തൂക്കുകയർ കുരുക്കഴിക്കാൻ 34 കോടി; റഹീമിന്റെ മോചനത്തിന്‌ ആപ്പുമായി നാട്‌

Share our post

കോഴിക്കോട്‌: നീതിപീഠം വിധിച്ച മരണത്തിനും ജീവിതത്തിനും ഇടയിൽ റഹീമിന്‌ മുന്നിലുള്ളത്‌ 34 കോടി രൂപയുടെ ദൂരം. ഒരുനിമിഷത്തെ കൈയബദ്ധത്തിനുള്ള പിഴയായി മരണശിക്ഷ കാത്ത്‌ കഴിയുന്ന റഹീമിന്‌ മുന്നിൽ ജയിൽ മോചനത്തിനുള്ള ഏകവഴി 14 മില്യൻ സൗദി റിയാൽ (ഏതാണ്ട്‌ 34 കോടി രൂപ) നൽകുകയെന്നതാണ്‌. അവസാന പ്രതീക്ഷയിലേക്ക്‌ ഉറ്റുനോക്കുകയാണ്‌ റഹീമിന്റെ കുടുംബവും പ്രവാസലോകവും. ക്രൗഡ്‌ ഫണ്ടിങ്ങിന്‌ ആപ്‌ പുറത്തിറക്കി ഒരുമിക്കുകയാണ്‌ റഹീമിന്റെ ജന്മനാട്‌.

ഫറോക്കിൽ ഓട്ടോ ഡ്രൈവറായിരുന്ന എം പി അബ്‌ദുൾ റഹീം 2006ലാണ്‌ സൗദിയിൽ എത്തുന്നത്‌. ജോലിക്ക്‌ കയറി മൂന്നുമാസത്തിനകം ജയിലിലായി. സ്‌പോൺസർ അബ്‌ദുള്ള അബ്‌റഹ്‌മാൻ അൽശഹ്‌രിയുടെ ശാരീരിക വെല്ലുവിളി നേരിടുന്ന മകൻ അനസിന്റെ മരണവുമായി ബന്ധപ്പെട്ടായിരുന്നു അത്‌.

2006 നവംബർ 26നായിരുന്നു സംഭവം. റഹീം ഓടിച്ചിരുന്ന കാറിൽ പ്രത്യേകം സജ്ജീകരിച്ച സീറ്റിലായിരുന്നു അനസ്‌. ഭക്ഷണപാനീയം നൽകാൻ ഘടിപ്പിച്ച ഉപകരണത്തിൽ കൈതട്ടിയതാണ്‌ മരണത്തിനിടയാക്കിയത്‌. തല‌ക്ക്‌ താഴോട്ട്‌ ചലനശക്തി ഇല്ലാതിരുന്ന അനസ്‌ ഇതോടെ ബോധരഹിതനായി. തുടർന്ന്‌ മരണമടഞ്ഞു. കൈയബദ്ധമാണ്‌ മരണത്തിന്‌ കാരണമായതെങ്കിലും പ്രോസിക്യൂഷന്റെയും അനസിന്റെ കുടുംബത്തിന്റേയും നിലപാട്‌ എതിരായതിനാൽ കോടതി വധശിക്ഷ വിധിച്ചു. മോചനത്തിനായി ഇന്ത്യൻ എംബസി നടത്തിയ ശ്രമവും പൗരപ്രമുഖരെ മധ്യസ്ഥരാക്കി മാപ്പ്‌ നേടാനുള്ള ശ്രമവും വിജയിച്ചില്ല.

ദിയാധനം സ്വീകരിച്ച്‌ റഹീമിന്‌ മോചനം അനുവദിക്കാമെന്ന്‌ അനസിന്റെ കുടുംബം എംബസിയെ അറിയിച്ചതോടെയാണ്‌ അതിനുള്ള ശ്രമം തുടങ്ങിയത്‌. വൻതുക ജനകീയ പങ്കാളിത്തത്തോടെ സമാഹരിക്കുന്നതിനാണ്‌ പ്ലേ സ്‌റ്റോറിലും ആപ്‌ സ്‌റ്റോറിലും ഡൗൺലോഡ്‌ ചെയ്‌ത്‌ ഉപയോഗിക്കാവുന്ന SAVEABDULRAHEEM ആപ്‌ പുറത്തിറക്കിയത്‌. ഇന്ത്യയിൽനിന്നും ഗൾഫ്‌ രാഷ്ട്രങ്ങളിൽനിന്നും ഉൾപ്പെടെ കുറഞ്ഞ സമയത്തിനകം പണം സമാഹരിക്കുകയാണ്‌ കർമസമിതിയുടെ ദൗത്യം. കെ. സുരേഷ്‌ ചെയർമാനും കെ.കെ. ആലിക്കുട്ടി കൺവീനറും എം. ഗിരീഷ്‌ ട്രഷററുമായാണ്‌ സമിതി.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!