മസ്കുലർ ഡിസ്ട്രോഫിയ്ക്ക് മുന്നിലും തളർന്നില്ല, ബാഗ് തയ്ച്ച് ജീവിതം തിരിച്ചുപിടിക്കാൻ പുഷ്പജ

Share our post

ചീമേനി: മസിലുകളെ ശോഷിപ്പിക്കുന്ന മസ്കുലാർ ഡിസ് ട്രോഫി ബാധിച്ചിട്ടും തളരാതെ ജീവിതം കരുപ്പിടിപ്പിച്ച് പുലിയന്നൂർ സ്വദേശിനിയായ പുഷ്പജ.കയ്യൂർ ചീമേനി ഗ്രാമപഞ്ചായത്തിന്റെ വാർഷികപദ്ധതി വഴിയുള്ള സ്വയംതൊഴിൽ പരീശീലനത്തിലൂടെയാണ് സമാനരോഗം ബാധിച്ച സഹോദരൻ അടക്കമുള്ള കുടുംബത്തെ ഈ 39കാരി തിരിച്ചുപിടിച്ചിരിക്കുന്നത്.

വി.എച്ച്.എസ്.ഇ പൂർത്തിയാക്കിയ പതിനേഴാം വയസിലാണ് പുഷ്പജയെ മാരകമായ രോഗം കീഴടക്കിയത്. വർഷം കഴിയുന്തോറും മസിലുകൾ ശോഷിച്ച് ഒരു ചുവടു നീങ്ങണമെങ്കിൽ അമ്മ പത്മാക്ഷിയുടെ സഹായം കൂടിയേ തീരുവെന്ന സാഹചര്യത്തിലായിരുന്നു ഈ യുവതി. 35 വയസുള്ള ഇളയ സഹോദരന് കൂടി ഇതെ രോഗം ബാധിച്ചതോടെ പത്മാക്ഷിയ്ക്ക് ജോലിക്ക് പോകാൻ സാധിക്കാത്ത അവസ്ഥയിലെത്തിയപ്പോഴായിരുന്നു ഗ്രാമപഞ്ചായത്തിന്റെ പുനരധിവാസ സ്വയംതൊഴിൽ പരീശീലനം തുണയായത്.

പുഷ്പജയടക്കം പത്തുപേരാണ് ട്രെയിനിംഗിന് തിരഞ്ഞെടുക്കപ്പെട്ടത്.ബാഗൊന്നിന് മൂന്നു രൂപ നിരക്കിലായിരിക്കും ഇവർക്ക് നൽകുക. പ്ളാസ്റ്റിക് കാരിബാഗ് നിർമ്മാർജ്ജനമെന്ന ലക്ഷ്യം കൂടി പദ്ധതിക്ക് പിന്നിലുണ്ട്.

അഞ്ചുദിവസത്തെ പരീശീലനമായിരുന്നു പുഷ്പജയ്ക്ക് ലഭിച്ചത്. ചീമേനി കുടുംബശ്രീ സി.ഡി.എസ് ഹാളിൽ നടന്ന പരിശീലനത്തിൽ തുണിബാഗ് നിർമ്മിക്കുന്ന തൊഴിൽ പഠിച്ചെടുത്തു.അമ്മ പത്മാക്ഷിയും പരിശീലനം നേടിയത് പുഷ്പജയ്ക്ക് ധൈര്യം പകർന്നു. ബാഗിനൊപ്പം സ്ത്രീകൾക്കുള്ള നൈറ്റി തയ്ക്കാനും ഈ യുവതി പ്രാപ്തയായി. ജോലി പഠിച്ചെടുത്തതോടെ വീടിന്റെ ഒരു മൂലയിൽ കഴിയേണ്ടിവരുമായിരുന്ന അവസ്ഥയെയാണ് നല്ലൊരു ചിത്രകാരി കൂടിയായ പുഷ്പജ അതിജീവിച്ചത്.

 

പരിശീലനം സമാപിച്ചു

കയ്യൂർ ചീമേനി ഗ്രാമപഞ്ചായത്തിന്റെ 2023-24 വാർഷിക പദ്ധതി പ്രകാരം കയ്യൂർ കുടുംബാരോഗ്യകേന്ദ്രത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച പാലിയേറ്റീവ് പുനരധിവാസ സ്വയം തൊഴിൽ പരിശീലനക്യാമ്പ് സമാപിച്ചു.വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എ ജി അജിത് കുമാർ സമാപനപരിപാടി ഉദ്ഘാടനം ചെയ്തു വാർഡ് മെമ്പർ കെ.ടി.ലത അദ്ധ്യക്ഷത വഹിച്ചു. പാലിയേറ്റീവ് നഴ്സ് പി.വി.പ്രീത സ്വാഗതവും ഹെൽത്ത് ഇൻസ്‌പെക്ടർ കെ.രാജീവൻ നന്ദിയും പറഞ്ഞു. കുടുംബശ്രീ സി ഡി.എസ് വൈസ് ചെയർപേഴ്സൺ കെ.സുനിതപരിശീലകരായ രാജലക്ഷ്മി, ബിന്ദു എന്നിവർ സംസാരിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!