കുരുക്കുകള്‍ മറക്കാം, ഇനി പറപറക്കാം; തലശ്ശേരി-മാഹി ബൈപ്പാസ് പ്രധാനമന്ത്രി നാടിന് സമര്‍പ്പിച്ചു

Share our post

കണ്ണൂര്‍: ഉത്തര മലബാറിലെ ജനങ്ങളുടെ ചിരകാലാഭിലാഷമായിരുന്ന തലശ്ശേരി-മാഹി ബൈപ്പാസ് പ്രധാനമന്ത്രി നരേന്ദ്ര മോദി നാടിന് സമർപ്പിച്ചു. വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെയാണ് പ്രധാനമന്ത്രി ബൈപ്പാസ് ഉദ്ഘാടനം ചെയ്തത്. ദേശീയപാത വികസനത്തിന്‍റെ ഭാഗമായ മലബാറിലെ ആദ്യ ആറുവരിപ്പാതയാണ് ഇതോടെ യാഥാര്‍ഥ്യമായത്.

പൊതുമരാത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ്, സ്പീക്കര്‍ എ.എന്‍. ഷംസീര്‍ എന്നിവര്‍ തലശ്ശേരി ചോനാടത്ത് ഒരുക്കിയ വേദിയില്‍ സന്നിഹിതരായി. ബൈപ്പാസിന്റെ പാലത്തിനടിയിലാണ് വേദി ഒരുക്കിയത്. ആയിരത്തിലേറെ പേരാണ് ഇവിടെ ഉദ്ഘാടന ചടങ്ങിന്റെ ഭാഗമാകാനായി എത്തിയത്. ബൈപ്പാസ് ഉദ്ഘാടനത്തിന് മാറ്റേകി വിവിധ കലാപരിപാടികളും അരങ്ങേറി.

ഉദ്ഘാടനത്തിനു ശേഷം മന്ത്രി മുഹമ്മദ് റിയാസ്, സ്പീക്കർ എ.എൻ. ഷംസീർ എന്നിവരുടെ നേതൃത്വത്തിൽ ആറുവരി പാതയിലൂടെ ഡബിൾ ഡക്കർ ബസിൽ യാത്ര നടത്തി. ഉദ്ഘാടനത്തിന് മുൻപുതന്നെ ബി.ജെ.പിയുടെ നേതൃത്വത്തിൽ ബൈപ്പാസിലൂടെ യാത്ര സംഘടിപ്പിച്ചിരുന്നു.

മലബാറിന്റെ 46 വര്‍ഷത്തെ കാത്തിരിപ്പാണ്.. ! ഇനി പറക്കാം, ഒരുങ്ങി തലശ്ശേരി-മാഹി ബൈപ്പാസ്

‘കുപ്പിക്കഴുത്തുകള്‍’ക്ക് വിട

ദേശീയപാത 66-ല്‍ തലശ്ശേരിയിലെയും മാഹിയിലെയും ‘കുപ്പിക്കഴുത്തുകള്‍’ കുപ്രസിദ്ധമാണ്. ഇഴഞ്ഞുനീങ്ങി മാത്രമേ വാഹനങ്ങള്‍ക്ക് തലശ്ശേരിയും മാഹിയും താണ്ടാന്‍ കഴിഞ്ഞിരുന്നുള്ളൂ. എന്നാല്‍, ആറുവരി ബൈപ്പാസ് യാഥാര്‍ഥ്യമായതോടെ ഈ കുപ്പിക്കഴുത്തുകളില്‍ കുരുങ്ങാതെ ദീര്‍ഘദൂരയാത്രക്കാര്‍ക്ക് കടന്നുപോകാന്‍ സാധിക്കും. തലശ്ശേരി, മാഹി നഗരങ്ങളെ പൂര്‍ണമായും ഒഴിവാക്കിയാണ് ബൈപ്പാസ് കടന്നുപോകുന്നത്.

മുഴപ്പിലങ്ങാട് മുതല്‍ മാഹി അഴിയൂര്‍വരെയുള്ള 18.6 കിലോമീറ്റര്‍ ബൈപ്പാസ്. തലശ്ശേരി, മാഹി നഗരങ്ങളില്‍ പ്രവേശിക്കാതെ കണ്ണൂര്‍ ഭാഗത്തുനിന്ന് വരുന്നവര്‍ക്ക് കോഴിക്കോട് ജില്ലയിലെ അഴിയൂരില്‍ എത്തിച്ചേരാം. മുഴപ്പിലങ്ങാട്ടുനിന്ന് ധര്‍മടം, എരഞ്ഞോളി, തലശ്ശേരി, കോടിയേരി, മാഹി വഴിയാണ് റോഡ് അഴിയൂരില്‍ എത്തിച്ചേരുന്നത്.

ഒരു മേല്‍പ്പാലം, ഒരു റെയില്‍വേ ഓവര്‍ ബ്രിഡ്ജ്, 21 അണ്ടര്‍ പാസുകള്‍, ഒരു ടോള്‍ പ്ലാസ എന്നിവയുള്‍പ്പെടുന്നതാണ് തലശ്ശേരി-മാഹി ബൈപ്പാസ്. ബൈപ്പാസിന്റെ ഇരുഭാഗത്തും 5.5 മീറ്റര്‍ വീതിയിലുള്ള സര്‍വീസ് റോഡുകളുമുണ്ട്. എറണാകുളം ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഇ.കെ.കെ. ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡിനായിരുന്നു നിര്‍മാണചുമതല. 2018-ലാണ് കമ്പനി നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. 1543 കോടിയാണ് പദ്ധതി ചെലവ്. 16.5 കിലോമീറ്ററാണ് പാതയുടെ നീളം. 1226 കോടിയാണ് ചെലവ്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!