സിദ്ധാർഥന്റെ മരണം; പ്രതികൾക്കെതിരേ ക്രിമിനിൽ ഗൂഢാലോചനക്കുറ്റം ചുമത്തി പോലീസ്

Share our post

കല്പറ്റ: പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാര്‍ഥി സിദ്ധാര്‍ഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ പ്രതികള്‍ക്കെതിരേ ക്രിമിനിൽ ​ഗൂഢാലോചന കുറ്റം കൂടി ചേർത്തു. വിട്ടിലേക്ക് പോയ സിദ്ധാർഥനെ തിരിച്ചുവിളിച്ചത് ചൂണ്ടിക്കാട്ടിയാണ് പോലീസ് ഗൂഢാലോചനക്കുറ്റം ചുമത്തിയത്. മർദനത്തിന് പിന്നില്‍ വ്യക്തമായ ഗൂഢാലോചന നടന്നതായും പോലീസ് വ്യക്തമാക്കി.

നേരത്തെ പ്രതികൾക്കെതിരെ കൊലപാതകശ്രമം, ക്രിമിനല്‍ ഗൂഢാലോചന തുടങ്ങിയ ഗുരുതര കുറ്റങ്ങള്‍ ചുമത്താത്തതില്‍ പോലീസിനെതിരെ വിമർശനം ഉയർന്നിരുന്നു. സിദ്ധാര്‍ഥനെ ആള്‍ക്കൂട്ടവിചാരണ നടത്തുക എന്ന ലക്ഷ്യത്തോടെയാണ് നാട്ടിലേക്ക് പോയിടത്തുനിന്ന് തിരിച്ചുവിളിച്ചതെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പോലീസ് വ്യക്തമാക്കുന്നുണ്ട്.

പ്രാഥമികമായിത്തന്നെ ഇതില്‍ ഗൂഢാലോചന വ്യക്തമാണെങ്കിലും നേരത്തെ പോലീസ് പ്രതികളുടെപേരില്‍ ക്രിമിനല്‍ ഗൂഢാലോചനക്കുറ്റം ചുമത്തിയിരുന്നില്ല. റാഗിങ് ശക്തമായ വകുപ്പാണെങ്കിലും കൊലപാതകശ്രമം ചുമത്താനുള്ള എല്ലാസാധ്യതകളും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍നിന്നുതന്നെ വ്യക്തമാണെന്ന് നിയമവിദഗ്ധരും ചൂണ്ടിക്കാട്ടിയിരുന്നു.

ബി.വി.എസ്.സി. രണ്ടാംവര്‍ഷ വിദ്യാര്‍ഥിയായ തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി സിദ്ധാര്‍ഥ(21)നെ ഫെബ്രുവരി 18-നാണ് ഹോസ്റ്റലിലെ കുളിമുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. വാലെന്റൈന്‍സ് ഡേ ദിനാചരണവുമായി ബന്ധപ്പെട്ട് കോളേജിലുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് കോളേജില്‍വെച്ച് സിദ്ധാര്‍ഥന് ക്രൂരമര്‍ദനവും ആള്‍ക്കൂട്ട വിചാരണയും നേരിടേണ്ടിവന്നുവെന്നാണ് പരാതി.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!