കൂത്തുപറമ്പിൽ 101 കുടുംബങ്ങൾക്ക് ഇനി പുത്തൻ ‘ലൈഫ്’

കൂത്തുപറമ്പ് : ലൈഫ്മിഷൻ പദ്ധതിയിലൂടെ വീടെന്ന സ്വപ്നം യാഥാർഥ്യമായത് 101 കുടുംബങ്ങൾക്ക്. മാങ്ങാട്ടിടം പഞ്ചായത്തിൽ 37 കുടുംബങ്ങൾക്കും പാട്യത്ത് 31-ഉം കുന്നോത്തുപറമ്പിൽ 33-ഉം വീടുകളുടെ താക്കോലുകളാണ് തിങ്കളാഴ്ച മന്ത്രി എം.ബി. രാജേഷ് കൈമാറിയത്.
കേന്ദ്രവിഹിതം ലഭിക്കാത്തതും വായ്പാപരിധി വെട്ടിക്കുറച്ചതും ലൈഫ് പദ്ധതിയെയും ക്ഷേമപെൻഷൻ വിതരണത്തെയും ബാധിച്ചിട്ടുണ്ട്. ഇന്ത്യയിൽ വീട് വെക്കാൻ ഏറ്റവും ഉയർന്ന തുക നൽകുന്ന സംസ്ഥാനമാണ് കേരളം. സംസ്ഥാന സർക്കാർ ഓരോ കുടുംബങ്ങൾക്കും നാല് ലക്ഷം രൂപ വീതം നൽകുമ്പോൾ കേന്ദ്രം 72,000 രൂപ മാത്രമാണ് നൽകുന്നതെന്നും ഇതൊട്ടും പര്യാപ്തമല്ല -മന്ത്രി പറഞ്ഞു.
മാങ്ങാട്ടിടത്ത് ആദ്യഘട്ടത്തിൽ 27 വീടുകൾ പൂർത്തിയാക്കിയിരുന്നു. 36 വീടുകളുടെ നിർമാണം അന്തിമഘട്ടത്തിലാണ്.
പഞ്ചായത്ത് പ്രസിഡൻറ് പി.സി. ഗംഗാധരൻ അധ്യക്ഷനായി. കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ആർ. ഷീല വിശിഷ്ടാതിഥിയായി. എസ്. അനിൽ, കെ. ശാന്തമ്മ, പി.കെ. ബഷീർ, ടി. ബാലൻ, കെ.പി. ബാലകൃഷ്ണൻ, പി.പി. രാഗേഷ്, ഇബ്രാഹിം പഞ്ചാര, മിഥുൻ കണ്ടംകുന്ന് എന്നിവർ സംസാരിച്ചു.
പാട്യം : പാട്യം പഞ്ചായത്തിൽ താക്കോൽ കൈമാറ്റവും ലൈഫ് കുടുംബസംഗമവും മന്ത്രി എം.ബി. രാജേഷ് ഉദ്ഘാടനംചെയ്തു. കെ.പി. മോഹനൻ എം.എൽ.എ. അധ്യക്ഷതവഹിച്ചു.
ജില്ലാ പഞായത്ത് പ്രസിഡൻറ് പി.പി. ദിവ്യ, കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ആർ. ഷീല, പാട്യം പഞ്ചായത്ത് പ്രസിഡൻറ് എൻ.വി. ഷിനിജ, കെ.പി. പ്രദീപ്കുമാർ, ടി. ദാമോദരൻ, ടി. സുജാത, മുഹമ്മദ് ഫായിസ് അരൂൾ, കെ. ഷൈമ എന്നിവർ സംസാരിച്ചു.
കുന്നോത്തുപറമ്പ് : കുന്നോത്തുപറമ്പ് പഞ്ചായത്തിൽ താക്കോൽ കൈമാറ്റവും ലൈഫ് ഗുണഭോക്താക്കളുടെ കുടുംബസംഗമവും മന്ത്രി എം.ബി. രാജേഷ് ഉദ്ഘാടനംചെയ്തു. കെ.പി. മോഹനൻ എം.എൽ.എ. അധ്യക്ഷനായി.
പഞ്ചായത്ത് പ്രസിഡൻറ് കെ. ലത, എൻ. അനിൽ കുമാർ, ഉഷ രയരോത്ത്, വി.പി. ശാന്ത, സാദിഖ് പാറാട്, ചന്ദ്രിക പതിയൻറവിടെ, പി. മഹിജ, പി.കെ. മുഹമ്മദലി, എൻ.പി. അനിത എന്നിവർ സംസാരിച്ചു.