ഭക്ഷ്യ ഉല്‍പന്നങ്ങള്‍ വീടുകളില്‍ എത്തിക്കാന്‍ റെയ്ഡ്‌കോ

Share our post

കണ്ണൂർ: കുറഞ്ഞ നിരക്കില്‍ ഭക്ഷ്യ ഉത്പന്നങ്ങള്‍ വീടുകളില്‍ എത്തിക്കാന്‍ പദ്ധതിയുമായി റെയ്ഡ്‌കോ. വിപണി വിപുലീകരിക്കുകയും മായമില്ലാത്തതും ഗുണമേന്മയുള്ളതുമായ ഉല്‍പന്നങ്ങള്‍ കേരളത്തിലെ എല്ലാ വീടുകളിലും എത്തിക്കുകയുമാണ് ലക്ഷ്യം. ഇതിലൂടെ 5000 പേര്‍ക്ക് തൊഴില്‍ ലഭ്യമാകും. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മാര്‍ച്ച് അഞ്ചിന് രാവിലെ പത്ത് മണിക്ക് മാവിലായി കറി പൗഡര്‍ ഫാക്ടറി അങ്കണത്തില്‍ എം.വി. ഗോവിന്ദന്‍ എം.എല്‍.എ നിര്‍വഹിക്കും. മുന്‍ എം.എല്‍.എ എം.വി. ജയരാജന്‍ അധ്യക്ഷത വഹിക്കും. റെയ്ഡ്‌കോ ചെയര്‍മാന്‍ എം. സുരേന്ദ്രന്‍ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.

പെരളശ്ശേരി ഗ്രാമപഞ്ചായത്തിലാണ് പദ്ധതിക്ക് തുടക്കമിടുന്നത്. പിന്നീട് ജില്ല മുഴുവനും സംസ്ഥാനതലത്തിലും വ്യാപിപ്പിക്കും. ചാലോട് ഇരിക്കൂര്‍ റോഡില്‍ റെയ്ഡ്‌കോ സഹകരണ മെഡിക്കല്‍ സ്റ്റോറിന്റെ ഉദ്ഘാടനം മാര്‍ച്ച് ആറിന് വൈകിട്ട് 3.30ന് നിയമസഭാ സ്പീക്കര്‍ എ.എന്‍. ഷംസീര്‍ നിര്‍വഹിക്കും. മരുന്നുകള്‍ക്ക് പത്ത് ശതമാനം ഡിസ്‌കൗണ്ട് ലഭിക്കും. അലോപ്പതി, ആയുര്‍വേദം, ഹോമിയോ ക്ലിനിക്കുകളുടെ സേവനവും മരുന്നുകളും ഇവിടെ ലഭ്യമാക്കും.

കണ്ണോത്തുംചാല്‍ യൂണിറ്റില്‍ പുതുതായി ആരംഭിക്കുന്ന അഗ്രോ സര്‍വീസ് സെന്ററിന്റെ ഉദ്ഘാടനം മാര്‍ച്ച് 11ന് രാവിലെ ഒമ്പത് മണിക്ക് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ് നിര്‍വഹിക്കും. രജിസ്‌ട്രേഷന്‍, മ്യൂസിയം, പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി അധ്യക്ഷത വഹിക്കും. മേയര്‍ മുസ്‌ലിഹ് മഠത്തില്‍ മുഖ്യാതിഥിയാകും.

റെയ്ഡ്‌കോ ഫെസിലിറ്റി സെന്റര്‍, കാര്‍ഷിക – ഭൂവികസന യന്ത്രോപകരണങ്ങളുടെ പ്രദര്‍ശനം, റിപ്പയറിംഗ്, മെയിന്റനന്‍സ് വിപണനം, നഴ്സറി ഇനങ്ങള്‍, പ്രസിഷന്‍ ഫാമിംഗ്, ഹൈട്ടെക്ക് കൃഷി സംവിധാനങ്ങള്‍, ലാന്‍ഡ് സ്‌കേപ്പിംഗ്, നാട്ടില്‍ ലഭ്യമാകുന്ന കാര്‍ഷിക ഉത്പന്നങ്ങളുടെ വിപണനം, വിത്തുകള്‍, ജൈവ വളം, ജൈവ കീടനാശിനി, വിവിധ മാലിന്യ സംസ്‌കരണ ഉപാധികളുടെ പ്രദര്‍ശനം, വില്‍പന, സ്ഥാപിച്ചു നല്‍കല്‍, വെല്‍ഡിംഗ് പ്രവൃത്തികള്‍ തുടങ്ങിയവയാണ് സംരംഭത്തിന്റെ ലക്ഷ്യം.
വാര്‍ത്താ സമ്മേളനത്തില്‍ റെയ്ഡ്‌കോ സി.ഇ.ഒ വി. രതീശന്‍, മാനേജര്‍ എം.പി. മനോജ്, മാവിലായി ഫാക്ടറി മാനേജര്‍ എം.കെ. രാഹേഷ് എന്നിവര്‍ പങ്കെടുത്തു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!