പൗരത്വത്തിന് അപേക്ഷിക്കാം, വെബ്സൈറ്റ് സജ്ജം; മൊബൈൽ നമ്പറും ഇ-മെയിലും വേണം

Share our post

ന്യൂഡൽഹി: രാജ്യവ്യാപക പ്രതിഷേധങ്ങൾക്കും വിമർശനങ്ങൾക്കുമിടയിലും പൗരത്വ നിയമ ഭേദഗതി അനുസരിച്ച് പൗരത്വത്തിന് അപേക്ഷിക്കാനുള്ള സർക്കാർ വെബ്സൈറ്റ് സജ്ജമായി.indiancitizenshiponline.nic.in വെബ്സൈറ്റിലാണ് പൗരത്വത്തിന് അപേക്ഷിക്കേണ്ടത്. അപേക്ഷകർക്ക് സ്വന്തം മൊബൈൽ നമ്പറും ഇ-മെയിലും വേണമെന്നത് നിർബന്ധമാണ്.

വെബ്സൈറ്റിൽ അപേക്ഷിച്ച് നിശ്ചിത ഫീസുമടയ്ക്കണം.ഓൺലൈനായി അപേക്ഷ സമർപ്പിച്ച, ഇന്ത്യയിലുള്ളവർ അതിന്റെ പകർപ്പ് ജില്ലാ കളക്ടർക്ക് സമർപ്പിക്കണം. അപേക്ഷ സമർപ്പിച്ച, ഇന്ത്യക്ക് പുറത്തുള്ളവർ ഇന്ത്യൻ കോൺസുലർ ജനറലിന് പകർപ്പ് സമർപ്പിക്കണം. അപേക്ഷകന്റെ അപേക്ഷകയുടെ പശ്ചാത്തലം അടക്കം പരിശോധിച്ച് നിശ്ചിത സമയത്തിനകം നടപടി സ്വീകരിക്കുമെന്ന് പോർട്ടലിൽ വ്യക്തമാക്കുന്നു.

ശക്തമായ വിമർശനങ്ങൾക്കിടെയാണ് കേന്ദ്രസർക്കാർ പൗരത്വ നിയമ ഭേ​ദ​ഗതി നടപ്പിലാക്കിയത്. ഇന്നലെയാണ് പൗരത്വ നിയമ ഭേദഗതി നിയമം പ്രാബല്യത്തിൽ വന്നത്. പാകിസ്ഥാൻ ,ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളിലെ ആറ് മത ന്യൂനപക്ഷങ്ങൾക്ക് പൗരത്വം വ്യവസ്ഥ ചെയ്യുന്നതാണ് നിയമം. പൗരത്വം നൽകുന്നവർക്ക് ഡിജിറ്റൽ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് നൽകും.

പാകിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളിലെ ഹിന്ദു, സിഖ്, ക്രിസ്ത്യൻ, പാഴ്സി, ജൈന, ബുദ്ധ മതവിഭാഗങ്ങളിൽ പെട്ടവർക്ക് പൗരത്വം നൽകുന്നതാണ് നിയമം. ഈ വിഭാഗത്തിൽപ്പെട്ട അഭയാർത്ഥികളുടെ പുനരധിവാസത്തിനുള്ള നിയമ തടസങ്ങൾ നീങ്ങുമെന്ന് സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. വിദ്യാഭ്യാസം നേടാനും, വ്യാപാര സ്വാതന്ത്ര്യത്തിനും, വസ്തുവകകൾ വാങ്ങാനും പൗരത്വം നേടുന്നവർക്ക് അവകാശമുണ്ടാകും.

ഇന്ത്യക്കാർക്ക് വേണ്ടിയുള്ളതല്ല നിയമമെന്ന വിശദീകരണവും ഇത് സംബന്ധിച്ച് ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ട വാര്‍ത്താക്കുറിപ്പിലുണ്ട്. ഇന്ത്യൻ വംശജർ, ഇന്ത്യൻ പൗരനെ വിവാഹം ചെയ്തവർ, ഇന്ത്യൻ പൗരന്റെ പ്രായപൂർത്തിയാകാത്ത മക്കൾ, അച്ഛനമ്മമാരിൽ ആരെങ്കിലും ഒരാൾ ഇന്ത്യൻ പൗരൻ ആയവർ എന്നിവർക്ക് പൗരത്വത്തിന് അപേക്ഷിക്കാം.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!