മുട്ട വിരിഞ്ഞിറങ്ങി 47 നീർക്കോലി കുഞ്ഞുങ്ങൾ

Share our post

കണ്ണൂർ: കൃത്രിമമായി മുട്ട വിരിയിച്ച് പുറത്തിറങ്ങിയത് 47 നീർക്കോലി കുഞ്ഞുങ്ങൾ. കണ്ണൂർ പുതിയതെരു പനങ്കാവ് ജംഗ്ഷനിലെ ജിഷ്ണുവാണ് കൃത്രിമ കൂടൊരുക്കി പാമ്പിൻ മുട്ടകൾക്ക് ജീവൻ നൽകിയത്. ഇക്കഴിഞ്ഞ ജനുവരി 2നാണ് നാറാത്ത് കെ.ടി വില്ലയിൽ നിന്നും 50 മുട്ടകൾ കണ്ടെത്തിയത്.

വയലിനോട് ചേർന്നുള്ള സ്ഥലത്ത് മണൽകൂന മാറ്റുന്നതിനിടെ നിർമ്മാണ തൊഴിലാളികളാണ് മുട്ടകൾ കണ്ടത്. തുടർന്ന് പാമ്പുകളെ രക്ഷിച്ച് പരിചയമുള്ള ജിഷ്ണുവിനെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ തിരച്ചിലിൽ 26 മുട്ടകൾ കിട്ടി. പിന്നാലെ വീടിന്റെ മറ്റൊരു വശത്തു നിന്നും 24 മുട്ടകൾ കൂടി കണ്ടെത്തി. പ്രത്യേക സജീകരണങ്ങളോടെ 50 മുട്ടകളും ജിഷ്ണുവും സുഹൃത്ത് ഷിനിലും ചേർന്ന് പനങ്കാവിലെ വീട്ടിലെത്തിച്ചു.

ഇന്നലെയാണ് മുഴുവൻ മുട്ടകളും വിരിഞ്ഞുതുടങ്ങിയത്. കേടുപാട് സംഭവിച്ചതിനാൽ മൂന്നു മുട്ടകൾ വിരിഞ്ഞില്ല. ചെറിയ തണുപ്പും ചൂടും സജ്ജീകരിച്ചാണ് കരിയിലക്കിടയിൽ വച്ച് മുട്ടകൾ വിരിയിച്ചെടുത്ത്. ഇതിനു മുമ്പ് പെരുമ്പാമ്പ്, തെയ്യത്താൻ പാമ്പ് തുടങ്ങിയ ഇനങ്ങളുടെ മുട്ടയും ജിഷ്ണുവിന്റെ വീട്ടിൽ വിരിയിച്ചിട്ടുണ്ട്. മുട്ടകളുടെ എണ്ണവും ആകൃതിയും നിറവും നോക്കിയാണ് ഏത് പാമ്പിന്റെതെന്ന് തിരിച്ചറിയുന്നതെന്ന് വിഷ്ണു പറഞ്ഞു.

വിഷപാമ്പുകളാണെങ്കിൽ കരുതലോടെയാണ് മുട്ടകളെ സജീകരിക്കേണ്ടത്. ആദ്യമായിട്ടാണ് ഇത്രയും മുട്ടകൾ ഒന്നിച്ച് വിരിയിച്ചെടുത്തതെന്ന് ജിഷ്ണു പറയുന്നു. കണ്ണൂർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മാർക്ക് എന്ന സംഘടനയിൽ പാമ്പുകളെ റസ്‌ക്യു ചെയ്യുന്ന ജിഷ്ണു വനംവകുപ്പിന് കീഴിലെ വളണ്ടിയർ കൂടിയാണ്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!