ടൈറ്റാനിയം അഴിമതി; സി.ബി.ഐ സമര്‍പ്പിച്ച എഫ്.ഐ.ആര്‍ വസ്തുതാ വിരുദ്ധമെന്ന് പരാതിക്കാരന്‍

പേരാവൂര്‍: ട്രാവന്‍കൂര്‍ ടൈറ്റാനിയം അഴിമതി കേസില്‍ തിരുവനന്തപുരം സി.ബി.ഐ കോടതിയില്‍ സമര്‍പ്പിച്ച എഫ്.ഐ.ആര്‍ വസ്തുതാ വിരുദ്ധമാണെന്നും എഫ്.ഐ.ആര്‍ റദ്ദാക്കണമെന്നും കേസിലെ ആദ്യ പരാതിക്കാരന്‍ സെബാസ്റ്റ്യന്‍ ജോര്‍ജ് പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ടൈറ്റാനിയം അഴിമതിയുടെ കാര്യത്തില്‍ മോദിജി നല്‍കുന്ന ഗാരന്റി എന്തെന്ന് നേതാക്കന്മാര്‍ വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
13 വര്‍ഷം കേസ് അന്വേഷിച്ച കേരള വിജിലന്‍സ്, കോടികളുടെ അഴിമതിയും പൊതുമുതല്‍ നഷ്ടവും ശരിവെച്ചുവെങ്കിലും ആരെയും അറസ്റ്റ് ചെയ്യാതെ കുറ്റപത്രം കോടതിയില്‍ സമര്‍പ്പിക്കാതെ സി.ബി.ഐ.ക്ക് കൈമാറുകയായിരുന്നു. കേരള വിജിലന്‍സ് 2015-ല്‍ കോടതിയില്‍ സമര്‍പ്പിച്ച എഫ്.ഐ.ആര്‍ അതേപടി പകര്‍ത്തി കോടതിയില്‍ നല്‍കുക മാത്രമാണ് സി .ബി.ഐ ചെയ്തതെന്ന് സെബാസ്റ്റ്യന്‍ ആരോപിച്ചു.
2006-ല്‍ മുഖ്യമന്ത്രി വി.എസ്.അച്യുതാന്ദന് താന്‍ നല്‍കിയ പരാതിയിലാണ് വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടത്. കുറ്റക്കാര്‍ മരണ മടയുന്നതുവരെ കേസ് നീട്ടിക്കൊണ്ടു പോകുക എന്ന തന്ത്രമാണ് വിജിലന്‍സും സി.ബി.ഐ.യും സ്വീകരിച്ചിട്ടുള്ളത്. സി.ബി.ഐ ഇപ്പോള്‍ നല്‍കിയിട്ടുള്ള എഫ്.ഐ.ആറിലുള്ള അഞ്ച് ഉദ്യോഗസ്ഥരില്‍ മൂന്ന് പേര്‍ ഇപ്പോള്‍ ജീവിച്ചിരിപ്പില്ല. ടൈറ്റാനിയം അഴിമതിയുടെ 20 വര്‍ഷത്തെ ചരിത്രമടങ്ങുന്നസമഗ്രമായ അന്വേഷണ റിപ്പോര്‍ട്ട് സി.ബി.ഐ.ക്ക് അയച്ചു കൊടുത്തിരുന്നു. ഇതൊന്നും പരിശോധിക്കാന്‍ മിനക്കെടാതെ അഴിമതിക്കാരെ സംരക്ഷിക്കുവാനുള്ള നിലപാടാണ് സി.ബി.ഐ സ്വീകരിച്ചത്.
ജോലി ചെയ്തിരുന്ന സ്ഥാപനത്തെ വന്‍ തകര്‍ച്ചയില്‍ നിന്നും രക്ഷിക്കുവാനും കോടികളുടെ അഴിമതിയും പൊതുമുതല്‍ നഷ്ടവും തടയുവാനും കോടതിയെ സമീപിച്ച ഞാന്‍ 23 വര്‍ഷമായി നീതിക്കുവേണ്ടി അലയുന്നു. അഴിമതിക്കെതിരെ പോരാടുവാന്‍ മുന്‍പോട്ടു വരുന്ന പൗരന്മാര്‍ക്ക് സര്‍ക്കാരോ കോടതികളോ വിജിലന്‍സോ സി.ബി.ഐ.യോ യാതൊരു വിധ സഹായവും നല്‍കുന്നില്ല.
300 കോടിയുടെ നഷ്ടം വരുത്തിയ സംസ്ഥാനത്തെ പ്രമുഖ പൊതുമേഖലാ സ്ഥാപനത്തെ തകര്‍ത്ത അഴിമതിയെക്കാള്‍ സീരിയസ് ഫ്രോഡാണ് ഒന്നേ മുക്കാല്‍ കോടിയുടെ മാസപ്പടി എന്ന രീതിയിലാണ് കേന്ദ്ര ഏജന്‍സികള്‍ പ്രവര്‍ത്തിക്കുന്നത് . ടൈറ്റാനിയം അഴിമതിക്കേസ് അന്വേഷിക്കാന്‍ സി.ബി.ഐ.ക്ക് താത്പര്യമില്ലെന്നും സെബാസ്റ്റ്യന്‍ ജോര്‍ജ് ആരോപിച്ചു.