ബൈപ്പാസ് ടോൾ പ്ലാസ: എമര്‍ജന്‍സി വാഹനങ്ങള്‍ക്ക് പ്രത്യേക ലൈന്‍ ഒരുക്കാന്‍ നിര്‍ദേശം

Share our post

കണ്ണൂർ: തലശ്ശേരി-മാഹി ബൈപ്പാസ് ടോള്‍ പ്ലാസയില്‍ ആംബുലന്‍സ് ഉള്‍പ്പെടെയുള്ള എമര്‍ജന്‍സി വാഹനങ്ങള്‍ക്ക് പ്രത്യേക ലൈന്‍ ക്രമീകരിക്കാന്‍ ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം നിര്‍ദേശം നല്‍കി.

ദേശീയ പാത അതോറിറ്റിയും ടോള്‍ ഏജന്‍സിയും ഇതിനാവശ്യമായ ക്രമീകരണം ഒരുക്കണം. ഉദ്ഘാടന ദിവസം ടോള്‍ പ്ലാസയിലുണ്ടായ വാഹനത്തിരക്ക് കണക്കിലെടുത്താണ് തീരുമാനം.

ടോള്‍ പ്ലാസക്ക് സമീപം രണ്ടാമത്തെ ലൈനാണ് എമര്‍ജന്‍സി വാഹനങ്ങള്‍ക്ക് കടന്നുപോകാനായി ക്രമീകരിക്കുക. ഇതിനായി 100 മീറ്റര്‍ ദൂരം താല്‍ക്കാലിക ബാരിക്കേഡ് ഉപയോഗിച്ച് മാര്‍ക്ക് ചെയ്യും. മറ്റ് വാഹനങ്ങള്‍ ഒന്നും മൂന്നും ലൈനിലായാണ് ടോള്‍ പ്ലാസക്ക് സമീപം നിര്‍ത്തേണ്ടത്.
ഇതിനാവശ്യമായ ജീവനക്കാരെ നിയോഗിക്കാനും നിര്‍ദേശങ്ങളടങ്ങിയ സൂചന ബോര്‍ഡുകള്‍ സ്ഥാപിക്കാനും യോഗം തീരുമാനിച്ചു.

ഫാസ്ടാഗ് ഇല്ലാത്ത വാഹനങ്ങള്‍ക്ക് ബൈപ്പാസ് ടോള്‍ പ്ലാസയില്‍ പിഴ ഇടാക്കുന്നുണ്ട്. ഫാസ്ടാഗ് എടുക്കുന്നതിന് സൗകര്യമൊരുക്കാന്‍ ബൈപ്പാസില്‍ രണ്ടിടത്ത് ഫാസ്ടാഗ് കിയോസ്‌ക്ക് പ്രവര്‍ത്തിക്കുന്നതായി ദേശീയപാത അതോറിറ്റി അറിയിച്ചു. ഉദ്ഘാടന ദിവസം മണിക്കൂറില്‍ ശരാശരി 400 വാഹനങ്ങളാണ് ബൈപ്പാസ് വഴി കടന്നുപോയത്.

കൂടുതല്‍ വാഹനങ്ങള്‍ ഫാസ്ടാഗ് ഉപയോഗിക്കുന്നതോടെ ടോള്‍പ്ലാസയിലെ തിരക്ക് കുറയുമെന്നും അവര്‍ പറഞ്ഞു. ടോള്‍ പ്ലാസയിലെ തിരക്ക് ഒഴിവാക്കാന്‍ ആവശ്യമായ ക്രമീകരണം സംബന്ധിച്ച് പ്രപ്പോസല്‍ തയ്യാറാക്കി സമര്‍പ്പിക്കാനും യോഗം ദേശീയപാത അതോറിറ്റിക്ക് നിര്‍ദേശം നല്‍കി.
യോഗത്തില്‍ സിറ്റി പൊലീസ് കമ്മീഷണര്‍ അജിത് കുമാര്‍, എഡിഎം നവീന്‍ ബാബു, ദേശീയപാത അതോറിറ്റി, ആര്‍ടിഒ ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും പങ്കെടുത്തു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!