രാഹുൽ മാങ്കൂട്ടത്തിലിനെതിരേ നിയമനടപടി സ്വീകരിക്കും: പത്മജ

തിരുവനന്തപുരം: തന്നെ അധിക്ഷേപിച്ച യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനെതിരേ നിയമനടപടി സ്വീകരിക്കുന്ന കാര്യം ആലോചിക്കുന്നുവെന്ന് പത്മജ വേണുഗോപാൽ. പത്മജ ബി.ജെ.പിയിൽ ചേരുന്നുവെന്ന വാർത്തയ്ക്ക് പിന്നാലെയാണ് രാഹുൽ രൂക്ഷമായ പ്രതികരണം നടത്തിയത്.
ചാനലിൽ കയറി വലിയ ആളായവരൊന്നും തന്നെക്കുറിച്ച് പറയാൻ വരേണ്ടെന്ന് പത്മജ പ്രതികരിക്കുകയും ചെയ്തിരുന്നു.
അതേസമയം കെ.മുരളീധരന്റെ വിമർശനത്തോട് പ്രതികരിച്ച് പത്മജ പറഞ്ഞത് മുളീധരന്‍ ദേഷ്യം വന്നാൽ എന്തൊക്കെയാണ് പറയുകയെന്ന് അദ്ദേഹത്തിന് തന്നെ അറിയില്ല എന്നാണ്. അദ്ദേഹം പാർട്ടി വിട്ട് പല പ്രാവശ്യം പോയപ്പോഴും താൻ ഒന്നും പറഞ്ഞില്ലെന്നും പത്മജ പറഞ്ഞു.
“നേതൃത്വപാടവമാണ് പാർട്ടികളിലേക്ക് എന്നെ ആകർഷിക്കുന്നത്. എന്റെ പിതാവിനെ ലീഡർ എന്ന് വിളിച്ചിരുന്നത് തന്നെ ആ നേതൃത്വം കൊണ്ടാണ്. കോൺഗ്രസിൽ അങ്ങനെയൊരു നല്ല നേതൃത്വം ഇപ്പോഴില്ല. അതേസമയം ബി.ജെ.പി നേതൃത്വം മികച്ചതാണ്. നരേന്ദ്ര മോദിയുടെ നേതൃത്വം എടുത്ത് പറയേണ്ടതാണ്-പത്മജ പറഞ്ഞു.
നിരന്തരം അവഗണിക്കുകയും തോൽപ്പിക്കാൻ ശ്രമിക്കുകയും ചെയ്ത കോൺഗ്രസിനോടുള്ള അസംതൃപ്തിയാണ് തന്നെ ബി.ജെ.പിയിലെത്തിച്ചതെന്ന് പത്മജ പറയുന്നു.