മുസ്ലിംങ്ങള്‍ക്ക് ഇന്ത്യന്‍ പൗരത്വം തേടുന്നതിന് തടസ്സമില്ല ; പൗരത്വ ഭേദഗതിയില്‍ വിശദീകരണവുമായി കേന്ദ്രം

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമം(സി.എ.എ) ഇന്ത്യന്‍ മുസ്ലിംകളുടെ സ്വാതന്ത്ര്യവും അവസരങ്ങളും ഹനിക്കുന്നില്ലെന്ന് ആവര്‍ത്തിച്ച് കേന്ദ്ര സര്‍ക്കാര്‍. ലോകത്തെവിടെയുമുള്ള മുസ്ലിംകള്‍ക്ക് ഇന്ത്യന്‍ പൗരത്വം തേടുന്നതിന് യാതൊരു തടസവുമില്ലെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പൗരത്വ നിയമത്തിലെ സെക്ഷന്‍ 6 പ്രകാരം ലോകത്തെവിടെയുമുള്ള മുസ്ലിംകള്‍ക്ക് ഇന്ത്യന്‍ പൗരത്വം തേടാം.
പൗരത്വ നിയമങ്ങള്‍ സി.എ.എ. മൂലം റദ്ദാക്കപ്പെടുന്നില്ല. അതിനാല്‍, ഏതെങ്കിലും വിദേശ രാജ്യത്തുനിന്നുള്ള മുസ്‌ലിം കുടിയേറ്റക്കാര്‍ ഉള്‍പ്പെടെ ഏത് വ്യക്തിക്കും ഇന്ത്യന്‍ പൗരനാകാന്‍ നിലവിലുള്ള നിയമങ്ങള്‍ പ്രകാരം അപേക്ഷിക്കാം. അവരുടെ പൗരത്വത്തെ ബാധിക്കുന്ന ഒരു വ്യവസ്ഥയും സി.എ.എയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. നിലവില്‍ രാജ്യത്തുള്ള 18 കോടി ഇന്ത്യന്‍ മുസ്ലിംകള്‍ക്ക് ആശങ്കയ്ക്കു കാരണമില്ല.
2014 ഡിസംബര്‍ 31 ന് മുമ്പ് ഇന്ത്യയിലെത്തിയ പാകിസ്താന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍നിന്നുള്ള രേഖകളില്ലാത്ത മുസ്ലിം ഇതര കുടിയേറ്റക്കാര്‍ക്ക് പൗരത്വത്തിനുള്ള അപേക്ഷയുടെ യോഗ്യതാ കാലയളവ് 11 ല്‍നിന്ന് 5 വര്‍ഷമായി കുറയ്ക്കുന്നതിനുള്ള നിയമമാണു നടപ്പാക്കുന്നത്. ഇസ്ലാമിക രാജ്യങ്ങളില്‍ (പാകിസ്താന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍) പീഡിപ്പിക്കപ്പെടുന്ന ഒരു മുസ്‌ലിമിനെയും നിലവിലുള്ള നിയമങ്ങള്‍ പ്രകാരം ഇന്ത്യന്‍ പൗരത്വത്തിന് അപേക്ഷിക്കുന്നതില്‍നിന്നു വിലക്കുന്നില്ല.
പൗരത്വം തെളിയിക്കുന്നതിനുള്ള ഒരു രേഖയും ഹാജരാക്കാന്‍ ഒരു ഇന്ത്യന്‍ പൗരനോടും ആവശ്യപ്പെടില്ലെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. തങ്ങളുടെ രാജ്യങ്ങളില്‍ മതപരമായ പീഡനം നേരിട്ട അഭയാര്‍ഥികള്‍ക്ക് മാനുഷിക വീക്ഷണകോണില്‍നിന്ന് പൗരത്വം നല്‍കാനുള്ള അവകാശം ഇന്ത്യന്‍ ഭരണഘടന സര്‍ക്കാരിന് നല്‍കുന്നുണ്ടെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.