലിനെത്തുടർന്നാണ് ആരോഗ്യ മന്ത്രി വീണാ ജോർജ് ഇടപെട്ട് അന്തിമാനുമതി ലഭ്യമാക്കിയത്.