കുത്താൻ വന്ന പന്നിയെ കണ്ട് ഓടി കിണറ്റിൽ വീണ വീട്ടമ്മയെ 20 മണിക്കൂറിനു ശേഷം രക്ഷപ്പെടുത്തി

അടൂർ: പന്നി കുത്താൻ ഓടിച്ചു, അബദ്ധത്തിൽ കിണറ്റിൽ വീണു, ഒടുവിൽ 20 മണിക്കൂറിനു ശേഷം കിണറ്റിൽ നിന്നും പുറത്തെത്തിയ ആശ്വാസത്തിലാണ് എലിസബത്ത് ബാബു. തിങ്കളാഴ്ച വൈകിട്ട് നാലിനാണ് അടൂർ വയല ഉടയാൻവിള പ്ലാവിളയിൽ വീട്ടിൽ എലിസബത്ത് ബാബു(55) 50 അടി താഴ്ചയും അഞ്ചടി വെള്ളമുള്ളതുമായ കിണറ്റിൽ വീഴുന്നത്.
വീടിനു സമീപത്തെ പുരയിടത്തിൽ നിൽക്കുകയായിരുന്ന എലിസബത്തിനെ പന്നി കുത്താൻ ഓടിച്ചു. ഈ സമയം കെട്ടുള്ള കിണറിൻ്റെ കരയിൽ കയറി നിന്നു. പലക വച്ച് മൂടിയ കിണറായിരുന്നു. പക്ഷെ അബദ്ധവശാൽ പലകയിൽ ചവുട്ടിയപ്പോൾ പലക ഒടിഞ്ഞു. ഇതിനെ തുടർന്നാണ് എലിസബത്ത് കിണറ്റിലേക്ക് വീണത്.
ഒരു വിധത്തിൽ തൊടിയിൽ പിടിച്ചു കിടന്ന് ഇവർ ഉച്ചത്തിൽ നിലവിളിച്ചെങ്കിലും ആരും കേട്ടില്ല. സമീപത്തെ വീട്ടുകാർ രാത്രിയിൽ എന്തോ ശബ്ദം കേട്ടെങ്കിലും എവിടെയോ കുട്ടികൾ കരഞ്ഞതാകാമെന്ന് ധരിച്ച് അവരും വേണ്ടത്ര ശ്രദ്ധ നൽകിയില്ല. ഒരു തവണ എലിസബത്തിൻ്റെ ഭർത്താവ് ഭാര്യയെ കാണാത്തതിനാൽ കിണറിനു സമീപം വന്നെങ്കിലും കിണറ്റിൽ കിടന്ന എലിസബത്തിനെ കണ്ടില്ല.
തുടർന്ന് ചൊവ്വാഴ്ച ഏറത്ത് സർവീസ് സഹകരണ ബാങ്ക് പ്രസിഡൻ്റ് ജെ. ശൈലേന്ദ്രനാഥിൻ്റെ സഹായത്തോടെ എലിസബത്തിൻ്റെ ഭർത്താവ് ബാബുവും ബന്ധുക്കളും ചേർന്ന് അടൂർ പോലീസിൽ പരാതി നൽകി. ഉടൻ തന്നെ പോലീസ് കേസുമെടുത്തു.
ഈ സമയം പോലീസുകാർ പറഞ്ഞതനുസരിച്ച് വീട്ടുപരിസരത്ത് ശൈലേന്ദ്ര നാഥും പഞ്ചായത്തംഗം സൂസൻ ശശികുമാറും നാട്ടുകാരും ചേർന്ന് തിരച്ചിൽ നടത്തി. ഈ സമയം കിണറ്റിൽ നിന്നും ഒരു ശബദം ശൈലേന്ദ്രനാഥിൻ്റെ ശ്രദ്ധിയിൽ പെട്ടു. തുടർന്ന് വിളിച്ചപ്പോൾ എലിസബത്ത് വിളി കേട്ടു. ഉടൻ തന്നെ അടൂർ അഗ്നി സേനയെ വിവരം അറിയിച്ചതോടെ ഇവർ എത്തി എലിസബത്തിനെ പുറത്തെടുത്തു. നിസ്സാര പരിക്കേറ്റ എലിസബത്ത് ബാബുവിനെ അടൂർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.