പമ്പുകളില്‍ ‘മോദിയുടെ ഗ്യാരണ്ടി’ ബോര്‍ഡുകള്‍ വരും, തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതോടെ നീക്കും

ന്യൂഡല്‍ഹി: പെട്രോള്‍ പമ്പുകളില്‍ ‘മോദിയുടെ ഗ്യാരണ്ടി’ എന്ന പുതിയ മുദ്രാവാക്യം ഉള്‍പ്പെട്ട ഫ്‌ളെക്‌സ് ബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ ചില്ലറ ഇന്ധന വില്‍പനക്കാര്‍ക്ക് ബന്ധപ്പെട്ടവര്‍ നിര്‍ദേശം നല്‍കിയതായി റിപ്പോര്‍ട്ട്. കേന്ദ്ര സര്‍ക്കാരിന്റെ ക്ഷേമപദ്ധതികള്‍ സംബന്ധിച്ച നിലവിലെ ബോര്‍ഡ് മാറ്റി ‘മോദിയുടെ ഗ്യാരണ്ടി’ മുദ്രാവാക്യം ഉള്‍ക്കൊള്ളുന്ന ബോര്‍ഡ് വയ്ക്കാനാണ് നിര്‍ദേശമെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ടുചെയ്തു. കേന്ദ്ര സര്‍ക്കാരിന്റെ ഉജ്ജ്വല പദ്ധതിയുടെ ഭാഗമായ ഗ്യാസ് സിലിണ്ടര്‍ പ്രധാനമന്ത്രി യുവതിക്ക് നല്‍കുന്ന ഫോട്ടോയുള്ള ബോര്‍ഡ് സ്ഥാപിക്കാനാണ് നിര്‍ദേശം.
ബോര്‍ഡ് സ്ഥാപിക്കുന്നതിനായി ഇന്ത്യന്‍ ഓയില്‍, ഹിന്ദുസ്ഥാന്‍ പെട്രോളിയം, ഭാരത് പെട്രോളിയം എന്നീ കമ്പനികള്‍ക്ക് കോടികള്‍ ചിലവാകും എന്നാണ് അനൗദ്യോഗിക കണക്കുകള്‍ സൂചിപ്പിക്കന്നത്. രാജ്യത്തെ 88,000 പെട്രോള്‍ പമ്പുകള്‍, അതായത് 90 ശതമാനത്തോളം പെട്രോള്‍ പമ്പുകളും ഈ കമ്പനികളുടെ ഉടമസ്ഥതയില്‍ ഉള്ളതാണ്. തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതോടെ ഈ ബോര്‍ഡുകള്‍ നീക്കം ചെയ്യാം എന്നും നിര്‍ദേശത്തില്‍ പറയുന്നു.