പരീക്ഷ കടുപ്പം; ഡ്രൈവിങ് പഠിക്കാനും പഠിപ്പിക്കാനും ചെലവേറും, ഒന്നും പഴയത് പോലെയാവില്ല

Share our post

മേയ് ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരുന്ന പുതിയ ഡ്രൈവിങ് ടെസ്റ്റ് രീതി നടപ്പിലാക്കുവാന്‍ ഒരുങ്ങുകയാണ് മോട്ടോര്‍ വാഹനവകുപ്പ്. ഇതുവരെ തുടര്‍ന്നുവന്ന പരീക്ഷാരീതിയില്‍ നിന്ന് നിരവധി വ്യത്യാസങ്ങള്‍ വരുത്തിയുള്ള പുതിയ ഡ്രൈവിങ് ടെസ്റ്റ് സമ്മിശ്ര അഭിപ്രായമാണ് ആളുകളിലുണ്ടാക്കിയിട്ടുള്ളത്. കാറുകളും മറ്റു ചെറിയ വാഹനങ്ങളും ഉള്‍പ്പെടുന്ന ലൈറ്റ് മോട്ടോര്‍ വാഹനങ്ങള്‍ക്കാണ് ഡ്രൈവിങ് ടെസ്റ്റില്‍ പുതിയ പരിഷ്‌കാരങ്ങള്‍ കൂടുതലുള്ളത്.

പഴയതിനെക്കാള്‍ മികച്ചതും ചിട്ടയായതുമായ പരിശീലനം നല്‍കി നല്ലപോലെ വാഹനം ഓടിക്കാന്‍ കഴിയുന്ന ആളുകളെ മാത്രം പരീക്ഷയില്‍ വിജയിപ്പിച്ച് ലൈസന്‍സ് നല്‍കാനാണ് ഇത്തരം രീതി തിരഞ്ഞെടുത്തിരിക്കുന്നതെന്നാണ് ഗതാഗതവകുപ്പ് മന്ത്രി പറഞ്ഞത്. എന്നാല്‍, ഈ പരിഷ്‌കാരങ്ങള്‍ക്കനുസരിച്ചുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കേണ്ടത് ഡ്രൈവിങ് സ്‌കൂളുകാരുടെ ചുമതലയാണ്.

കമ്പികള്‍ക്കും റിബണുകള്‍ക്കും പകരം ഇനി ടാറിട്ട റോഡുകള്‍

കമ്പികള്‍ കുത്തിയുള്ള എട്ടെടുക്കലും റിബണ്‍ വലിച്ചുകെട്ടിയുള്ള എച്ചെടുക്കലും റോഡിലെ ഡ്രൈവിങ് സ്‌കില്ലുമാണ് നിലവില്‍ ടെസ്റ്റിന്റെ ഭാഗമായുള്ളത്. ഇനിമുതല്‍ കമ്പികളും റിബണും ഒന്നും ഉണ്ടാകില്ല പകരം ടാര്‍ ചെയ്‌തോ കോണ്‍ക്രീറ്റ് ചെയ്‌തോ സ്ഥലമൊരുക്കിയശേഷം വരകളിലൂടെയാണ് വാഹനം ഓടിയ്‌ക്കേണ്ടത്.

കൂടാതെ പുതിയതായി ഉള്‍പ്പെടുത്തിയ ആംഗുലര്‍ പാര്‍ക്കിങ് (വശം ചെരിഞ്ഞുള്ള പാര്‍ക്കിങ്), പാരലല്‍ പാര്‍ക്കിങ്, സിഗ് സാഗ് ഡ്രൈവിങ് (എസ് വളവുപോലെ) കയറ്റത്തു നിര്‍ത്തി പിന്നോട്ടുപോകാതെ മുന്‍പോട്ട് എടുക്കുക തുടങ്ങിയ രീതികള്‍ പരീക്ഷയില്‍ ഉറപ്പായും വിജയിക്കേണ്ട ഭാഗങ്ങളാണ്. ഇത് കൂടാതെ വിത്ത് ഗിയര്‍ വാഹനങ്ങള്‍ക്ക് ലൈസന്‍സ് എടുക്കുന്നവര്‍ക്ക് ഇനിമുതല്‍ കാലുകൊണ്ട് ഗിയറുമാറ്റുന്ന ഇരുചക്രവാഹനങ്ങളില്‍ തന്നെയായിരിക്കും പരീക്ഷ നടത്തുന്നത്.

കാറുകളുടെ ലൈസന്‍സ് എടുക്കുന്ന കാര്യത്തില്‍ ഇനി ഗിയറും ക്‌ളെച്ചുമില്ലാത്ത ഓട്ടോമാറ്റിക്ക് ഇലക്ട്രിക്‌ വാഹനങ്ങളില്‍ പരീക്ഷകള്‍ നടത്തുവാന്‍ സാധിക്കില്ല. അതെപോലെ 15 വര്‍ഷം പൂര്‍ത്തിയാക്കിയ വാഹനങ്ങളില്‍ പരിശീലനം നടത്തുവാനും സാധിക്കില്ല. എന്നാല്‍, ഇവയൊക്കെ കേന്ദ്രമോട്ടോര്‍ വാഹനനിയമത്തിന് വിരുദ്ധമായുള്ളവയാണെന്ന് ആരോപണവുമുണ്ട്.

ചെവല് കൂടും

പരീക്ഷയ്ക്കായി സ്ഥലം സജ്ജീകരിക്കുന്നതിനല്ലാതെ മറ്റുള്ള പരിഷ്‌കരണങ്ങള്‍ക്കും വലിയ ചെലവുകളുണ്ടാകും. കാറുകളുടെ കാര്യത്തില്‍ ഇത്രയും ടെസ്റ്റുകള്‍ പൂര്‍ത്തിയാക്കി ലൈസന്‍സ് എടുക്കുന്നതിന് ഇനി കുറഞ്ഞത് 40,000 രൂപയോളം ചെലവ് വരുമെന്നാണ് ഡ്രൈവിങ് സ്‌കൂള്‍ അധികൃതര്‍ പറയുന്നത്. ഇതിലൂടെ ലൈസെന്‍സ് എടുക്കുന്നവരുടെ എണ്ണം വളരെക്കുറയും. ഇതും സ്‌കൂളുകളെ പ്രതികൂലമായി ബാധിക്കും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!