യുക്തിവാദി സംഘം മുൻ ജനറൽ സെക്രട്ടറി യു. കലാനാഥൻ അന്തരിച്ചു

Share our post

കോഴിക്കോട് : യുക്തിവാദി സംഘം മുൻ ജനറൽ സെക്രട്ടറി യു കലാനാഥൻ അന്തരിച്ചു. 84 വയസ്സായിരുന്നു. വള്ളിക്കുന്ന് പഞ്ചായത്ത് പ്രസിഡന്റും പ്രഭാഷകനും ആയിരുന്നു. മരണാനന്തരം ശരീരവും കണ്ണും കോഴിക്കോട് മെഡിക്കൽ കോളജിന് ദാനം ചെയ്യാൻ എഴുതിവെച്ചതിനാൽ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിന് ദാനം ചെയ്യും.

മലപ്പുറം ജില്ലയിലെ വള്ളിക്കുന്ന് വില്ലേജിൽ ഉള്ളിശ്ശേരി തെയ്യൻ വൈദ്യരുടെയും യു. കോച്ചി അമ്മയുടെയും മകനായി 1940 ലായിരുന്നു ജനനം. വള്ളിക്കുന്ന് നേറ്റീവ് എ.യു.പി.സ്കൂൾ, ഫറോക്ക് ഗവൺമെന്റ് ഗണപത് ഹൈസ്കൂൾ, ഫാറൂഖ് കോളേജ്, ഫാറൂഖ് ബി.എഡ്. ട്രെയിനിംഗ് കോളജ് എന്നിവടങ്ങളിൽ നിന്നായി വിദ്യാഭ്യാസം നേടി.

കേരള സ്റ്റുഡന്റ്സ് ഫെഡറേഷൻ പ്രവര്‍ത്തകനായാണ് തുടക്കം. ഗണപത് ഹൈസ്കൂൾ ലീഡറായിരുുന്നു. 1960 മുതൽ സി.പി.ഐ, സി.പി.എം പ്രസ്ഥാനങ്ങളോടൊപ്പം പ്രവര്‍ത്തിച്ചു. കോഴിക്കോട്, മലപ്പുറം ജില്ലകളിൽ പാർട്ടി ക്ലാസ്സുകൾ നയിച്ചു. 1965 ൽ മുതൽ ചാലിയം ഉമ്പിച്ചി ഹാജി ഹൈസ്കൂളിലെ ശാസ്ത്രാദ്ധ്യാപകനായി.

ആത്മാവ് സങ്കൽപമോ യാഥാർത്ഥ്യമോ?, ജ്യോത്സ്യം ശാസ്ത്രമോ ശാസ്ത്രാഭാസമോ?, മതം സാമൂഹ്യ പുരോഗതിയുടെ ശത്രു, ഇസ്ലാം മതവും യുക്തിവാദവും, ജീവ പരിണാമം, മതനിരപേക്ഷതയും ഏക സിവിൽ കോഡും എന്നീ കൃതികൾ രചിച്ചിട്ടുണ്ട്. കോവൂർ ട്രസ്റ്റ് പ്രസിദ്ധീകരിച്ച യുക്തി ദർശനത്തിന്റെയും യുക്തി രേഖയുടെയും ചീഫ് എഡിറ്ററായിരുന്നു. 1995 ൽ അധ്യാപക ജോലിയിൽ നിന്ന് സ്വയം വിരമിച്ചു. സ്പെഷ്യൽ മാരേജ് ആക്ട് പ്രകാരം കണ്ണൂർ പെരളശ്ശേരി സ്വദേശിയായ എം.കെ. ശോഭനയെ ജീവിത പങ്കാളിയാക്കി. മകൻ: ഷമീർ.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!