കണ്ണൂർ: വരള്‍ച്ച നേരിടുന്നതിന് ബന്ധപ്പെട്ട വകുപ്പുകളും തദ്ദേശസ്ഥാപനങ്ങളും ആവശ്യമായ മുന്നൊരുക്കവും മുന്‍കരുതല്‍ നടപടികളും ഒരാഴ്ചക്കകം പൂര്‍ത്തിയാക്കണമെന്ന് ജില്ല ദുരന്ത നിവാരണ അതോറിറ്റി യോഗത്തില്‍ ജില്ല കലക്ടര്‍ അരുണ്‍ കെ. വിജയന് നിർദേശിച്ചു. വരും ദിവസങ്ങളില്‍ വേനല്‍ കടുക്കുമെന്നാണ് മുന്നറിയിപ്പ്. അതിനാല്‍ ജാഗ്രതയോടെ ഈ സാഹചര്യത്തെ കാണണമെന്നും കലക്ടര്‍ പറഞ്ഞു.
ജില്ലയില്‍ 13 തദ്ദേശസ്ഥാപനങ്ങളിലാണ് നിലവില്‍ വരള്‍ച്ചയും കുടിവെള്ള ക്ഷാമവും റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ചപ്പാരപ്പടവ്, ചെറുപുഴ, ചിറക്കല്‍, കണിച്ചാര്‍, കാങ്കോല്‍ -ആലപ്പടമ്പ്, കേളകം, കീഴല്ലൂര്‍, നടുവില്‍, ന്യൂമാഹി, പെരിങ്ങോം-വയക്കര, രാമന്തളി, പാനൂര്‍, ശ്രീകണ്ഠപുരം എന്നിവയാണ് വരള്‍ച്ചയും കുടിവെള്ള ക്ഷാമവും റിപ്പോര്‍ട്ട് ചെയ്ത തദ്ദേശസ്ഥാപനങ്ങൾ.
യോഗത്തില്‍ ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ, സബ് കലക്ടര്‍ സന്ദീപ് കുമാര്‍, ഡി.എഫ്.ഒ വൈശാഖ്, ഡി.എം ഡെപ്യൂട്ടി കലക്ടര്‍ കെ. അജേഷ് എന്നിവര്‍ പങ്കെടുത്തു.
കുടിവെള്ള വിതരണം ഉറപ്പാക്കണം
കുടിവെള്ളക്ഷാമം സാധ്യതയുള്ള പ്രദേശങ്ങള്‍ മുന്‍കൂട്ടി കണ്ടെത്തി പഞ്ചായത്ത് തലത്തില്‍ കുടിവെള്ള വിതരണം നടത്താനുള്ള ചുമതല തദ്ദേശ സ്വയംഭരണ വകുപ്പിനാണ്.
പ്രാദേശികമായി കുടിവെള്ളം ലഭിക്കുന്നതിനുള്ള തണ്ണീര്‍പ്പന്തലുകള്‍ സ്ഥാപിക്കുക, കിയോസ്കുകള്‍ പരിശോധിച്ച് പുനരുജ്ജീവിപ്പിക്കുക, ടാങ്കര്‍ ലോറികളിലെ ജലവിതരണം, അതിനായി ഫില്ലിങ് സ്റ്റേഷനുകള്‍ ഒരുക്കല്‍, ജലസ്രോതസ്സുകളുടെ പുനരുജ്ജീവനം, ജലമലിനീകരണമില്ലെന്ന് ഉറപ്പു വരുത്തല്‍, പൊതുകിണറുകളുടെ സംരക്ഷണം, പുനരുജ്ജീവനം, തൊഴിലുറപ്പ് തൊഴിലുകളുടെ സമയക്രമീകരണം, പരിധിയിലുള്ള ആരോഗ്യ സ്ഥാപനങ്ങളില്‍ മരുന്നുകള്‍ ഉറപ്പു വരുത്തല്‍, ബോധവത്കരണം എന്നിവയും തദ്ദേശ സ്വയംഭരണ വകുപ്പ് നിര്‍വഹിക്കണം.
ശ്രദ്ധവേണം
വേനല്‍ക്കാല രോഗ ബോധവത്കരണം, ആശുപത്രികളിലെയും ആരോഗ്യ കേന്ദ്രങ്ങളിലെയും സമയക്രമീകരണം, ആവശ്യമായ മരുന്നുകളും ഉപകരണങ്ങളും ലഭ്യമാക്കല്‍, ഒ.ആര്.എസ്, ശുദ്ധജലം ഐസ് പാക്ക് എന്നിവ പി.എച്ച്.സികളിലും മറ്റ് ആശുപത്രികളിലും ഉറപ്പ് വരുത്തല്‍, കടുത്ത ചൂടിലുള്ള ആരോഗ്യപ്രശ്നങ്ങളും രോഗങ്ങളും നിരീക്ഷിക്കല്‍ തുടങ്ങിയവ ആരോഗ്യ വകുപ്പ് നിര്‍വഹിക്കണം.