തിരഞ്ഞെടുപ്പ് ബോണ്ട് വിവരങ്ങള്‍ ഉടന്‍ പുറത്തുവിടണമെന്ന് സുപ്രീം കോടതി; എസ്.ബി.ഐക്ക് രൂക്ഷവിമര്‍ശനം

Share our post

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് ബോണ്ട് സംബന്ധിച്ച കേസില്‍ എസ്.ബി.ഐക്ക് സുപ്രീം കോടതിയുടെ വിമര്‍ശനം. വിവരങ്ങൾ എത്രയും വേഗം എസ്.ബി.ഐ തിരഞ്ഞെടുപ്പ് കമ്മീഷന് കൈമാറണമെന്നും മാര്‍ച്ച് 15-നകം കമ്മീഷൻ ഇത് പരസ്യപ്പെടുത്തണമെന്നും സുപ്രീം കോടതി നിർദേശിച്ചു. തിരഞ്ഞെടുപ്പ് ബോണ്ടുകളുടെ വിവരം തിരഞ്ഞെടുപ്പ് കമ്മീഷന് കൈമാറണമെന്ന് സുപ്രീം കോടതി നിര്‍ദേശിച്ചു. ബോണ്ടുകളുടെ വിവരങ്ങള്‍ നല്‍കാന്‍ ജൂണ്‍ 30 വരെ സമയംതേടി എസ്.ബി.ഐ. നല്‍കിയ ഹര്‍ജി പരിഗണിച്ചുകൊണ്ടാണ് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ചിന്‍റേത് വിധി.

സുപ്രീം കോടതി വിധി പ്രസ്താവിച്ചിട്ട് മൂന്ന് ആഴ്ച പിന്നിട്ടിട്ടും വിധി നടപ്പാക്കുന്നതിന് എന്തു നടപടിയാണ് എസ്ബിഐയുടെ ഭാഗത്തുനിന്ന് ഉണ്ടായതെന്ന് സുപ്രീം കോടതി ചോദിച്ചു. തിരഞ്ഞെടുപ്പ് ബോണ്ടുകളുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും എസ്.ബി.ഐയുടെ മുംബൈ ബ്രാഞ്ചില്‍ ഉണ്ടെന്നും അത് പരസ്യപ്പെടുത്തണമെന്നാണ് നിര്‍ദേശിച്ചിരുന്നതെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി.

തിരഞ്ഞെടുപ്പ് ബോണ്ട് വാങ്ങിയവരുടെയും പണം ലഭിച്ച പാർട്ടികളുടെയും വിവരങ്ങൾ സംയോജിപ്പിച്ച് കൈമാറുന്നതിന് കൂടുതൽ സമയം ആവശ്യമാണെന്ന് എസ്.ബി.ഐ കോടതിയിൽ പറഞ്ഞു. തിരഞ്ഞെടുപ്പ് ബോണ്ട് വാങ്ങിയത് ആരൊക്കെ എന്ന് വാങ്ങിയെന്ന് ഉടന്‍ പറയാമെന്നും ഏതൊക്കെ പാര്‍ട്ടിക്ക് പണം കിട്ടിയെന്ന് പറയാന്‍ കൂടുതല്‍ സമയം വേണമെന്നും എസ്.ബി.ഐ കോടതിയെ അറിയിച്ചു. എന്നാൽ, ഇത് കോടതി അംഗീകരിച്ചില്ല. സാങ്കേതികത്വം പറഞ്ഞ് വിവരങ്ങൾ പുറത്തുവിടാതിരിക്കാൻ കഴിയില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.

മാര്‍ച്ച് ആറിനകം എസ്.ബി.ഐ. വിവരങ്ങള്‍ നല്‍കണമെന്നും 13-നകം തിരഞ്ഞെടുപ്പ് കമ്മിഷന്റെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കണമെന്നുമാണ് ബോണ്ട് പദ്ധതി റദ്ദാക്കിക്കൊണ്ട് സുപ്രീംകോടതി നേരത്തെ നിര്‍ദേശിച്ചിരുന്നത്. എസ്.ബി.ഐ.ക്കെതിരേ അസോസിയേഷന്‍ ഓഫ് ഡെമോക്രാറ്റിക് റിഫോംസ് സമര്‍പ്പിച്ച കോടതിയലക്ഷ്യഹര്‍ജിയും സുപ്രീം കോടതി പരിഗണിച്ചു.

സമയം നീട്ടിനല്‍കണമെന്ന എസ്.ബി.ഐയുടെ ഹര്‍ജി, ബി.ജെ.പി. നയിക്കുന്ന കേന്ദ്രസര്‍ക്കാരിനെ സഹായിക്കാനാണെന്നാരോപിച്ച് പ്രതിപക്ഷ കക്ഷികള്‍ നേരത്തെ രംഗത്തെത്തിയിരുന്നു. തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന ഘട്ടത്തിൽ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നതാണ് സുപ്രീംകോടതിയുടെ വിധി എന്നാണ് വിലയിരുത്തപ്പെടുന്നത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!