ഓൺലൈൻ തട്ടിപ്പിൽ പൊറുതിമുട്ടി; ഗ്രാമങ്ങളിലേക്ക് സൈബർ വൊളന്റിയർമാരെ അയക്കാൻ പോലീസ്

കണ്ണൂർ : ഓൺലൈൻ പണം തട്ടിപ്പ് പരാതിപ്രളയത്തിൽ പൊറുതിമുട്ടിയ പോലീസ് അത് മറികടക്കാൻ ശ്രമംതുടങ്ങി. തട്ടിപ്പുകളെക്കുറിച്ച് പൊതുജനങ്ങളെ അറിയിക്കാൻ സംസ്ഥാനത്തെ 520 പോലീസ് സ്റ്റേഷനുകളിൽ നിന്ന് 10 വീതം വൊളന്റിയർമാരെ പരിശീലിപ്പിച്ച് ഗ്രാമങ്ങളിലേക്ക് അയക്കും. സൈബർ ഓപ്പറേഷൻസ് എസ്.പി. ഹരിശങ്കറിന്റെ നേതൃത്വത്തിലാണ് പദ്ധതി. ഇതിനായി ഓരോ ജില്ലയിലും പോലീസ് മേധാവികളുടെ മേൽനോട്ടത്തിൽ സൈബർ മേഖലയിൽ പ്രാവീണ്യമുള്ള സന്നദ്ധരായവരെ കണ്ടെത്തി പരിശീലനവും ക്ലാസുകളും തുടങ്ങി.
മാസംതോറും കളംമാറുന്ന സൈബർ തട്ടിപ്പുകാരുടെ നീക്കങ്ങൾ സൂക്ഷ്‌മമായി നിരീക്ഷിച്ചാണ് വൊളന്റിയർമാർക്ക് പരിശീലനം നൽകുന്നത്. വാട്സാപ്പ് വഴി നിരന്തര സന്ദേശങ്ങളും നൽകും. വൊളന്റിയർമാർ നാട്ടിലിറങ്ങി അവബോധം സൃഷ്ടിക്കുന്നതോടെ തട്ടിപ്പിന്റെ വ്യാപനം കുറയ്ക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് പോലീസ്.
വൊളന്റിയർമാരുടെ പ്രവർത്തനം
മൊബൈൽ, കംപ്യൂട്ടർ എന്നിവയിൽ പ്രാവീണ്യമുള്ള സന്നദ്ധപ്രവർത്തകരെയാണ് സൈബർ വൊളന്റിയർമായി നിയമിക്കുന്നത്. സ്കൂളുകൾ, കോളേജുകൾ, വായനശാല, കുടുംബശ്രീ, റസിഡന്റ്സ് അസോസിയേഷനുകൾ എന്നിവിടങ്ങളിൽ സൈബർ തട്ടിപ്പിനെക്കുറിച്ചും രീതികളെക്കുറിച്ചും ജനങ്ങൾക്ക് ക്ലാസെടുക്കും. സാമൂഹികമാധ്യമങ്ങൾ കൈകാര്യം ചെയ്യുമ്പോൾ ജാഗ്രത പാലിക്കേണ്ടതിനെക്കുറിച്ചും വിശദീകരിക്കും.