പുതുച്ചേരിയില്‍ ലഹരിമരുന്നുമായി മലയാളി യുവാക്കള്‍ പിടിയില്‍

പുതുച്ചേരി: കഞ്ചാവും എല്‍.എസ്.ഡി. സ്റ്റാമ്പും അടക്കമുള്ള ലഹരിമരുന്നുകളുമായി മലയാളി യുവാക്കള്‍ പുതുച്ചേരിയില്‍ പിടിയിലായി. കോട്ടയം സ്വദേശി അശ്വിന്‍ സാമുവല്‍ ജൊഹാന്‍(22) കൊല്ലം സ്വദേശി ജിജോ പ്രസാദ്(23) എന്നിവരെയാണ് പുതുച്ചേരി പോലീസ് അറസ്റ്റ് ചെയ്തത്. ഇവരില്‍ നിന്ന് 20.4 കിലോ കഞ്ചാവ്, ഒരു ഗ്രാം ക്രിസ്റ്റല്‍ മെത്ത്, നാലുഗ്രാം ചരസ്സ്, 46 എല്‍.എസ്.ഡി. സ്റ്റാമ്പുകള്‍ എന്നിവ പിടിച്ചെടുത്തു. പ്രതികളുടെ പക്കലുണ്ടായിരുന്ന നാലുലക്ഷം രൂപയും പോലീസ് കണ്ടെടുത്തിട്ടുണ്ട്.
പഴയ ബസ് സ്റ്റാന്‍ഡിന് സമീപം സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ട യുവാക്കളെ ചോദ്യം ചെയ്തതോടെയാണ് ലഹരിമരുന്ന് പിടികൂടിയത്. ആന്ധ്രയില്‍ നിന്നാണ് ലഹരിമരുന്ന് വാങ്ങിയതെന്ന് പ്രതികള്‍ വെളിപ്പെടുത്തി. ചെന്നൈയിലും പുതുച്ചേരിയിലും കോളേജ് വിദ്യാര്‍ഥികള്‍ക്കിടയില്‍ വില്‍പ്പന നടത്താനായാണ് ഇത് കൊണ്ടുവന്നതെന്നും പ്രതികള്‍ സമ്മതിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസങ്ങളില്‍ അവസാനവര്‍ഷ എം.ബി.ബി.എസ്. വിദ്യാര്‍ഥി അടക്കം നാലുപേര്‍ ലഹരിമരുന്നുമായി പുതുച്ചേരിയില്‍ പിടിയിലായിരുന്നു. മലയാളിയായ ജെ.ഹസിന്‍, ചെന്നൈ സ്വദേശികളായ സുശീന്ദര്‍, ആസിഫ്, സന്തോഷ് എന്നിവരെയാണ് എല്‍.എസ്.ഡി. സ്റ്റാമ്പുകളുമായി പോലീസ് അറസ്റ്റ് ചെയ്തത്.