നാല് വാർഡൻമാർ, സി.സി.ടി.വി ക്യാമറകൾ; വെറ്ററിനറി കോളേജ് ഹോസ്റ്റലിൽ പുതിയ പരിഷ്കാരങ്ങൾ

കല്പറ്റ: പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർഥി സിദ്ധാർഥന്റെ മരണത്തിനുപിന്നാലെ തിരുത്തൽ നടപടിയുമായി വെറ്ററിനറി സർവ്വകലാശാല. കോളേജ് ഹോസ്റ്റലിൽ പുതിയ പരിഷ്കാരങ്ങൾ ഏർപ്പെടുത്താണ് തീരുമാനം. പുതിയ വൈസ് ചാൻസിലറായി ഡോ. സി.സി. ശശീന്ദ്രൻ ചുമതലയേറ്റതിനുപിന്നാലെ സർവ്വകലാശാല ആസ്ഥാനത്ത് ചൊവ്വാഴ്ച ചില യോഗങ്ങൾ നടന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ നീക്കം.
ഹോസ്റ്റലിൽ നാല് വാർഡൻമാരെ നിയോഗിക്കാനാണ് സർവകലാശാല തീരുമാനം. മൂന്നുനിലയുള്ള ആൺകുട്ടികളുടെ ഹോസ്റ്റലിന് ഓരോനിലയ്ക്കും ഓരോ വാർഡന് ചുമതലനൽകും. അതിനുപുറമേ ഒരു അസിസ്റ്റന്റ് വാർഡന് ഹോസ്റ്റലിന്റെ മൊത്തത്തിലുള്ള ചുമതലയുമുണ്ടാവും. ഈ നാലുപേർക്കായിരിക്കും എന്തുണ്ടായാലുമുള്ള ഉത്തരവാദിത്വം. ഹോസ്റ്റലിൽ സി.സി.ടി.വി. ക്യാമറകളും സ്ഥാപിക്കും.
ഇതോടൊപ്പം വനിതാഹോസ്റ്റലിലും സംവിധാനങ്ങൾ ശക്തിപ്പെടുത്തും. ഹോസ്റ്റലിൽനിന്ന് പുറത്തുപോവുകയും തിരികെ കയറുകയുംചെയ്യുന്ന കുട്ടികളുടെ വിവരങ്ങൾ കൃത്യമായി അറിയാൻ ബയോമെട്രിക് സംവിധാനം കൊണ്ടുവരാനും പദ്ധതിയുണ്ട്. അത് നടപ്പാക്കിയാൽ കാർഡ് സ്‌വൈയ്പ്‌ചെയ്തുമാത്രമേ വിദ്യാർഥികൾക്ക് ഹോസ്റ്റലിൽ പ്രവേശിക്കാൻകഴിയൂ. കൂടുതൽ വാർഡൻമാരെ നിയമിക്കുന്നുണ്ടെങ്കിലും അവർ ഹോസ്റ്റലിൽ കുട്ടികൾക്കൊപ്പം താമസിക്കില്ല. കുട്ടികൾക്കൊപ്പം റെഡിഡന്റ് ട്യൂട്ടർ തസ്തികയുണ്ടാക്കണം. അക്കാര്യത്തിൽ തീരുമാനമായിട്ടില്ല.
നിലവിൽ നാലരവർഷമായി ഒരു അസിസ്റ്റന്റ് വാർഡനായിരുന്നു 130 കുട്ടികൾ താമസിക്കുന്ന ഹോസ്റ്റലിന്റെ ചുമതല. കോളേജിൽ ഒരു ലൈംഗികാതിക്രമ പരാതിയുണ്ടായപ്പോൾ മുൻ വൈസ് ചാൻസലറോട് ഹോസ്റ്റലിൽ റെസിഡന്റ് ട്യൂട്ടറെയും സെക്യൂരിറ്റി ജീവനക്കാരെയും നിയമിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും അദ്ദേഹം അത് പരിഗണിച്ചിരുന്നില്ല.60 പേർക്ക് താമസിക്കാവുന്ന ആൺകുട്ടികളുടെ ഹോസ്റ്റലിൽ 130 പേരാണ് താമസിക്കുന്നത്. പെൺകുട്ടികളുടെ ഹോസ്റ്റലിലും 300 പേരുണ്ട്. അസൗകര്യങ്ങൾക്ക് നടുവിലാണ് കുട്ടികൾ കഴിയുന്നത്.
ആള്‍ക്കൂട്ട വിചാരണയെത്തുടര്‍ന്ന് സിദ്ധാര്‍ഥന്‍ മരിച്ച സംഭവത്തിൽ കോളേജിനും ഹോസ്റ്റൽ അധികൃതർക്കും ഉണ്ടായ വീഴ്ചകൾ പരിശോധിക്കാൻ നാലംഗ കമ്മീഷനെ വി.സി ഡോ. സി.സി. ശശീന്ദ്രൻ നിയമിച്ചിരുന്നു. മൂന്നുമാസത്തിനകം കമ്മീഷൻ റിപ്പോർട്ട് സമർപ്പിക്കും. വീഴ്ചകളുണ്ടായെന്ന പരാതിയുയര്‍ന്ന സാഹചര്യത്തില്‍ കോളേജ് ഡീന്‍ എം.കെ. നാരായണനേയും അസിസ്റ്റന്റ് വാര്‍ഡൻ ആർ. കാന്തനാഥനെയും കഴിഞ്ഞദിവസമാണ് വി.സി. സസ്‌പെന്‍ഡ് ചെയ്തത്. സിദ്ധാര്‍ഥന്റെ മരണത്തില്‍ വൈസ് ചാന്‍സലര്‍ എം.ആര്‍. ശശീന്ദ്രനാഥിനെ നേരത്തെ ഗവര്‍ണര്‍ സസ്‌പെന്‍ഡ് ചെയ്തിരുന്നു.