തലശ്ശേരി- കൊടുവള്ളി- മമ്പറം- മട്ടന്നൂർ റോഡ് വികസന അലൈൻമെന്റിൽ മാറ്റം വേണമെന്ന് ഭൂവുടമകൾ

മട്ടന്നൂർ: കണ്ണൂർ വിമാനത്താവളത്തിലേക്ക് വികസിപ്പിക്കുന്ന തലശ്ശേരി-കൊടുവള്ളി-മമ്പറം-മട്ടന്നൂർ റോഡിന്റെ അലൈൻമെന്റിൽ മാറ്റം ആവശ്യപ്പെട്ട് ഭൂവുടമകൾ. റോഡ് വിമാനത്താവള ഗേറ്റ് മുതൽ വായന്തോട് വരെ നീട്ടുന്ന ഭാഗത്ത് ഇരുവശത്തു നിന്നും തുല്യമായി സ്ഥലമേറ്റെടുക്കണമെന്നും ഇതുവഴി കുടിയൊഴിപ്പിക്കുന്ന വീടുകളുടെയും വസ്തുവകകളുടെയും എണ്ണം കുറയ്ക്കാമെന്നാണ് ഇവരുടെ വാദം.
നിലവിൽ റോഡിന്റെ ഒരു വശത്തു നിന്ന് കൂടുതൽ സ്ഥലമേറ്റെടുക്കുന്ന തരത്തിലാണ് അലൈൻമെന്റ് ഉള്ളത്. റോഡ് വികസനത്തിനുള്ള സാമൂഹികാഘാത പഠനത്തിന്റെ ഭാഗമായി ചേർന്ന ഭൂവുടമകളുടെ യോഗത്തിലാണ് ആവശ്യമുന്നയിച്ചത്. എന്നാൽ ഒരു ഭാഗത്ത് കല്ലേരിക്കര തോട് ഉൾപ്പടെ ഉള്ളതിനാലാണ് ഒരു വശം ചേർന്ന് കൂടുതൽ സ്ഥലമേറ്റെടുക്കേണ്ടി വരുന്നതെന്ന് കെ.ആർ.എഫ്.ബി, റവന്യൂ അധികൃതർ യോഗത്തിൽ അറിയിച്ചു. ബംഗളൂരു ആസ്ഥാനമായ ഐഡക്ക് എന്ന ഏജൻസിയാണ് സർവേ നടത്തി അലൈൻമെന്റ് തയ്യാറാക്കിയത്.
വളവുകളും കയറ്റിറക്കങ്ങളും കുറച്ചുകൊണ്ട് നിശ്ചിത സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചാണ് വിമാനത്താവളത്തിലേക്ക് റോഡ് നിർമ്മിക്കുന്നത്. അലൈൻമെന്റിൽ മാറ്റം ബുദ്ധിമുട്ടായിരിക്കുമെന്നും അധികൃതർ അറിയിച്ചു. കല്ലേരിക്കര മുതൽ വായന്തോട് വരെയുള്ള റോഡിന്റെ ഒരു വശത്ത് നിന്ന് കൂടുതൽ സ്ഥലമേറ്റെടുക്കുന്നതിനെതിരെ നേരത്തെയും പ്രതിഷേധമുയർന്നിരുന്നു. നിരവധി വീടുകളും സ്‌കൂളടക്കമുള്ള സ്ഥാപനങ്ങളും പൊളിച്ചുനീക്കേണ്ടി വരുന്ന വിധത്തിലാണ് റോഡിന്റെ അതിർത്തി കല്ലുകൾ സ്ഥാപിച്ചിട്ടുള്ളത്.
ഏറ്റെടുക്കേണ്ടത് 39.93 ഹെക്ടർ
തലശ്ശേരി-കൊടുവള്ളി- മട്ടന്നൂർ വരെ 24.5 കിലോമീറ്റർ നീളത്തിൽ റോഡ് നിർമ്മിക്കാൻ 39.93 ഹെക്ടർ സ്ഥലമാണ് ഏറ്റെടുക്കേണ്ടത്. തലശ്ശേരി, ഇരിട്ടി താലൂക്കുകളിൽപ്പെട്ട ഏഴു വില്ലേജുകളിൽ നിന്നാണ് സ്ഥലമേറ്റെടുക്കേണ്ടത്. തൃക്കാക്കര ഭാരത് മാതാ സ്‌കൂൾ ഒഫ് സോഷ്യൽ വർക്കാണ് റിപ്പോർട്ട് തയ്യാറാക്കിയത്. സ്ഥലമേറ്റെടുപ്പിനായി വകയിരുത്തിയത് 423.72 കോടി.
ഭൂമി നഷ്ടമാകുന്നവർ 1110
വീടുകൾ 749
കടകൾ 140
സ്കൂളുകൾ 02
പൊതുസ്ഥാപനങ്ങൾ 15
മുറിച്ചുമാറ്റേണ്ടുന്ന മരങ്ങൾ 4441