സ്കൂളിലേക്ക് പോകുന്നവഴി കാട്ടുപന്നിയുടെ ആക്രമണം; നാലുവയസുകാരന് പരിക്ക്

പാലക്കാട്: കാട്ടുപന്നിയിടിച്ച് കെ.ജി വിദ്യാര്‍ഥിക്ക് പരിക്ക്. മണ്ണാര്‍ക്കാട് വീയ്യക്കുറിശി പച്ചക്കാട് ചേലേങ്കര കൂനല്‍ വീട്ടില്‍ ഉണ്ണികൃഷ്ണന്-സജിത ദമ്പതികളുടെ മകന് ആദിത്യന്(നാല്) ആണ് പരിക്കേറ്റത്.
പാലക്കാട് വീയ്യകുറിശിയിൽ രാവിലെ ഒമ്പതോടെയാണ് സംഭവം. അമ്മയുടെ സഹോദരിക്കും സഹോദരന് അനിരുദ്ധനുമൊപ്പം സ്കൂളിലേക്ക് പോകുന്നതിനിടെ റോഡരികില്‍ നിന്ന് കാട്ടുപന്നി കുതിച്ചെത്തുകയായിരുന്നു.
പന്നിയുടെ ഇടിയേറ്റ കുട്ടി തെറിച്ച് വീണു. കൈയ്ക്കും നെറ്റിയിലുമാണ് പരിക്കേറ്റത്. ഒപ്പമുണ്ടായിരുന്നവർ ബഹളം വച്ചതോടെ പന്നി ഓടിമറഞ്ഞു.
പിന്നീട് കുട്ടിയെ നാട്ടുകാരും ബന്ധുക്കളും ചേര്‍ന്ന് താലൂക്ക് ആസ്പത്രിയില്‍ എത്തിച്ച് ചികിത്സ നല്കി. പരിക്ക് സാരമുള്ളതല്ലെന്നാണ് വിവരം. അതേസമയം പ്രദേശത്ത് കാട്ടുപന്നിയുടെ ശല്യം രൂക്ഷമാണെന്ന് നാട്ടുകാര്‍ പറഞ്ഞു.