ലോകത്തെ ആദ്യ സി.എന്‍.ജി ബൈക്ക് അവതരിപ്പിക്കാന്‍ ഒരുങ്ങി ബജാജ് ഓട്ടോ

Share our post

സി.എന്‍.ജി ബൈക്ക് പുറത്തിറക്കാൻ ഒരുങ്ങി പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ബജാജ് ഓട്ടോ. ലോകത്ത് ആദ്യമായാണ് ഒരു കമ്പനി സി.എന്‍.ജി ബൈക്ക് വികസിപ്പിക്കാന്‍ ശ്രമിക്കുന്നത്. അടുത്ത വര്‍ഷം ബൈക്ക് വിപണിയില്‍ അവതരിപ്പിക്കാനായിരുന്നു കമ്പനി ആദ്യം പദ്ധതിയിട്ടിരുന്നത്. എന്നാല്‍ അടുത്ത പാദത്തില്‍ തന്നെ ബൈക്ക് പുറത്തിറക്കാനാണ് കമ്പനിയുടെ ആലോചന. ഇക്കാര്യം കമ്പനിയുടെ മാനേജിങ് ഡയറക്ടര്‍ രാജീവ് ബജാജ് സ്ഥിരീകരിച്ചിട്ടുണ്ട്.

ചെലവും മലിനീകരണവും കുറയ്‌ക്കാന്‍ ഇത് സഹായകമാകുമെന്ന് രാജീവ് ബജാജ് അവകാശപ്പെട്ടു. പരീക്ഷണ ഘട്ടത്തില്‍ തന്നെ ചെലവ് 50 മുതല്‍ 65 ശതമാനം വരെ കുറഞ്ഞതായി കണ്ടെത്തിയിട്ടുണ്ട്. മലിനീകരണവും ഗണ്യമായി കുറയ്‌ക്കാന്‍ സാധിച്ചിട്ടുണ്ട്. എന്നാല്‍ സിഎന്‍ജി മോട്ടോര്‍സൈക്കിളിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാന്‍ കമ്പനി തയ്യാറായിട്ടില്ല.

100നും 160നും ഇടയില്‍ സിസിയുള്ള ബൈക്ക് അവതരിപ്പിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. നിലവില്‍ 125 പ്ലസ് സിസി സെഗ്മെന്റില്‍ ബജാജ് മോട്ടോര്‍സൈക്കിളുമായി ബന്ധപ്പെട്ട് വലിയ വില്‍പ്പനയാണ് നടന്നുവരുന്നത്. സിഎന്‍ജി മോട്ടോര്‍സൈക്കിളും ഈ സെഗ്മെന്റില്‍ അവതരിപ്പിക്കാനാണ് സാധ്യത. ഇതിന് പുറമേ പള്‍സറിന്റെ വലിയ മോഡല്‍ അവതരിപ്പിക്കാനും ബജാജ് ഓട്ടോയ്‌ക്ക് പരിപാടിയുണ്ട്. 400 സിസിയുള്ള ബൈക്ക് അവതരിപ്പിക്കാനാണ് കമ്പനി പദ്ധതിയിടുന്നത്. ഏപ്രിലില്‍ പള്‍സര്‍ 400 അവതരിപ്പിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

വര്‍ധിച്ചുവരുന്ന ഇന്ധന വില കാരണം ആളുകള്‍ ബുദ്ധിമുട്ട് നേരിടുന്നുണ്ട്. ഇത് പരിഹരിക്കാന്‍ പുതിയൊരു സമീപനമാണ് ബജാജ് സ്വീകരിക്കുന്നത്. പെട്രോള്‍ വിലയിലുണ്ടായ വര്‍ധനവ് കണക്കിലെടുത്ത് കൂടുതല്‍ ഇന്ധനക്ഷമതയുള്ള ഗതാഗത മാര്‍ഗങ്ങള്‍ കണ്ടെത്തുകയാണ്. നിലവില്‍ ഇന്ത്യയില്‍ ഏറ്റവും മൈലേജുള്ള പെട്രോള്‍ ബൈക്കുകളില്‍ മുന്‍നിരയില്‍ ബജാജിന്റെ എന്‍ട്രിലെവല്‍ മോഡലുകളുണ്ട്.

സിഎന്‍ജി മോട്ടോര്‍സൈക്കിള്‍ കണ്‍സെപ്റ്റിനെക്കുറിച്ച് ആലോചിക്കുന്നതിന് പുറമേ ബജാജ് ഓട്ടോ ഈ വര്‍ഷം ആറ് നവീകരിച്ച മോഡലുകളും ഒരു പുതിയ പള്‍സര്‍ മോഡലും അവതരിപ്പിക്കുമെന്നും അറിയിച്ചു. കുറഞ്ഞ വിലയില്‍ ദീര്‍ഘദൂരം യാത്ര ചെയ്യാന്‍ സഹായിക്കുന്നവയായിരിക്കും ബജാജ് പുറത്തിറക്കാന്‍ പോകുന്ന സി.എന്‍.ജി ബൈക്കുകള്‍. മികച്ച മൈലേജ് നല്‍കാനും ഇവയ്‌ക്ക് സാധിക്കും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!