തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ സ്ഥിരമായി ‘രോഗബാധ’; ഡ്യൂട്ടി നിശ്ചയിക്കാന്‍ പോര്‍ട്ടലുമായി കമ്മിഷന്‍

തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ സ്ഥിരമായി ‘രോഗബാധിതര്‍’ ആകുന്നവര്‍ ഇനി കുടുങ്ങും. ഇത്തവണ ഡ്യൂട്ടി നിശ്ചയിക്കാന്‍ പോര്‍ട്ടല്‍ തയ്യാറാക്കുന്നതോടെ സ്ഥിരം ‘രോഗ അടവുകള്‍’ വിലപ്പോവില്ല. തിരഞ്ഞെടുപ്പ് ജോലികളുടെ നൂലാമാലകളില്‍നിന്ന് ഒഴിവാകാന്‍ സ്ഥിരമായി മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റിനെയും രാഷ്ട്രീയസ്വാധീനത്തെയും മറയാക്കുന്നവരെ കുടുക്കാന്‍ ‘ഓര്‍ഡര്‍’ എന്ന പേരില്‍ പോര്‍ട്ടല്‍ തയ്യാറാക്കുകയാണ് തിരഞ്ഞടുപ്പ് കമ്മിഷന്‍.
മതിയായ കാരണങ്ങളില്ലാതെയും വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകളുടെ ബലത്തിലും ഒരു വിഭാഗം ജീവനക്കാര്‍ സ്ഥിരമായി തിരെഞ്ഞടുപ്പ് ജോലികളില്‍നിന്ന് വിട്ടുനില്‍ക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് പോര്‍ട്ടലുമായി കമ്മിഷന്‍ രംഗത്തിറങ്ങുന്നത്.
തിരഞ്ഞെടുപ്പിന്റെ തലേന്നാള്‍ രാവിലെ പോളിങ് സാമഗ്രികള്‍ ഏറ്റുവാങ്ങാനുള്ള ബുദ്ധിമുട്ടും അവ ബൂത്തിലെത്തിച്ച് വോട്ടെടുപ്പ് കഴിഞ്ഞ് പിറ്റേന്ന് രാത്രിയോടെ തിരിച്ചേല്‍പ്പിക്കുന്നതുവരെയുള്ള പ്രയാസങ്ങളുമെല്ലാമാണ് ജീവനക്കാരെ മുങ്ങാന്‍ പ്രേരിപ്പിക്കുന്നത്.
നാഷണല്‍ ഇന്‍ഫര്‍മാറ്റിക് സെന്റര്‍ തയ്യാറാക്കിയ പോര്‍ട്ടലില്‍ എല്ലാ ജീവനക്കാരുടെയും വിവരങ്ങള്‍ ഓഫീസ് മേധാവികള്‍ അപ്ലോഡ് ചെയ്യണം. ശാരീരിക പ്രശ്നങ്ങളുള്ളവരുടെ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ആധികാരികതയും അവരുടെ മുന്‍കാലചരിത്രവും പരിശോധിച്ചശേഷം മാത്രം മേലധികാരി പോര്‍ട്ടലില്‍ ഉള്‍പ്പെടുത്തണം. മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് അംഗീകരിച്ചില്ലെങ്കില്‍ അപ്പീല്‍ നല്‍കാന്‍ ജീവനക്കാര്‍ക്ക് അവസരമുണ്ടാകും.
മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റിലെ വ്യാജന്‍മാരെ കണ്ടെത്തല്‍ തലവേദന
പരിചയത്തിന്റെയും സ്വാധീനത്തിന്റെയുമെല്ലാം അടിസ്ഥാനത്തില്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകള്‍ കിട്ടുമെന്നതാണ് സ്ഥിതി. ഇത് സത്യസന്ധമാണോ വ്യാജമാണോ എന്ന് ഉറപ്പിക്കല്‍ ഓഫീസ് മേധാവിക്ക് വെല്ലുവിളിയാവും. നേരത്തെ ജില്ലാകളക്ടര്‍ ഇതിന് പരിഹാരമായി ഒരു നിര്‍ദേശം ഇറക്കിയിരുന്നു.
മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുന്ന ഒരാള്‍ക്ക് അത് യഥാര്‍ത്ഥമാണെങ്കില്‍ തിരഞ്ഞെടുപ്പ് നടക്കുന്ന ഒന്നോ രണ്ടോ ദിവസം മാത്രമായിരിക്കില്ല ആ പ്രശ്നമുണ്ടാകുക. അതിന് ദിവസങ്ങള്‍ക്കുമുന്‍പും ശേഷവുമെല്ലാം അതുണ്ടാകണം. ഇക്കാര്യങ്ങള്‍ കൂടി വിലയിരുത്തണം എന്നായിരുന്നു കളക്ടറുടെ നിര്‍ദേശം.
പോസ്റ്റിങ് ഓര്‍ഡര്‍ ഓഫീസ് മേധാവി നല്‍കും
പോര്‍ട്ടലില്‍ ഓഫീസ് മേധാവി നല്‍കുന്ന വിവരങ്ങള്‍ തദ്ദേശസ്ഥാപനം അംഗീകരിച്ച് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് ഓണ്‍ലൈനായി സമര്‍പ്പിച്ചാല്‍ നിയമസഭാ മണ്ഡലം തിരിച്ച് ജീവനക്കാരെ നിയമിക്കും. ഓണ്‍ലൈന്‍ ഓട്ടോമാറ്റിക്കായാണ് ജീവനക്കാരെ നിയമസഭാമണ്ഡലങ്ങളില്‍ അനുവദിക്കുക. ജീവനക്കാര്‍ക്ക് പരിശീലനം നല്‍കി പോര്‍ട്ടല്‍ വഴിതന്നെ നിയമന ഉത്തരവ് തയ്യാറാക്കുകയും ചെയ്യും.
മുന്‍കാലങ്ങളില്‍ താലൂക്ക് അധികൃതര്‍ നേരിട്ട് ഓഫീസുകളില്‍ നിയമനഉത്തരവ് എത്തിക്കുന്ന രീതിയാണ് ഉണ്ടായിരുന്നത്. പുതിയ സംവിധാനത്തില്‍ നിയമന ഉത്തരവ് ഓഫീസ് മേധാവിയുടെ പോര്‍ട്ടല്‍ അക്കൗണ്ട് വഴി ഡൗണ്‍ലോഡ് ചെയ്ത് ജീവനക്കാര്‍ക്ക് വിതരണം ചെയ്യുന്ന രീതിയാണുള്ളത്. ജീവനക്കാര്‍ക്ക് നേരിട്ട് ഡൗണ്‍ലോഡ് ചെയ്യാനും സൗകര്യമുണ്ട്.