കാരുണ്യക്ക് 150 കോടികൂടി അനുവദിച്ചു

Share our post

കണ്ണൂർ : കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിക്ക്‌ (കാസ്‌പ്‌) 150 കോടി രൂപകൂടി അനുവദിച്ചതായി ധനമന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു. കഴിഞ്ഞമാസം ആദ്യം 100 കോടി രൂപ നൽകിയിരുന്നു. രണ്ടാം പിണറായി സർക്കാർ ഇതുവരെ 2695 കോടി രൂപയാണ്‌ പദ്ധതിക്കായി നൽകിയത്‌. ഇതിൽ കേന്ദ്ര സർക്കാർ വിഹിതം വർഷം 151 കോടി മാത്രമാണ്‌.

സംസ്ഥാനത്തെ 41.96 ലക്ഷം കുടുംബങ്ങൾക്ക്‌ വർഷം അഞ്ചു ലക്ഷം രൂപയുടെ ആശുപത്രി ചികിത്സയാണ്‌ പദ്ധതിയിലൂടെ ഉറപ്പാക്കുന്നത്‌. ഇവർക്ക്‌ സർക്കാർ, എംപാനൽ ചെയ്‌ത സ്വകാര്യ ആശുപത്രികൾ എന്നിവിടങ്ങളിൽ സൗജന്യ ചികിത്സാ സൗകര്യമുണ്ട്‌. കുടുംബത്തിലെ മുഴുവൻ വ്യക്തികൾക്കോ ഒരു വ്യക്തിക്കു മാത്രമായോ പദ്ധതിയിലൂടെ സഹായം ലഭിക്കും.

കുടുംബാംഗങ്ങളുടെ എണ്ണമോ പ്രായപരിധിയോ സഹായത്തിന്‌ പരിഗണിക്കുന്നതിന്‌ തടസ്സമാകില്ല. അംഗമാകുന്ന എല്ലാ വ്യക്തിക്കും മുൻഗണനാ മാനദണ്ഡങ്ങളില്ലാതെ ചികിത്സാസഹായം ലഭ്യമാകുന്നുവെന്നതും പ്രത്യേകതയാണ്‌. അറുനൂറിലേറെ ആശുപത്രികളിലാണ്‌ കാസ്‌പ്‌ ചികിത്സ സൗകര്യമുള്ളത്‌.

കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയിൽ ഉൾപ്പെടാത്തതും വാർഷിക വരുമാനം മൂന്നുലക്ഷത്തിൽ താഴെയുള്ളതുമായ കുടുംബങ്ങൾക്ക്‌ കാരുണ്യ ബെനവലന്റ് ഫണ്ട് സൗജന്യ ചികിത്സാ പദ്ധതിയുമുണ്ട്‌.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!