സ്വകാര്യ ഹജ്ജ് ക്വാട്ട പ്രഖ്യാപിച്ചു; കേരളത്തില്‍ നിന്ന് 67 ഗ്രൂപ്പുകള്‍ക്ക് അവസരം

Share our post

കോഴിക്കോട് :സ്വകാര്യ ഹജ്ജ് ഗ്രൂപ്പുകള്‍ക്കുള്ള ഈ വര്‍ഷത്തെ ഹജ്ജ് ക്വാട്ട കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം പ്രഖ്യാപിച്ചു. കഴിഞ്ഞ വര്‍ഷത്തേതു പോലെ സ്വകാര്യ ഗ്രൂപ്പുകളെ രണ്ട് വിഭാഗമാക്കി തിരിച്ചാണ് ഈ വര്‍ഷവും ക്വാട്ട വിതരണം ചെയ്തത്.

വിവിധ സംസ്ഥാനങ്ങളില്‍ നിന്നും മറ്റുമായി അപേക്ഷിച്ച 834 സ്വകാര്യ ഗ്രൂപ്പുകളില്‍ 564 ഗ്രൂപ്പുകളെ മാത്രമേ ക്വാട്ടക്കായി ഈ വര്‍ഷം പരിഗണിച്ചുള്ളൂ. 270 ഗ്രൂപ്പുകളെ അയോഗ്യരാക്കി. കേരളത്തില്‍ നിന്ന് 67 ഗ്രൂപ്പുകള്‍ക്കാണ് രണ്ട് വിഭാഗങ്ങളിലായി ക്വാട്ട ലഭിച്ചത്.

രണ്ട് ഘട്ടങ്ങളായി നടന്ന ക്വാട്ട വീതംവെപ്പില്‍ ആദ്യ വിഭാഗത്തിലെ ഓരോ ഗ്രൂപ്പുകള്‍ക്കും 101 വീതം ആദ്യ ഘട്ടത്തില്‍ വിതരണം ചെയ്തു. രണ്ടാമത്തെ വിഭാഗത്തിന് 50 വീതവും നല്‍കി. ഇത് പ്രകാരം മൊത്തം 34,830 സീറ്റുകളാണ് ആദ്യ ഘട്ടത്തില്‍ വിതരണം ചെയ്തത്. സ്വകാര്യ ഗ്രൂപ്പുകള്‍ക്കുള്ള മൊത്തം ക്വാട്ടയായ 35,005 സീറ്റുകളില്‍ ബാക്കി വന്ന 175 സീറ്റുകളിലേക്ക് നറുക്കെടുപ്പ് നടത്തി ഈ സീറ്റുകളും വിതരണം ചെയ്തു.

ഇതുപ്രകാരം ആദ്യ വിഭാഗത്തില്‍പ്പെട്ട ഗ്രൂപ്പുകള്‍ക്ക് 84ഉം രണ്ടാം വിഭാഗത്തില്‍പ്പെട്ട ഗ്രൂപ്പുകള്‍ക്ക് 91ഉം സീറ്റുകള്‍ കൂടി ലഭിച്ചു. ആദ്യ വിഭാഗത്തില്‍പ്പെട്ട സ്വകാര്യ ഹജ്ജ് ഗ്രൂപ്പുകള്‍ക്ക് മൊത്തം 13,214 സീറ്റുകള്‍ ലഭിച്ചപ്പോള്‍ രണ്ടാം വിഭാഗത്തില്‍പ്പെട്ട ഗ്രൂപ്പുകള്‍ക്ക് 21,791 സീറ്റുകള്‍ ലഭ്യമായി. നറുക്കെടുപ്പ് കൂടി പൂര്‍ത്തിയായപ്പോള്‍ കേരളത്തില്‍ നിന്നുള്ള സ്വകാര്യ ഹജ്ജ് ഗ്രൂപ്പുകള്‍ക്ക് ലഭിച്ച മൊത്തം സീറ്റ് 4,134 ആണ്. ആദ്യ വിഭാഗത്തില്‍ 184 അപേക്ഷകളും രണ്ടാം വിഭാഗത്തില്‍ 650 അപേക്ഷകളുമാണ് കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയത്തിന് ലഭിച്ചത്. ഇതില്‍ ആദ്യ വിഭാഗത്തില്‍ നിന്ന് 130 ഗ്രൂപ്പുകളെയും രണ്ടാം വിഭാഗത്തില്‍ നിന്ന് 434 ഗ്രൂപ്പുകളെയുമാണ് ക്വാട്ടക്കായി പരിഗണിച്ചത്.

അയോഗ്യരാക്കപ്പെട്ടവര്‍ക്ക് കാരണങ്ങള്‍ ചൂണ്ടിക്കാട്ടി കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയത്തില്‍ നിന്ന് കത്തയക്കും. ഇവര്‍ക്ക് ഇവരുടെ ഭാഗം വിശദീകരിക്കാന്‍ ഈ മാസം 20ന് വൈകിട്ട് അഞ്ച് വരെ അവസരം നല്‍കിയിട്ടുണ്ട്. ഇതിനായി മൂന്നംഗ കമ്മിറ്റിയെ നിയമിച്ചു. ഈ കമ്മിറ്റി മൂന്നാഴ്ചക്കുള്ളില്‍ തീരുമാനമെടുക്കും.

ആദ്യ വിഭാഗത്തില്‍പ്പെടുന്ന ഗ്രൂപ്പുകള്‍ മൂന്ന് ഹജ്ജ് യാത്ര സംഘടിപ്പിച്ചവരും അഞ്ച് കോടി വിറ്റുവരവുള്ളവരും ആയിരിക്കണം. രണ്ടാം വിഭാഗത്തില്‍പ്പെടുന്ന ഗ്രൂപ്പുകള്‍ രണ്ട് ഹജ്ജ് യാത്ര സംഘടിപ്പിച്ചവരും മൂന്ന് ഉംറ നടത്തിയവരും 1.5 കോടി വിറ്റുവരവുള്ളവരും ആയിരിക്കണം. ഇത് സംബന്ധിച്ച് സ്വകാര്യ ഹജ്ജ് നയം കഴിഞ്ഞ ഡിസംബറില്‍ കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം പ്രഖ്യാപിച്ചിരുന്നു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!