കൊച്ചി രൂപത ബിഷപ്പ് ഡോ:ജോസഫ് കരിയിൽ സ്ഥാനമൊഴിഞ്ഞു

കൊച്ചി : കൊച്ചി രൂപത ബിഷപ്പ് ഡോ. ജോസഫ് കരിയിൽ (75) സ്ഥാനം ഒഴിഞ്ഞു. സ്ഥാനമൊഴിയുന്നതിനായി മാർപ്പാപ്പയ്ക്ക് സമർപ്പിച്ച രാജി അപേക്ഷ കഴിഞ്ഞ ദിവസം അംഗീകരിക്കുകയായിരുന്നു. ശനി വൈകിട്ട് 4.30ന് ഫോർട്ട് കൊച്ചി ബിഷപ്പ്സ് ഹൗസിൽ വിളിച്ചു ചേർത്ത വൈദികരുടെ യോഗത്തിലാണ് ബിഷപ്പ് ഡോ. ജോസഫ് കരിയിൽ തന്റെ സ്ഥാനമൊഴിയൽ ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
2009 മുതൽ 2011 വരെ പുനലൂർ ബിഷപ്പായിരുന്നു. 2011 മുതൽ കൊച്ചി രൂപത ബിഷപ്പായി പ്രവർത്തിച്ചു വരികയായിരുന്നു. 1949 ജനുവരി 11ന് ആലപ്പുഴയ്ക്കടുത്തുള്ള അർത്തുങ്കലിൽ ജനിച്ച ബിഷപ്പ് ജോസഫ് കരിയിൽ 1973 ഡിസംബർ 19ന് പൗരോഹിത്യം സ്വീകരിച്ചു. 1987-ൽ അൽഫോൻസിയൻ അക്കാദമിയിൽ നിന്ന് ധാർമിക ദൈവശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടി.
2000 മുതൽ 2005 വരെ കൊച്ചി രൂപതയുടെ വികാരി ജനറലായി നിയമിതനായ അദ്ദേഹം അവിടത്തെ വൈദികർക്കും വിശ്വാസികൾക്കും മാർഗനിർദേശങ്ങളും പിന്തുണയും നൽകി. കെ.ആർ.എൽ.സി.സി പ്രസിഡന്റ്, കെ.ആർ.എൽ.സി.ബി.സി പ്രസിഡന്റ്, പാസ്റ്ററൽ ഓറിയന്റേഷൻ സെന്റർ (പി.ഒ.സി) ഡയറക്ടർ, കേരള കാത്തലിക് ബിഷപ്സ് കൗൺസിൽ (കെ.സി.ബി.സി) ഡെപ്യൂട്ടി സെക്രട്ടറി ജനറൽ എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്.