പാലായിലെ കൂട്ടക്കൊല ഫേസ്ബുക്കിൽ കുടുംബ ഫോട്ടോ പോസ്റ്റ് ചെയ്ത ശേഷം; പിന്നിൽ സാമ്പത്തിക ബാധ്യത

Share our post

കോട്ടയം: പാലാ പൂവരണി കൊച്ചുകൊട്ടാരത്ത് ഭാര്യയെയും മൂന്ന് മക്കളെയും കൂട്ടക്കൊല നടത്തിയ ശേഷം ഗൃഹനാഥൻ ജീവനൊടുക്കിയ സംഭവം ചൊവ്വ പുലർച്ചെ. നവമാധ്യമങ്ങളിൽ സജീവമായ ജയ്സൺ ഭാര്യയോടും മക്കളോടുമൊത്തുള്ള ചിത്രം തിങ്കൾ രാത്രി 11ന് ശേഷം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു. വീടിന്റെ ഉമ്മറത്ത് ഭാര്യക്കും മക്കൾക്കുമൊപ്പം നിൽക്കുന്ന ചിത്രം മറ്റാരോ ആണ് എടുത്തിരിക്കുന്നത്. ഈ ചിത്രമാണ് ഫേസ്ബുക്കിൽ ഇട്ടത്. ഭാര്യയും മക്കളും ഗാഢനിദ്രയിലായ സമയത്താണ് കൊലപാതകങ്ങൾ നടന്നിരിക്കുന്നതെന്നാണ് അനുമാനം. കൊലപാതക കാരണം വ്യക്തമാക്കുന്ന തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്ന്‌ പൊലിസ് പറയുന്നു. എന്നാൽ സാമ്പത്തിക ബാധ്യതകളാണ് സംഭവത്തിന് പിന്നിലെന്നാണ് ജയ്സന്റെ സഹോദരന്റെയും നാട്ടുകാരുടെയും വാക്കുകളിൽ.

ഞണ്ടുപാറ ലക്ഷം വീട് കോളനിയിൽ താമസക്കാരനായിരുന്ന ജയ്സൺ മുൻപ് ഓട്ടോ ഡ്രൈവറായിരുന്നു. ഈ സമയത്താണ് ഉരുളികുന്നം കളരിക്കൽ കുടുംബാംഗമായ മരീനയുമായി ജയ്സൻ പ്രണയത്തിലായത്. ഇരു കുടുംബങ്ങളും തമ്മിൽ സാമ്പത്തികമായും വലിയ അന്തരമുണ്ടായിരുന്നു. ബി.എസ്‌.സി നഴ്സിങ് പാസായ മരീനയെ വീട്ടുകാരുടെ അനുമതിയില്ലാതെ ആറ് വർഷം മുമ്പ്‌ വിവാഹം ചെയ്തു. കട്ടപ്പന സെന്റ്‌ ജോൺസിലായിരുന്നു മരീനയുടെ പഠനം. വിവാഹത്തോടെ മരീനയുടെ കുടുംബവുമായുള്ള ബന്ധം അറ്റു. പല ഇടങ്ങളിലും മാറിമാറി വാടകയ്ക്ക് താമസിച്ച ശേഷമാണ് 14 മാസം മുൻപ് കൊച്ചുകൊട്ടാരം ഭാഗത്ത് വാടക വീടെടുത്ത് താമസമായത്.

ജയ്സൺ സ്വകാര്യ റബർപ്പാൽ ശേഖര സ്ഥപനത്തിലെ പിക്കപ് വാൻ ഡ്രൈവറാണ്. ഭാര്യ നഴ്സിങ് പാസായെങ്കിലും ജോലിക്ക് പോയിട്ടില്ല. ജയ്സന്റെ തുച്ഛമായ വരുമാനത്തിലാണ് കുടുംബം കഴിഞ്ഞ് പോന്നത്. ഇതുമൂലം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായ കുടുംബത്തെ മരീനയുടെ കുടുംബം മറ്റ് ചിലർ മുഖേന ഇടയ്ക്കിടെ സാമ്പത്തികമായി സഹായിച്ചിരുന്നതായും നാട്ടുകാർ പറയുന്നു.

ജോലിസംബന്ധമായി ജെയ്‌സൺ വീട് വിട്ട് നിൽക്കേണ്ടി വരുമ്പോൾ സഹോദരൻ ജിസിനെയും ഭാര്യ സിജിയെയും വീട്ടിൽ വിളിച്ചു വരുത്തി നിർത്താറുണ്ട്. ഇത്തരത്തിൽ തിങ്കളാഴ്ചയും സഹോദരനും ഭാര്യയും കൊച്ചുകൊട്ടാരത്തെ വീട്ടിൽ എത്തിയിരുന്നു. ജെയ്‌സൺ വന്നശേഷം സഹോദരനും ഭാര്യയും പോയിരുന്നു. വീട് മാറണമെന്നും സാധനങ്ങൾ മാറ്റാൻ ചൊവ്വ രാവിലെ വീട്ടിലേക്ക്‌ വരാൻ വിളിച്ചിരുന്നതായും ജിസ് പറഞ്ഞു. പലരിൽ നിന്നായി വാങ്ങിയ ഒന്നേകാൽ ലക്ഷത്തോളം രൂപയുടെ കടബാധ്യത ഉണ്ടായിരുന്നതായും ജിസ് സൂചിപ്പിച്ചു.

പിന്നിൽ സാമ്പത്തിക ബാധ്യത

ജയ്‌സൻ ഭാര്യയേയും മക്കളേയും കൊലപ്പെടുത്തി ആത്മഹത്യചെയ്തതിന് പിന്നിൽ സാമ്പത്തിക ബാധ്യതയെന്ന് സൂചന. ജയ്‌സനെടുത്ത വായ്‌പകൾ, വ്യക്തികളിൽനിന്ന് വാങ്ങിയ തുകകൾ എന്നിവ സംബന്ധിച്ച് പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചതായി പാലാ ഡി.വൈ.എസ്‌.പി കെ. സദൻ പറഞ്ഞു. വായ്‌പയുമായി ബന്ധപ്പെട്ട ചിലരേഖകൾ പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ഒരിക്കൽ കടംവാങ്ങിയവരിൽനിന്ന് തന്നെ ജയ്‌സൻ വീണ്ടും പണം ചോദിച്ചതായും പൊലീസിന് സൂചന ലഭിച്ചു. മൂന്ന് മാസത്തെ വാടക കുടിശ്ശികയുണ്ട്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!