സഫിയ ഇനി ടാങ്കര്‍ ഡ്രൈവര്‍; ഹസാര്‍ഡ് ലൈസന്‍സുള്ള കേരളത്തിലെ മൂന്നാമത്തെ വനിത

സഫിയയുടെ ഡ്രൈവിങ്ങിലുള്ള ഹരം അവസാനിക്കുന്നില്ല. ബൈക്കില്‍നിന്നാരംഭിച്ച ആ കമ്പം ഹെവി വാഹനങ്ങളും പിന്നിട്ട് ഇപ്പോള്‍ ടാങ്കര്‍ ലോറിയും വലിയ ഗ്യാസ് ടാങ്കര്‍ വാഹനങ്ങളും ഓടിക്കാനുള്ള ഹസാര്‍ഡ് ലൈസന്‍സില്‍ എത്തിനില്‍ക്കുകയാണ്. കേരളത്തിലെ ഹസാര്‍ഡ് ലൈസന്‍സുള്ള മൂന്നാമത്തെ വനിതയെന്ന ബഹുമതിയും ഇതോടെ സഫിയയ്ക്ക് സ്വന്തം.
ചെറുപ്പംമുതലേ സഫിയയ്ക്ക് വാഹനങ്ങളോട് അതിയായ ഭ്രമമായിരുന്നു. ആദ്യം ബൈക്ക്, പിന്നീട് കാര്‍, ഓട്ടോറിക്ഷ എന്നിവ ഓടിക്കാന്‍ പഠിച്ചു. ഇഷ്ടപ്പെട്ട മേഖലയിലെ ജോലിയെന്ന നിലയില്‍ എടപ്പാളിലെ അബ്സി ഡ്രൈവിങ് സ്‌കൂളിലെ അധ്യാപികയായി ജോലിയും സമ്പാദിച്ചു. കോവിഡ് കാലത്ത് ആ ജോലി നിലച്ചതോടെ ഉപജീവനത്തിന് പുതിയ മാര്‍ഗംതേടി. കിട്ടിയ അവസരം മുതലാക്കി ഹെവി ലൈസന്‍സ് സ്വന്തമാക്കി.
ആംബുലന്‍സ് ഡ്രൈവറായി ജോലിയില്‍ കയറി. പൊന്നാനി ജോയിന്റ് ആര്‍.ടി. ഓഫീസില്‍ നിന്ന് ഹെവി ലൈസന്‍സ് നേടിയ ആദ്യവനിതയാണ് സഫിയ. ആംബുലന്‍സില്‍ രോഗികളുമായി കുതിച്ചുപായുന്ന സഫിയ അക്കാലത്ത് പുതുമയാര്‍ന്ന കാഴ്ചയായിരുന്നു. ബസും നാഷണല്‍ പെര്‍മിറ്റ് ലോറിയുമെല്ലാം ഓടിക്കാനുള്ള ധൈര്യമായതോടെ ചങ്ങരംകുളം അടയ്ക്കാമാര്‍ക്കറ്റില്‍നിന്ന് പാലക്കാട്ടേക്ക് അടയ്ക്ക കൊണ്ടുപോകുന്ന ജോലിയും ചെയ്തു.
ഇതിനുശേഷമാണ് ഹസാര്‍ഡ് ലൈസന്‍സ് നേടണമെന്ന മോഹമുദിച്ചത്. പെട്രോളും പാചകവാതകമടക്കമുള്ള അപകടകരമായ സാധനങ്ങളുമായി പോകുന്ന വാഹനമോടിക്കുന്നതിനുള്ളതാണ് ഹസാര്‍ഡ് ലൈസന്‍സ്. എടപ്പാള്‍ ഐ.ഡി.ടി.ആറില്‍നിന്ന് പരിശീലനം പൂര്‍ത്തിയാക്കി അതും നേടി. തൃശ്ശൂരിലെ ഡലിറ്റയ്ക്കും പട്ടാമ്പിയിലെ നിഷ ബര്‍ക്കത്തിനും ശേഷം ഈ ലൈസന്‍സ് കരസ്ഥമാക്കിയ വനിതയായി ഇപ്പോള്‍ ടാങ്കറിലും ഗ്യാസ് വാഹനത്തിലുമെല്ലാം പറക്കാനുള്ള ആത്മധൈര്യത്തിലാണ്.
ഇതിനിടെ വിദേശത്തുപോയി അവിടത്തെ ലൈസന്‍സ് നേടാന്‍ ശ്രമിച്ചെങ്കിലും പെട്ടെന്നുണ്ടായ ശാരീരികാസ്വസ്ഥതമൂലം മടങ്ങി. അതു നേടുന്നതോടൊപ്പം എസ്‌കവേറ്ററും ഹിറ്റാച്ചിയും ഓടിക്കാനുള്ള ലൈസന്‍സുംകൂടി സ്വന്തമാക്കണമെന്ന മോഹമാണ് ഇപ്പോള്‍ സഫിയയെ നയിക്കുന്നത്. ഭര്‍ത്താവ് ചങ്ങരംകുളം പരുവിങ്ങല്‍ അബൂബക്കറും മക്കളായ അസ്ബിയയും അസ്നിയയും സഫിയയുടെ ഈ അപൂര്‍വ നേട്ടത്തിനൊപ്പം നില്‍ക്കുന്നവരാണ്. ഇപ്പോള്‍ കടവല്ലൂരിലാണ് താമസം.