വന്ദേഭാരത്‌ മംഗലാപുരം വരെ, കൊല്ലം- തിരുപ്പതി റൂട്ടിൽ പുതിയ ദ്വൈവാര എക്സ്പ്രസ്: ഫ്ലാ​ഗ് ഓഫ് ഇന്ന്

Share our post

തിരുവനന്തപുരം: മംഗലാപുരംവരെ നീട്ടുന്ന തിരുവനന്തപുരം–കാസർകോട്‌ വന്ദേഭാരതിന്റേയും കൊല്ലം-തിരുപ്പതി റൂട്ടിൽ പുതുതായി സർവീസ്‌ ആരംഭിക്കുന്ന ദ്വൈവാര എക്സ്പ്രസിന്റെയും ഫ്ലാഗ്‌ഓഫ്‌ ചൊവ്വാഴ്‌ച്ച നടക്കുമെന്ന്‌ ഡിവിഷണൽ റെയിൽവെ മാനേജർ മനീഷ്‌ തപ്ലിയാൽ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

തിരുവനന്തപുരത്ത് നിന്ന് ആലപ്പുഴ വഴി കാസർകോടേക്ക്‌ പോകുന്ന വന്ദേഭാരത് എക്‌സ്പ്രസാണ്‌ മംഗലാപുരം വരെ നീട്ടിയത്‌. രാവിലെ 6.15ന് മംഗലാപുരത്ത് നിന്ന് പുറപ്പെടുന്ന ട്രെയിൻ വൈകിട്ട് 3.05ന് തിരുവനന്തപുരത്തെത്തും. തിരികെ വൈകിട്ട് 4.05ന് തിരുവനന്തപുരത്ത് നിന്ന് തുടങ്ങി 12.40ന് മംഗലാപുരത്തെത്തും.

കൊല്ലം–തിരുപ്പതി റൂട്ടിൽ ചൊവ്വ, വെള്ളി ദിവസങ്ങളിലും തിരുപ്പതി–കൊല്ലം റൂട്ടിൽ ബുധൻ, ശനി ദിവസങ്ങളിലുമാണ്‌ ദ്വൈവാര എക്സ്പ്രസ് സർവീസ്‌ നടത്തുക. പകൽ 2.40ന്‌ തിരുപ്പതിയിൽ നിന്നും പുറപ്പെട്ട്‌ അടുത്തദിവസം രാവിലെ 6.20ന്‌ കൊല്ലത്തെതും വിധവും കൊല്ലത്തുനിന്ന് രാത്രി 10.45ന്‌ പുറപ്പെട്ട് അടുത്തദിവസം പുലർച്ചെ 3.20ന്‌ തിരുപ്പതിയിലെത്തും വിധവുമാണ്‌ സർവീസ്‌.

വിവിധ റെയിൽവെ സ്‌റ്റേഷനുകളിൽ ‘ഒരു സ്റ്റേഷൻ ഒരു ഉൽപ്പന്നം സ്റ്റാളുകളുടെ’ വിപുലീകരണത്തിന്റെ ഭാഗമായുള്ള ചടങ്ങുകളും നടക്കുമെന്ന്‌ മനീഷ്‌ തപ്ലിയാൽ പറഞ്ഞു.

അധിക സ്‌റ്റോപ്പ്‌

വിവിധ ട്രയിനുകൾക്ക്‌ തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ ചില സ്‌റ്റേഷനുകളിൽ പരീക്ഷണാർഥം ഒരു മിനിറ്റ്‌ സ്‌റ്റോപ്പ്‌ അനുവദിച്ച്‌ റെയിൽവെ. മംഗലാപുരം സെൻട്രൽ–തിരുവനന്തപുരം സെൻട്രൽ എക്‌സ്പ്രസിന്‌ (16348) ബുധൻ മുതൽ വർക്കല ശിവഗിരി റെയിൽവെ സ്റ്റേഷനിൽ സ്‌റ്റോപ്പ്‌ അനുവദിച്ചു. പുലർച്ചെ 2.53ന്‌ എത്തുന്ന ട്രെയിൻ 2.54 ന്‌ പുറപ്പെടും. മധുര–പുനലൂർ മധുര എക്‌സ്‌പ്രസിനു ബുധൻ മുതൽ ഇരവിപുരം സ്റ്റേഷനിൽ സ്റ്റോപ്പ്‌ അനുവദിച്ചു. വൈകിട്ട്‌ 6.32ന്‌ പുറപ്പെടുന്ന ട്രെയിൻ 6.32ന്‌ പുറപ്പെടും.

നാഗർകോവിൽ–കോട്ടയം എക്സ്‌പ്രസിന്‌ വ്യാഴം മുതൽ കാപ്പിൽ, ഇരവിപുരം, പെരിനാട്‌ സ്‌റ്റേഷനുകളിൽ സ്‌റ്റോപ്പ്‌ അനുവദിച്ചു. വൈകിട്ട്‌ നാലിന്‌ കാപ്പിൽ സ്‌റ്റേഷനിലെത്തുന്ന ട്രയിൻ 4.1നും 4.27ന്‌ ഇരവിപുരം എത്തുന്ന ട്രയിൻ 4.28നും 5.35ന്‌ പെരിനാട്‌ എത്തുന്ന ട്രയിൻ 5.36നും പുറപ്പെടും. ചെന്നൈ എഗ്‌മോർ–ഗുരുവായൂർ എക്സ്‌പ്രസിന്‌ (16127) ചൊവ്വ മുതൽ കടയ്ക്കാവൂർ സ്‌റ്റേഷനിലാണ്‌ സ്‌റ്റോപ്പ്‌ അനുവദിച്ചത്‌. രാത്രി 12.53ന്‌ എത്തുന്ന ട്രെയിൻ 12.54ന്‌ പുറപ്പെടും. ഇവിടുത്തെ സ്‌റ്റോപ്പേജിന്റെ ഉദ്‌ഘാടനം കേന്ദ്രസഹമന്ത്രി വി. മുരളീധരൻ നിർവഹിക്കും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!